ചെന്നൈ: ചെപ്പോക്കിലെ വേഗം കുറഞ്ഞ പിച്ചിൽ രാജസ്ഥാൻ റോയൽസിനെ എറിഞ്ഞൊതുക്കിയ ചെന്നൈ സൂപ്പർ കിങ്‌സ് നിർണായക മത്സരത്തിൽ അഞ്ച് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തി. രാജസ്ഥാൻ ഉയർത്തിയ 142 റൺസ് വിജയലക്ഷ്യം 18.2 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ മറികടന്നു. ജയത്തോടെ 13 കളികളിൽ നിന്ന് 14 പോയന്റുമായി ഋതുരാജും സംഘവും പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി.

ബൗളിങ്ങിനെ തുണയ്ക്കുന്ന പിച്ചിൽ നങ്കൂരമിട്ട് കളിച്ച ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദാണ് സൂപ്പർ കിങ്സിന്റെ വിജയശിൽപി. 41 പന്തുകൾ നേരിട്ട താരം രണ്ട് സിക്സും ഒരു ഫോറുമടക്കം 42 റൺസോടെ പുറത്താകാതെ നിന്നു. രചിൻ രവീന്ദ്ര (18 പന്തിൽ 27), ഡാരിൽ മിച്ചൽ (13 പന്തിൽ 22) എന്നിവരും ഭേദപ്പെട്ട സംഭാവനകൾ നൽകി. മോയിൻ അലി (10), ശിവം ദുബെ (18), രവീന്ദ്ര ജഡേജ (5) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ. ഇതിൽ ജഡേജ ഫീൽഡ് തടസപ്പെടുത്തിയ കുറ്റത്തിന് പുറത്താക്കുകയായിരുന്നു. സമീർ റിസ്വി 15 റൺസോടെ പുറത്താകാതെ നിന്നു. രാജസ്ഥാനു വേണ്ടി അശ്വിൻ രണ്ടു വിക്കറ്റ് വീഴ്‌ത്തി. തോറ്റങ്കിലും പോയിന്റ് പട്ടികയിൽ രണ്ടാമതുള്ളതിനാൽ രാജസ്ഥാൻ റോയൽസിന്റെ പ്ലേ ഓഫ് സാധ്യത അവസാനിച്ചിട്ടില്ല.

മറുപടി ബാറ്റിംഗിൽ ചെന്നൈ സൂപ്പർ കിങ്‌സ് മോശമല്ലാത്ത തുടക്കം നേടി. നാലാം ഓവറിൽ രചിൻ രവീന്ദ്രയെ (18 പന്തിൽ 27) സ്പിന്നർ രവിചന്ദ്ര അശ്വിൻ മടക്കുമ്പോൾ ടീം സ്‌കോർ 32 ഉണ്ടായിരുന്നു. ഇതിന് ശേഷം രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്വാദും ഡാരിൽ മിച്ചലും സിഎസ്‌കെയെ അനായാസം മുന്നോട്ട് നയിച്ചു. എട്ടാം ഓവറിൽ യൂസ്‌വേന്ദ്ര ചാഹലാണ് മിച്ചലിനെ (13 പന്തിൽ 22) എൽബിയിൽ മടക്കി ബ്രേക്ക് ത്രൂ നേടിയത്. ഇതിന് ശേഷം മൊയീൻ അലിയെ (13 പന്തിൽ 10) നാന്ദ്ര ബർഗറും, ശിവം ദുബെയെ (11 പന്തിൽ 18) അശ്വിനും മടക്കിയതോടെ ചെന്നൈക്ക് ജയിക്കാൻ 36 ബോളിൽ 35 റൺസ്.

ഗെയ്ക്വാദും രവീന്ദ്ര ജഡേജയും ക്രീസിൽ നിൽക്കേ ആവേഷ് ഖാൻ എറിഞ്ഞ 16-ാം ഓവറിൽ രവീന്ദ്ര ജഡേജ ഫീൽഡിങ് തടസപ്പെടുത്തി എന്ന കാരണത്താൽ പുറത്തായി. 7 പന്തിൽ 5 റൺസേ ജഡേജ നേടിയുള്ളൂ. രണ്ടാം റണ്ണിനായി ജഡ്ഡു ഓടുമ്പോൾ വിക്കറ്റ് കീപ്പറായ സഞ്ജു സാംസണിന്റെ ത്രോ തടസപ്പെടുത്തി എന്നാണ് മൂന്നാം അംപയർ കണ്ടെത്തിയത്. എന്നാൽ ഇപാക്ട് പ്ലെയറായി ഇറങ്ങിയ സമീർ റിസ്‌വിക്കൊപ്പം നായകൻ ഋതുരാജ് സിഎസ്‌കെയ്ക്ക് പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തുന്ന വിജയം സമാനിച്ചു. ഋതുരാജ് 41 പന്തിൽ 42* ഉം, സമീർ 8 പന്തിൽ 15* ഉം റൺസുമായും പുറത്താവാതെ നിന്നു.

നേരത്തെ, ടോസ് നേടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് റോയൽസ് സ്ലോ പിച്ചിൽ വിയർത്തു. ഓപ്പണർമാരായ യശസ്വി ജയ്‌സ്വാളും ജോസ് ബട്‌ലറും പവർപ്ലേയിൽ 42 റൺസാണ് ചേർത്തത്. പിന്നാലെ ജയ്‌സ്വാളിനെയും (21 പന്തിൽ 24), ബട്‌ലറെയും (25 പന്തിൽ 21) മടക്കി പേസർ സിമർജീത് സിങ് രാജസ്ഥാനെ പ്രതിസന്ധിയിലാക്കി. ഓപ്പണർമാർ മടങ്ങുമ്പോൾ 8.1 ഓവറിൽ 49 റൺസാണ് രാജസ്ഥാൻ റോയൽസിനുണ്ടായിരുന്നത്. മൂന്നാം വിക്കറ്റിൽ റിയാൻ പരാഗിനൊപ്പം ടീമിനെ 100 കടത്തും മുമ്പേ ക്യാപ്റ്റൻ സഞ്ജു സാംസണും മടങ്ങി. 15-ാം ഓവറിലെ രണ്ടാം പന്തിൽ സിമർജീത്തിന് മൂന്നാം വിക്കറ്റ് സമ്മാനിച്ച് സഞ്ജു സാംസൺ മടങ്ങുമ്പോൾ പേരിൽ 9 ബോളുകളിൽ 15 റൺസ് മാത്രം.

നാലാം വിക്കറ്റിൽ റിയാൻ പരാഗും ധ്രുവ് ജൂരെലും 40 റൺസ് കൂട്ടുകെട്ടുമായി രക്ഷാപ്രവർത്തനം നടത്തിയത് മാത്രമാണ് ഇന്നിങ്‌സിൽ രാജസ്ഥാന്റെ ഏക കൂട്ടുകെട്ട്. തുഷാർ ദേശ്പാണ്ഡെ എറിഞ്ഞ ഇന്നിങ്‌സിലെ 20-ാം ഓവറിലെ ആദ്യ ബോളിൽ ജൂരെൽ (18 പന്തിൽ 28) മടങ്ങിയതും രാജസ്ഥാന് തിരിച്ചടിയായി. തൊട്ടടുത്ത പന്തിൽ ശുഭം ദുബെ ഗോൾഡൻ ഡക്കായി. 20 ഓവറും പൂർത്തിയാകുമ്പോൾ റിയാൻ പരാഗ് 35 പന്തിൽ 47* ഉം, രവിചന്ദ്രൻ അശ്വിൻ ഒരു പന്തിൽ 1* ഉം റൺസുമായി പുറത്താവാതെ നിൽപുണ്ടായിരുന്നു. ചെന്നൈക്കായി പേസർമാരായ സിമർജീത് സിങ് നാലോവറിൽ 26 റൺസിന് മൂന്നും, തുഷാർ ദേശ്പാണ്ഡെ 30 റൺസിന് രണ്ടും വിക്കറ്റ് വീതം വീഴ്‌ത്തി.