- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹാർദികിനെ ടീമിലെടുത്തത് രോഹിതിനും അഗാർക്കറിനും താൽപര്യമില്ലാതെ
മുംബൈ: ഐപിഎൽ സീസണിൽ നായകൻ എന്ന നിലയിലും വ്യക്തിഗത പ്രകടനത്തിലും നിരാശപ്പെടുത്തിയ മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക്ക് പാണ്ഡ്യയെ ഇന്ത്യയുടെ ട്വന്റി 20 ലോകകപ്പ് സ്‌ക്വാഡിൽ ഉൾപ്പെടുത്തിയത് ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കും മുഖ്യ സെലക്ടർ അഗാർക്കറിനും താത്പ്പര്യമില്ലാതെയെന്ന് റിപ്പോർട്ടുകൾ. ജൂൺ ഒന്നിന് ആരംഭിക്കുന്ന പരമ്പരയ്ക്കായി 15 അംഗ സ്‌ക്വാഡിനെയാണ് പ്രഖ്യാപിച്ചത്. ദൈനിക് ജാഗ്രൻ എന്ന പത്രമാണ് ഇതു സംബന്ധിച്ച വാർത്തകൾ പുറത്തുവിട്ടത്.
ഒരു സമ്മർദ്ദത്തിന്റെ പേരിലാണ് താരത്തെ ടീമിൽ ഉൾപ്പെടുത്തിയത്. എന്നാൽ സമ്മർദ്ദത്തിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമല്ല. അതേ സമയം മുംബൈ ഇന്ത്യൻസ് ടീം മാനേജ്‌മെന്റിന്റെ സമ്മർദ്ദമാണോ ഹാർദിക്കിനെ ടീമിൽ എത്തിച്ചതെന്ന സംശയം നേരത്തെ ഉയർന്നിരുന്നു. രോഹിതിനെ നായക സ്ഥാനത്ത് നിന്നും നീക്കി ഹാർദികിനെ നായകനാക്കിയതിന് പിന്നിൽ ടീം മാനേജ്‌മെന്റിന്റെ താൽപര്യങ്ങളായിരുന്നു.
അപ്രതീക്ഷിതമായി രോഹിത് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ നയിക്കുമെന്ന തീരുമാനം ജയ് ഷാ പ്രഖ്യാപിച്ചതോടെ മുംബൈ ഇന്ത്യൻസ് അധികൃതരുടെ തീരുമാനം ആരാധകർ ചോദ്യം ചെയ്തിരുന്നു. ഇന്ത്യൻ ടീമിന്റെ നായകനെന്ന നിലയിൽ രോഹിതിന് കീഴിൽ ഉപനായകനായാണ് ഹാർദികിനെ ഉൾപ്പെടുത്തിയത്.
സ്‌ക്വാഡിൽ ഉൾപ്പെടുത്തിയെങ്കിലും താരത്തെ അവസാന ഇലവനിൽ ഉൾപ്പെടുത്തുന്ന കാര്യം ഉറപ്പില്ല. മുംബൈക്ക് വേണ്ടിയുള്ള ഹാർദിക്കിന്റെ പ്രകടനം അത്ര മികച്ചതല്ല. പന്തെറിയുന്നുണ്ടെങ്കിലും ഓരോ മത്സരങ്ങളിലും അധികം റൺസ് വഴങ്ങുന്നത് തലവേദനയാണ്. 12 മത്സരത്തിൽ നിന്ന് 200 റൺസാണ് താരം നേടിയത്. പരിക്കിൽ നിന്ന് അടുത്തിടെ മുക്തനായ താരം അന്താരാഷ്ട്ര തലത്തിൽ കളിക്കാൻ ഫിറ്റാണോ എന്ന കാര്യത്തിലും സംശയമുണ്ട്.
ടി20യിൽ നിന്ന് രോഹിത് ശർമ്മ വിരമിക്കുന്ന സാഹചര്യത്തിൽ ഹാർദിക് പാണ്ഡ്യയെ ആണ് ഭാവി ക്യാപ്റ്റനായി ബിസിസിഐ പരിഗണിക്കുന്നത്. നായകൻ എന്ന നിലയിൽ ഹാർദികിന്റെ പല തീരുമാനങ്ങളും സഹതാരങ്ങൾ പോലും ചോദ്യം ചെയ്യുന്ന സ്ഥിതിയിലേക്ക് എത്തിയിരുന്നു. അതേസമയം ഐപിഎല്ലിൽ മുംബൈ ടീമിലും എല്ലാം കാര്യങ്ങളും ശുഭമല്ല. ഹാർദിക്കിനെതിരെ രോഹിത് അടക്കമുള്ള മുതിർന്ന താരങ്ങൾ പരാതി പറഞ്ഞതായാണ് വിവരം. പ്ലേ ഓഫ് കാണാതെ മുംബൈ പുറത്താവുകയും ചെയ്തു.
രോഹിത്തിന് പുറമെ ജസ്പ്രീത് ബുമ്ര, സൂര്യകുമാർ യാദവ് എന്നിവരടക്കമുള്ള സീനിയർ താരങ്ങളാണ് ടീം മാനേജ്‌മെന്റിനോട് പരാതിപ്പെട്ടതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഹാർദ്ദിക്കിന്റെ ക്യാപ്റ്റൻസിയെക്കുറിച്ചുള്ള പരാതികളും ടീമിന്റെ മോശം പ്രകടനത്തിനുള്ള കാരണങ്ങളും ടീമിനെ എങ്ങനെയാണ് മുന്നോട്ട് നയിക്കേണ്ടത് എന്നതിനെക്കുറിച്ചുള്ള നിർദേശങ്ങളും ഇവർ മാനേജ്‌മെന്റിന് മുന്നിൽവെച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിനുശേഷം ടീം മാനേജ്‌മെന്റ് പ്രതിനിധികൾ സീനിയർ താരങ്ങളെ ഓരോരുത്തരെയുംവ്യക്തിപരമായി കണ്ട് അഭിപ്രായങ്ങളും നിർദേശങ്ങളും തേടിയിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലെ തോൽവിക്കുശേഷം ക്യാപ്റ്റൻ ഹാർദ്ദിക് പാണ്ഡ്യ യുവതാരം തിലക് വർമയെ കുറ്റപ്പെടുത്തി സംസാരിച്ചതും ടീം അംഗങ്ങൾ ചൂണ്ടിക്കാട്ടി. അക്‌സർ പട്ടേൽ പന്തെറിയുമ്പോൾ ക്രീസിലുണ്ടായിരുന്ന ഇടം കൈയൻ ബാറ്റർ ആക്രമിച്ചു കളിക്കേണ്ടതായിരുന്നുവെന്നും കളിയെക്കുറിച്ച് കുറച്ച് ധാരണയുള്ളവർ ചെയ്യുന്ന കാര്യമായിട്ടും തങ്ങൾക്കത് ചെയ്യാനായില്ലെന്നും മത്സരശേഷം ഹാർദ്ദിക് തിലക് വർമയുടെ പേരെടുത്ത് പറയാതെ കുറ്റപ്പെടുത്തിയിരുന്നു. അതാണ് മത്സരത്തിലെ തോൽവിക്ക് കാരണമെന്നും ഹാർദ്ദിക് പറഞ്ഞിരുന്നു.