- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെന്നൈ ഗുജറാത്തിനോട് തോറ്റതോടെ ഐപിഎല്ലിൽ പോരാട്ടം കടുക്കും
മുംബൈ: ഐപിഎല്ലിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ പോയിന്റ് പട്ടികയിൽ ഏറ്റവും താഴെയായിരുന്ന ഗുജറാത്ത് ടൈറ്റൻസിനോട് ചെന്നൈ സൂപ്പർ കിങ്‌സ് പരാജയപ്പെട്ടതോടെ പ്ലേ ഓഫിനായുള്ള പോരാട്ടം കടുപ്പിക്കാൻ മുൻനിര ടീമുകൾ. ടൂർണമെന്റിലെ 10 ടീമുകളിൽ മുംബൈ ഇന്ത്യൻസിന്റെയും പഞ്ചാബ് കിങ്‌സിന്റെയും ചീട്ട് കീറിക്കഴിഞ്ഞു. ഇനി ബാക്കിയുള്ളത് എട്ടു ടീമുകളാണ്. ഇവരിൽ നിന്നും നാലു പേരായിരിക്കും പ്ലേഓഫിലുണ്ടാവുക. അഞ്ചു തവണ ജേതാക്കളായ മുംബൈ ഇന്ത്യൻസാണ് ആദ്യം പുറത്തായത്. അതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം പഞ്ചാബ് കിങ്സിന്റെയും വഴിയടഞ്ഞു. ഡു ഓർ ഡൈ മൽസരത്തിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനോടു 60 റൺസിന്റെ വൻ പരാജയം നേരിട്ടതോടെയാണ് പഞ്ചാബും പുറത്തായത്.
ലീഗ് ഘട്ടത്തിൽ ഇനി ബാക്കിയുള്ളത് വെറും 11 മൽസരങ്ങൾ മാത്രമാണ്. ഇവയുടെ ഫലങ്ങളായിരിക്കും പ്ലേഓഫിലെ ടീമുകളെ തീരുമാനിക്കുക. ഇനിയുള്ള ഓരോ മൽരം കഴിയുന്തോറും ടോപ്പ് ഫോറിലെ ടീമുകളിൽ മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കും. ഗുജറാത്ത് ടൈറ്റൻസിനോട് തോൽവി വഴങ്ങിയതോടെ ചെന്നൈ സൂപ്പർ കിങ്‌സിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾക്കും കനത്ത തിരിച്ചടിയേറ്റു. അവശേഷിക്കുന്ന എട്ട് ടീമുകളുടെ പ്ലേ ഓഫിലെത്താനുള്ള സാധ്യതകൾ എങ്ങനെയെന്ന് നോക്കാം.
ഒന്നാമതെത്താൻ കൊൽക്കത്ത
പതിനൊന്ന് മത്സരങ്ങളിൽ 16 പോയന്റും 1.453 നെറ്റ് റൺറേറ്റുമുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സാണ് 99 ശതമാനം പ്ലേ ഓഫ് ഉറപ്പിച്ചുവെന്ന് പറയാവുന്ന ആദ്യ ടീം. ഇന്ന് മുംബൈ ഇന്ത്യൻസിനെതിരെ അടക്കം മൂന്ന് മത്സരങ്ങളാണ് ഇനി കൊൽക്കത്തക്ക് ബാക്കിയുള്ളത്. ഇന്ന് മുംബൈയെ തോൽപ്പിച്ചാൽ കൊൽക്കത്ത പ്ലേ ഓഫിലെത്തും. മുംബൈക്ക് പുറമെ നേരിയ പ്ലേ ഓഫ് പ്രതീക്ഷയുള്ള ഗുജറാത്ത് ടൈറ്റൻസും രണ്ടാം സ്ഥാനത്തുള്ള രാജസ്ഥാൻ റോയൽസുമാണ് കൊൽക്കത്തയുടെ എതിരാളികൾ. കൊൽക്കത്ത-രാജസ്ഥാൻ മത്സരത്തിലെ വിജയികളായിരിക്കും പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യുക എന്നാണ് കരുതുന്നത്.
ക്വാളിഫയർ ബർത്തിനായി രാജസ്ഥാനും
കൊൽക്കത്തയുടേതുപോലെ 11 കളികളിൽ 16 പോയന്റുള്ള രാജസ്ഥാൻ നെറ്റ് റൺറേറ്റിലാണ്(0.476) കൊൽക്കത്തക്ക് പിന്നിലായത്. മൂന്ന് മത്സരങ്ങൾ ബാക്കിയുള്ള രാജസ്ഥാൻ 98 ശതമാനം പ്ലേ ഓഫ് ഉറപ്പിച്ചുവെന്ന് പറയാം. പ്ലേ ഓഫ് പ്രതീക്ഷയുള്ള ചെന്നൈ സൂപ്പർ കിങ്‌സ് ഇന്നലെ ഗുജറാത്തിനോട് അപ്രതീക്ഷിത തോൽവി വഴങ്ങിയത് രാജസ്ഥാന് ഗുണകരമായി. പ്ലേ ഓഫിലെത്താതെ പുറത്തായ പഞ്ചാബ് കിങ്‌സ്, ഒന്നാമതുള്ള കൊൽക്കത്ത പ്ലോ ഓഫിലെത്താൻ പൊരുതുന്ന ചെന്നൈ ടീമുകളാണ് രാജസ്ഥാന്റെ ഇനിയുള്ള എതിരാളികൾ. ഇതിൽ ഒരു മത്സരം ജയിച്ചാലും രാജസ്ഥാൻ പ്ലേ ഓഫിലെത്തും. രണ്ട് മത്സരങ്ങൾ രാജസ്ഥാന്റെ ഹോം ഗ്രൗണ്ടായ ഗുവാഹത്തിയിലും ഒരു മത്സരം ചെന്നൈയുടെ ഹോം ഗ്രൗണ്ടായ ചെപ്പോക്കിലുമാണ്.
റൺമല കടന്ന് ഹൈദരാബാദ്
ലഖ്‌നൗവിനെ തകർത്തതോടെ ചെന്നൈയെ മറികടന്ന് മൂന്നാം സ്ഥാനത്തെത്തിയ ഹൈദരാബാദാണ് പ്ലേ ഓഫിന് അടുത്തെത്തിയ മറ്റൊരു ടീം. 12 കളികളിൽ 14 പോയന്റുള്ള ഹൈദരാബാദിന് ഇന്നലെ ചെന്നൈ ഗുജറാത്തിനോട് തോറ്റതോടെ പ്ലേ ഓഫിലെത്താൻ 85 ശതമാനം സാധ്യതയാണുള്ളത്. ലഖ്‌നൗവിനെ 10 ഓവറിനുള്ളിൽ തകർത്ത ഹൈരദാബാദ് നെറ്റ് റൺറേറ്റിൽ(+0.406) ഇപ്പോഴും ചെന്നൈക്ക്(0.491) പിന്നിലാണെന്നത് മാത്രമാണ് ഏക തിരിച്ചടി. അവസാന രണ്ട് മത്സരങ്ങളിൽ പ്ലേ ഓഫിലെത്താതെ പുറത്തായ പഞ്ചാബ് കിങ്‌സും നേരിയ പ്ലേ ഓഫ് പ്രതീക്ഷയുള്ള ഗുജറാത്തുമാണ് എതിരാളികൾ എന്നതും ഹൈദരാബാദിന് അനുകൂല ഘടകമാണ്.
ചെന്നൈ പിന്നോട്ട്
ആദ്യ മൂന്ന് സ്ഥാനക്കാർ കഴിഞ്ഞാൽ പ്ലേ ഓഫിലെത്താൻ സാധ്യത കൂടുതലുള്ള ടീം ഇപ്പോഴും നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സാണ്. പക്ഷെ ഇന്നലെ ഗുജറാത്തിനോട് അപ്രതീക്ഷിത തോൽവി വഴങ്ങിയത് പ്ലേ ഓഫിലെത്താനുള്ള ചെന്നൈയുടെ സാധ്യതകൾ 40 ശതമാനമായി കുറച്ചു. 12 മത്സരങ്ങളിൽ 12 പോയന്റുമായി നാലാം സ്ഥാനത്തുള്ള ചെന്നൈക്ക് മുന്നിലുള്ള ഹൈദരാബാദിനെക്കാളും പിന്നിലുള്ള ഡൽഹി, ലഖ്‌നൗ ടീമുകളെക്കാളും മികച്ച നെറ്റ് റൺറേറ്റുണ്ടെന്നത് അനുകൂല ഘടകമാണ്. പ്ലേ ഓഫിലെത്താൻ ജീവന്മരണ പോരാട്ടം നടത്തുന്ന ആർസിബിയും രണ്ടാം സ്ഥാനത്തുള്ള രാജസ്ഥാൻ റോയൽസുമാണ് ചെന്നൈയുടെ ഇനിയുള്ള എതിരാളികൾ. രണ്ട് കളികളും ജയിച്ചാൽ മാത്രമെ ചെന്നൈക്ക് പ്ലേ ഓഫ് ഉറപ്പിക്കാനാവു.
കുതിച്ചുയർന്ന് ഡൽഹി
കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ തോൽപ്പിച്ചതോടെ 12 പോയന്റുമായി പോയന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് കയറിയ ഡൽഹി ക്യാപിറ്റൽസിന് ഇന്നലെ ചെന്നൈ തോറ്റതോടെ പ്ലേ ഓഫിലെത്താൻ 34 ശതമാനം സാധ്യതയായി. അവസാന രണ്ട് മത്സരങ്ങളും ജയിച്ചാൽ ഡൽഹിക്ക് പ്ലേ ഓഫിൽ കണ്ണുവെക്കാം. ഇതിൽ ആർസിബിയും ലഖ്‌നൗവുമാണ് ഡൽഹിയുടെ എതിരാളികൾ. ആർസിബിക്കെതിരെ എവേ മത്സരവും ലഖ്‌നൗവിനെതിരെ ഹോം മത്സരവുമാണ് ഡൽഹിക്കുള്ളത്. ഈ രണ്ട് കളികൾ ജയിച്ചാൽ മാത്രം പോരാ, ചെന്നൈ സൂപ്പർ കിങ്‌സും ലഖ്‌നൗ സൂപ്പർ ജയന്റ്‌സും ഇനിയുള്ള മത്സരങ്ങൾ തോൽക്കുകയും ചെയ്താലെ ഡൽഹിക്ക് സാധ്യതയുള്ളു.
പ്രതീക്ഷ കൈവിടാതെ ലഖ്‌നൗ
ഹൈദരാബാദിനോട് വമ്പൻ തോൽവി വഴങ്ങിയതോടെ ലഖ്‌നൗവിന്റെ പ്ലേ ഓഫ് സാധ്യതകൾക്ക് കനത്ത തിരിച്ചടിയേറ്റെങ്കിലും ഇന്നലെ ചെന്നൈ തോറ്റതോടെ ലഖ്‌നൗവിനും പ്രതീക്ഷ കൂടി 12 കളികളിൽ 12 പോയന്റുമായി പോയന്റ് പട്ടികയിൽ ആറാമതാണ് നിലവിൽ ലഖ്‌നൗ. ലഖ്‌നൗവിന് പ്ലേ ഓഫിലെത്താൻ 31ശതമാനം സാധ്യതയെ അവശേഷിക്കുന്നുള്ളു. അവസാന രണ്ട് കളികളിൽ ജയിച്ചാൽ ലഖ്‌നൗവിന് പ്ലേ ഓഫിൽ പ്രതീക്ഷ വെക്കാമെങ്കിലും അതിനൊപ്പം ചെന്നൈ സൂപ്പർ കിങ്‌സ് തോൽക്കുകയും വേണം. ഡൽഹി ക്യാപിറ്റൽസും മുംബൈ ഇന്ത്യൻസുമാണ് ലഖ്‌നൗവിന്റെ അവസാന രണ്ട് മത്സരങ്ങളിലെ എതിരാളികൾ. രണ്ടും എവേ മത്സരങ്ങളാണെന്നതും തിരിച്ചടിയാകും.
വമ്പൻ തിരിച്ചുവരവുമായി ആർസിബി
ആദ്യ ആറ് ടീമുകൾ കഴിഞ്ഞാൽ അത്ഭുതം സംഭവിച്ചാൽ മാത്രം പ്ലേ ഓഫ് സാധ്യതയുള്ള ടീമാണ് ആർസിബി. 12 കളികളിൽ 10 പോയന്റുള്ള ആർസിബിക്ക് ഒമ്പത് ശതമാനം പ്ലേ ഓഫ് സാധ്യതയാണ് അവശേഷിക്കുന്നത്. അവശേഷിക്കുന്ന രണ്ട് മത്സരങ്ങളും ജയിക്കുകയും എതിരാളികളുടെ മത്സരഫലം അനുകൂലമാകുകയും ചെയ്താൽ മാത്രമെ ആർസിബിക്ക് എന്തെങ്കിലും സാധ്യതയുള്ളു. പ്ലേ ഓഫ് പ്രതീക്ഷയുള്ള ഡൽഹി ക്യാപിറ്റൽസ്, ചെന്നൈ സൂപ്പർ കിങ്‌സ് എന്നിവരാണ് ആർസിബിയുടെ അവസാന രണ്ട് മത്സരങ്ങളിലെ എതിരാളികൾ. ഇതിൽ ചെന്നൈക്കും ഡൽഹിക്കുമെതിരെ ഹോം മാച്ചുകളാണെന്ന ആനുകൂല്യമുണ്ട്.
തുലാസിൽ ഗുജറാത്ത്
ആർസിബിയുടെ സമാന അവസ്ഥയിലാണ് 12 കളികളിൽ 10 പോയന്റുള്ള ഗുജറാത്ത് ടൈറ്റൻസും. ഇന്നലെ ചെന്നൈയെ വീഴ്‌ത്തിയതോടെ ഗുജറാത്തിന്റെ പ്ലേ ഓഫ് സാധ്യത നാല് ശതമാനമായി ഉയർന്നെങ്കിലും അവസാന രണ്ട് കളികളിൽ ജയിക്കുകയും എതിരാളികളുടെ മത്സരഫലവും അനുകൂലമാകുകയും ചെയ്താലെ ഗുജറാത്ത് പ്ലേ ഓഫിലെത്തു. കരുത്തരായ കൊൽക്കത്തയും ഹൈദരാബാദുമാണ് ഗുജറാത്തിന്റെ അവസാന മത്സരങ്ങളിലെ എതിരാളികൾ. മുംബൈ ഇന്ത്യൻസും പഞ്ചാബ് കിങ്‌സുമാണ് ഓദ്യോഗികമായി പ്ലേ ഓഫിലെത്താതെ പുറത്തായ രണ്ട് ടീമുകൾ.