ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗ് കരിയറിൽ ഒരു സീസണിലെ തന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത ടോട്ടൽ മറികടന്ന് രാജസ്ഥാൻ റോയൽസിന്റെ മലയാളി നായകൻ സഞ്ജു സാംസൺ. ചെപ്പോക്കിൽ സിഎസ്‌കെയ്ക്ക് എതിരെ ഇറങ്ങുമ്പോൾ ഈ സീസണിൽ 471 റൺസായിരുന്നു സഞ്ജുവിനുണ്ടായിരുന്നത്. ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ 19 പന്തുകളിൽ 15 റൺസ് നേടി പുറത്തായെങ്കിലും ഈ സീസണിലെ റൺ സമ്പാദ്യം 486ലെത്തിച്ച സഞ്ജു 2021ലെ 484 റൺസിന്റെ സ്വന്തം റെക്കോർഡ് തകർത്തു.

2013ൽ ഐപിഎൽ അരങ്ങേറ്റം കുറിച്ച സഞ്ജു ഇതുവരെ ഒരു സീസണിൽ നേടിയിരുന്ന ഉയർന്ന ടോട്ടൽ 2021ൽ പതിനാല് മത്സരങ്ങളിൽ പേരിലാക്കിയ 484 റൺസായിരുന്നു. 2013ൽ 11 മത്സരങ്ങളിൽ 206 ഉം, 2014ൽ 13 മത്സരങ്ങളിൽ 339 ഉം, 2015ൽ 14 മത്സരങ്ങളിൽ 204 ഉം, 2016ൽ 14 മത്സരങ്ങളിൽ 291 ഉം, 2017ൽ 14 മത്സരങ്ങളിൽ 386 ഉം, 2018ൽ 15 മത്സരങ്ങളിൽ 441 ഉം, 2019ൽ 12 മത്സരങ്ങളിൽ 342 ഉം, 2020ൽ 14 മത്സരങ്ങളിൽ 375 ഉം, 2021ൽ 14 മത്സരങ്ങളിൽ 484, 2022ൽ 17 മത്സരങ്ങളിൽ 458 ഉം, 2023ൽ 14 മത്സരങ്ങളിൽ 362 ഉം റൺസാണ് ഓരോ ഐപിഎൽ സീസണിലും സഞ്ജു സാംസൺ നേടിയത്.

അതേ സമയം പ്ലേ ഓഫ് ഉറപ്പിക്കാനിറങ്ങിയ രാജസ്ഥാൻ റോയൽസിന് ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ വലിയ സ്‌കോർ നേടാനായില്ല. ചെന്നൈയിൽ നടന്ന മത്സരത്തിൽ യശസ്വി ജയ്‌സ്വാളും ജോസ് ബട്‌ലറും സഞ്ജു സാംസണും നിറം മങ്ങിയതോടെ രാജസ്ഥാന് നിശ്ചിത 20 ഓവറിൽ 141-5 എന്ന സ്‌കോറിലെത്താനേ കഴിഞ്ഞുള്ളൂ. റിയാൻ പരാഗ്, ധ്രുവ് ജൂരെൽ എന്നിവരുടെ പോരാട്ടമാണ് റോയൽസിനെ മെല്ലെപ്പോക്കിന് ശേഷം കാത്തത്. ചെന്നൈക്കായി പേസർമാരായ സിമർജീത് സിങ് നാലോവറിൽ 26 റൺസിന് മൂന്നും, തുഷാർ ദേശ്പാണ്ഡെ 30 റൺസിന് രണ്ടും വിക്കറ്റ് വീതം വീഴ്‌ത്തി.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് റോയൽസിന് ശുഭകരമായിരുന്നില്ല കാര്യങ്ങൾ. സാവധാനം കളിച്ചുതുടങ്ങിയ ഓപ്പണർമാരായ യശസ്വി ജയ്‌സ്വാളും ജോസ് ബട്‌ലറും പവർപ്ലേയിൽ 42 റൺസാണ് ചേർത്തത്. പിന്നാലെ ജയ്‌സ്വാളിനെയും (21 പന്തിൽ 24), ബട്‌ലറെയും (25 പന്തിൽ 21) മടക്കി പേസർ സിമർജീത് സിങ് രാജസ്ഥാന് ഇരട്ട പ്രഹരം നൽകി. ഓപ്പണർമാർ മടങ്ങുമ്പോൾ 8.1 ഓവറിൽ 49-2 എന്ന നിലയിലായിരുന്നു രാജസ്ഥാൻ റോയൽസ്. മൂന്നാം വിക്കറ്റിൽ റിയാൻ പരാഗിനൊപ്പം ടീമിനെ 100 കടത്തും മുമ്പേ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണും മടങ്ങി. പന്തിലേക്ക് അനായാസം ബാറ്റ് കണക്ട് ചെയ്യാൻ സഞ്ജു സാംസൺ പാടുപെടുന്നത് ഇന്നിങ്‌സിലുടനീളം കണ്ടു.

15-ാം ഓവറിലെ രണ്ടാം പന്തിൽ സിമർജീത്തിന് മൂന്നാം വിക്കറ്റ് സമ്മാനിച്ച് സഞ്ജു സാംസൺ കൂടാരം കയറി. സിമറിന്റെ സ്ലോ ബോളിൽ അടി പിഴച്ചപ്പോൾ സഞ്ജു 19 പന്തുകളിൽ 15 റൺസുമായി മടങ്ങുകയായിരുന്നു. ഇതിനെല്ലാം ഒടുവിൽ റിയാൻ പരാഗും ധ്രുവ് ജൂരെലും 40 റൺസ് കൂട്ടുകെട്ടുമായി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും തുഷാർ ദേശ്പാണ്ഡെയുടെ അവസാന ഓവറിലെ ആദ്യ ബോളിൽ ജൂരെൽ (18 പന്തിൽ 28) മടങ്ങി. തൊട്ടടുത്ത പന്തിൽ ശുഭം ദുബെ ഗോൾഡൻ ഡക്കായി. 20 ഓവറും പൂർത്തിയാകുമ്പോൾ റിയാൻ പരാഗ് 35 പന്തിൽ 47* ഉം, രവിചന്ദ്രൻ അശ്വിൻ ഒരു പന്തിൽ 1* ഉം റൺസുമായി പുറത്താവാതെ നിന്നു.

ചെപ്പോക്കിലെ നിർണായക മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസൺ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. സീസണിലെ 11-ാം മത്സരത്തിലും സിഎസ്‌കെ ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്വാദിന് ടോസ് ഭാഗ്യമുണ്ടായില്ല. രാജസ്ഥാൻ നിരയിൽ ധ്രുവ് ജൂരെൽ മടങ്ങിയെത്തിയതും സിഎസ്‌കെയിൽ മിച്ചൽ സാന്റ്‌നർക്ക് പകരം മഹീഷ് തീക്ഷന കളിക്കുന്നതുമാണ് പ്ലേയിങ് ഇലവനിലെ മാറ്റങ്ങൾ.