ബംഗളൂരു: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ പ്ലേ ഓഫ് സ്വപ്‌നങ്ങൾക്ക് മേൽ കരിനിഴൽ വീഴ്‌ത്തി മഴ ഭീഷണി. ബംഗളുരു - ചെന്നൈ സൂപ്പർ കിങ്‌സ് നിർണായക മത്സരം മഴയെടുക്കുമെന്നാണ് ആശങ്ക. ശനിയാഴ്‌ച്ച ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം നടക്കേണ്ടത്. ഇരുവരുടേയും സീസണിലെ അവസാന മത്സരമാണിത്.

ചെന്നൈയുടെ നെറ്റ് റൺറേറ്റ് മറികടക്കുന്ന രീതിയിൽ ജയിച്ചാൽ ആർസിബിക്ക് പ്ലേ ഓഫ് ഉറപ്പിക്കാൻ സാധിക്കുമായിരുന്നു. എന്നാൽ കനത്ത മഴയെ തുടർന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് ബംഗളൂരുവിൽ. മത്സരം നടക്കേണ്ട ശനി മുതൽ തിങ്കൾ വരെയാണ് ഓറഞ്ച് അലേർട്ട്.

ശനിയാഴ്‌ച്ച 75 ശതമാനം മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ പ്രവചനം. അതും രാത്രി എട്ട് മണി മുതൽ 11 വരെ. കാലാവസ്ഥ പ്രവചന പ്രകാരം മത്സരം നടക്കാനിടയില്ല. ഇടിയോട് കൂടിയ മഴയാണ് പ്രവചിച്ചിരിക്കുന്നത്. മത്സരം മഴ മുടക്കുകയാണെങ്കിൽ പോയിന്റ് പങ്കിടേണ്ടിവരും. അങ്ങനെ വന്നാൽ 15 പോയിന്റോടെ ചെന്നൈ പ്ലേ ഓഫിന് യോഗ്യത നേടും. ആർസിബിക്ക് 13 പോയിന്റ് മാത്രമെ നേടാൻ സാധിക്കൂ. മത്സരം നടക്കാൻ വിദൂരസാധ്യത മാത്രമാണുള്ളത്.

നിലവിൽ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പർ കിങ്‌സിന് 14 പോയിന്റുണ്ട്. +0.528 നെറ്റ് റൺറേറ്റുമുണ്ട്. ആർസിബി 12 പോയിന്റുമായി ആറാം സ്ഥാനത്താണ്. +0.387 നെറ്റ് റൺറേറ്റാണ് ആർസിബിക്ക്. നെറ്റ് റൺറേറ്റിൽ വലിയ അന്തരമില്ലാത്തതിനാൽ ചെന്നൈക്കെതിരായ മത്സരത്തിൽ 18 റൺസിന്റെ വ്യത്യാസത്തിലെങ്കിലും ജയിച്ചാൽ ആർസിബിക്ക് പ്ലേ ഓഫിൽ കടക്കാൻ സാധിക്കുമായിരുന്നു. അതുപോലെ റൺസ് പിന്തുടരുകയാണെങ്കിൽ 11 പന്തുകളെങ്കിലും ബാക്കി നിർത്തി ആർസിബി ലക്ഷ്യത്തിലെത്തുകയും വേണം. ഇപ്പോഴത്തെ ഫോമിൽ ആർസിബിക്ക് അനായാസം കഴിയുന്ന കാര്യമായിരുന്നിത്.

ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടാൽ മാത്രമെ ഹൈദരാബാദിന് ആദ്യ നാലിൽ നിന്ന് പുറത്താവുമെന്ന് പേടിക്കേണ്ടതുള്ളൂ. ഇന്ന് ഗുജറാത്ത് ടൈറ്റൻസിനെതിരേയാണ് ആദ്യ മത്സരം. പിന്നീട് പഞ്ചാബ് കിങ്സിനേയും ഹൈദരാബാദ് നേരിടും.