ലണ്ടൻ: ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിക്കാൻ ഒരുങ്ങി ഇംഗ്ലിഷ് ക്രിക്കറ്റ് ഇതിഹാസം ജയിംസ് ആൻഡേഴ്‌സൻ. ജൂലൈ 10 മുതൽ വെസ്റ്റിൻഡിസിനെതിരെ ലോർഡ്‌സിൽ നടക്കുന്ന ഒന്നാം ക്രിക്കറ്റ് തന്റെ കരിയറിലെ അവസാന ടെസ്റ്റായിരിക്കുമെന്ന് ആൻഡേഴ്‌സൻ വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ആൻഡേഴ്‌സൻ വിരമിക്കൽ പ്രഖ്യാപിച്ചത്. ഇതോടെ, 21 വർഷം നീണ്ട ചരിത്രപരമായ കരിയറിനാണ് 41കാരനായ ആൻഡേഴ്‌സൻ തിരശീലയിടുന്നത്.

ടെസ്റ്റ് ക്രിക്കറ്റിൽ 700 വിക്കറ്റ് നേട്ടം കൈവരിക്കുന്ന ആദ്യ പേസ് ബോളർ എന്ന റെക്കോർഡ് ആൻഡേഴ്‌സന്റെ പേരിലാണ്. സ്പിൻ ഇതിഹാസങ്ങളായ മുത്തയ്യ മുരളീധരൻ, ഷെയ്ൻ വോൺ എന്നിവർക്കു ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ 700 വിക്കറ്റ് നേട്ടം കൈവരിക്കുന്ന ആദ്യ താരം കൂടിയാണ് ആൻഡേഴ്‌സൻ. രാജ്യാന്തര ക്രിക്കറ്റിൽ എല്ലാ ഫോർമാറ്റിലുമായി 400 മത്സരങ്ങൾ കളിച്ച ആൻഡേഴ്‌സൻ, ഇതിനകം 987 വിക്കറ്റുകളും സ്വന്തമാക്കി. ഇക്കാര്യത്തിൽ പേസ് ബോളർമാർക്കിടയിൽ ഒന്നാമൻ ആൻഡേഴ്‌സനാണ്.

ഇതുവരെ 187 ടെസ്റ്റുകളിൽ നിന്നായി 700 വിക്കറ്റുകളാണ് ആൻഡേഴ്‌സന്റെ സമ്പാദ്യം. ഇതിൽ 32 അഞ്ച് വിക്കറ്റ് നേട്ടങ്ങളും മൂന്ന് 10 വിക്കറ്റ് നേട്ടങ്ങളും ഉൾപ്പെടുന്നു. 42 റൺസ് വഴങ്ങി ഏഴു വിക്കറ്റ് വീഴ്‌ത്തിയതാണ് ഒരു ഇന്നിങ്‌സിലെ മികച്ച പ്രകടനം. 71 റൺസ് വഴങ്ങി 11 വിക്കറ്റെടുത്തത് മത്സരത്തിലെ മികച്ച പ്രകടനവും. ഇതിനു പുറമേ 194 ഏകദിനങ്ങളിൽ നിന്നായി 269 വിക്കറ്റുകളും 19 ട്വന്റി20 മത്സരങ്ങളിൽ നിന്നായി 18 വിക്കറ്റുകളും വീഴ്‌ത്തിയിട്ടുണ്ട്.

വെസ്റ്റ് ഇൻഡീസിനെതിരെ 2024 ജൂലൈ 10ന് ലോർഡ്സിൽ ആരംഭിക്കുന്ന ഒന്നാം ടെസ്റ്റോടെ രണ്ട് പതിറ്റാണ്ട് നീണ്ട രാജ്യാന്തര കരിയറിന് തിരശ്ശീലയിടുമെന്ന് 41 വയസുകാരനായ ജയിംസ് ആൻഡേഴ്സൺ സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചു. 2003 മെയ് 22ന് സിംബാബ്വെക്കെതിരെ കളിച്ച് ജിമ്മി ടെസ്റ്റ് അരങ്ങേറ്റം കുറിച്ച മൈതാനമാണ് ലോർഡ്സ്.

വരുന്ന സമ്മർ സീസണിന്റെ തുടക്കത്തിൽ ജിമ്മി ആൻഡേഴ്സൺ വിരമിക്കുമെന്ന സൂചന ഇന്നലെ പുറത്തുവന്നിരുന്നു. എന്നാൽ തിയതിയും വേദിയും എതിരാളികളെയും അറിയിച്ചുകൊണ്ട് ജിമ്മി തന്നെ ആരാധകരെ കരിയറിലെ അവസാന ടെസ്റ്റിന് ക്ഷണിച്ചിരിക്കുകയാണ്. ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളുടെ ഗണത്തിൽപ്പെടുന്ന ആൻഡേഴ്സൺ വിക്കറ്റ് വേട്ടയിൽ മുത്തയ്യ മുരളീധരനും ഷെയ്ൻ വോണിനും പിന്നിൽ മൂന്നാംസ്ഥാനം അലങ്കരിക്കുന്ന താരമാണ്. 187 ടെസ്റ്റുകളിൽ 700 വിക്കറ്റുകൾ ആൻഡേഴ്സൺ വീഴ്‌ത്തി. അവസാന ടെസ്റ്റിൽ 9 വിക്കറ്റുകൾ തന്റെ പേരിനൊപ്പം ചേർത്താൽ വോണിന്റെ 708 വിക്കറ്റുകളുടെ റെക്കോർഡ് ജയിംസ് ആൻഡേഴ്സണിന് തകർക്കാം.

'രാജ്യത്തെ 20 വർഷം പ്രതിനിധീകരിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്, ഇംഗ്ലണ്ട് ടീമിനെ ഏറെ മിസ് ചെയ്യും. എന്നാൽ എനിക്ക് ലഭിച്ചത് പോലെ മറ്റുള്ളവർക്കും അവസരങ്ങൾ കിട്ടാൻ ഉചിതമായ തീരുമാനമെടുക്കാനുള്ള സമയമാണിത്' എന്നും ജയിംസ് ആൻഡേഴ്സൺ വിരമിക്കൽ പ്രഖ്യാപന കുറിപ്പിൽ എഴുതി. ജയിംസ് ആൻഡേഴ്സണും വിരമിക്കുന്നതോടെ ജിമ്മി-ബ്രോഡ് സുവർണതലമുറയ്ക്കും വിരാമമാകും. മറ്റൊരു ഇതിഹാസ ഇംഗ്ലീഷ് പേസറായ സ്റ്റുവർട്ട് ബ്രോഡ് കഴിഞ്ഞ വർഷം വിരമിച്ചിരുന്നു.