അഹമ്മദാബാദ്: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ നായകൻ എന്ന നിലയിലും വ്യക്തിഗത പ്രകടനത്തിലും നിരാശപ്പെടുത്തിയ ഹാർദിക് പാണ്ഡ്യക്ക് ലോകകപ്പ് ടീമിൽ എല്ലാ മത്സരങ്ങളിലും പ്ലേയിങ് ഇലവനിൽ സ്ഥാനം ലഭിച്ചേക്കില്ലെന്ന് സൂചന. വെസ് ക്യാപ്റ്റനായാണു പാണ്ഡ്യ ലോകകപ്പ് ടീമിലെത്തിയത്. 15 അംഗ ലോകകപ്പ് ടീമിൽ എടുത്തെങ്കിലും ഹാർദിക് പാണ്ഡ്യയ്ക്ക് പ്ലേയിങ് ഇലവനിൽ സ്ഥാനം ഉറപ്പാകില്ല.

ബാറ്റിങ്ങിൽ മികച്ച ഫോമിലുള്ള ചെന്നൈ സൂപ്പർ കിങ്‌സ് താരം ശിവം ദുബെ പാണ്ഡ്യയ്ക്കു വെല്ലുവിളിയായി ടീമിലുണ്ട്. പരിശീലനത്തിലും സന്നാഹ മത്സരത്തിലും ശിവം ദുബെ മികവു തെളിയിച്ചാൽ പാണ്ഡ്യയെ മറികടന്ന് ശിവം ദുബെ പ്ലേയിങ് ഇലവനിലെത്താൻ സാധ്യതയുണ്ട്. പാണ്ഡ്യയെ എല്ലാ മത്സരങ്ങളിലും കളിപ്പിക്കുന്ന കാര്യം, ക്യാപ്റ്റൻ രോഹിത് ശർമയുടെ പരിഗണനയിൽ ഇല്ല. ഐപിഎല്ലിൽ മോശം ഫോമിലുള്ള താരം ലോകകപ്പിലും നിരാശപ്പെടുത്തിയാൽ ടീമിനു പുറത്താകും സ്ഥാനം.

ട്വന്റി20 ലോകകപ്പ് ടീമിൽ ഹാർദിക് പാണ്ഡ്യയെ കളിപ്പിക്കുന്നതിന് ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും ചീഫ് സിലക്ടർ അജിത് അഗാർക്കറിനും യാതൊരു താൽപര്യവുമില്ലായിരുന്നെന്നു വിവരം. പുറത്തുനിന്നുള്ള സമ്മർദം കാരണമാണ് പാണ്ഡ്യയെ ട്വന്റി20 ലോകകപ്പിനുള്ള ടീമിൽ ഉൾപ്പെടുത്തിയതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

ട്വന്റി20 ലോകകപ്പ് ടീമിനെ തിരഞ്ഞെടുക്കാൻ അഹമ്മദാബാദിൽ നടന്ന യോഗത്തിലാണ് പാണ്ഡ്യ ടീമിൽ വേണ്ടെന്ന് രോഹിത് ശർമയും അഗാർക്കറും നിലപാടെടുത്തത്. സിലക്ഷൻ പാനലിലെ അംഗങ്ങളും ഈ നിലപാടിനെ പിന്തുണച്ചിരുന്നു. ലോകകപ്പിനു ശേഷം രോഹിത് ശർമ ട്വന്റി20 ഫോർമാറ്റിൽനിന്ന് വിരമിക്കാൻ സാധ്യതയുണ്ട്. ഏകദിന, ടെസ്റ്റ് ക്രിക്കറ്റുകളിൽ മാത്രം രോഹിത് തുടർന്നും കളിക്കും.

ജൂൺ അഞ്ചിന് അയർലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ ലോകകപ്പ് പോരാട്ടം. ഗ്രൂപ്പ് എയിൽ ഇന്ത്യയുടെ മൂന്നു മത്സരങ്ങളും ന്യൂയോർക്കിലാണു നടക്കേണ്ടത്. ജൂൺ ഒൻപതിനു നടക്കുന്ന ഇന്ത്യ പാക്കിസ്ഥാൻ പോരാട്ടവും ന്യൂയോർക്കിലാണ്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഫ്‌ളോറിഡയിൽവച്ചാണ് ഇന്ത്യ കാനഡ പോരാട്ടം.

ടി20 ക്രിക്കറ്റിൽ ഹാർദ്ദിക് പാണ്ഡ്യയെ തന്നെയാണ് ബിസിസിഐ രോഹിത്തിന് ശേഷം ക്യാപ്റ്റനാക്കുകയെന്നും അതിനാലാണ് ഐപിഎല്ലിൽ തിളങ്ങാതിരുന്നിട്ട് പോലും ഹാർദ്ദിക്കിനെ ടി20 ലോകകപ്പ് ടീമിന്റെ വൈസ് ക്യാപ്റ്റനാക്കിയതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ബിസിസിഐ ഉന്നതർ ഇപ്പോഴും ടി20 ക്രിക്കറ്റിലെങ്കിലും ഹാർദ്ദിക്കിനെ തന്നെയാണ് ഇന്ത്യയുടെ ഭാവി നായകനായി കാണുന്നത്.

കഴിഞ്ഞ ടി20 ലോകകപ്പിനു ശേഷം രോഹിത്തും വിരാട് കോലിയും ടി20 ക്രിക്കറ്റിൽ നിന്ന് വിട്ടു നിൽക്കാൻ തീരുമാനിച്ചപ്പോഴും ഹാർദ്ദിക് ആയിരുന്നു ഇന്ത്യയെ നയിച്ചത്. രോഹിത്തും കോലിയും ടി20 ക്രിക്കറ്റിൽ നിന്ന് അനൗദ്യോഗികമായി വിരമിച്ചുവെന്ന റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഈ വർഷം ജനുവരിയിൽ അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിൽ രോഹിത്തിനെയും കോലിയെയും ഉൾപ്പെടുത്തി ബിസിസിഐ മലക്കം മറിഞ്ഞു.

പിന്നാലെ രോഹിത് ടി20 ലോകകപ്പിൽ ഇന്ത്യയെ നയിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് ഹാർദ്ദിക്കിന്റെ ടി20 ക്യാപ്റ്റൻസി തെറിച്ചത്. 2022 നവംബറിനുശേഷം ഇന്ത്യക്കായി മൂന്ന് ടി20 മത്സരങ്ങളിൽ മാത്രം കളിച്ച രോഹിത്തിനെ ലോകകപ്പിൽ നായകനാക്കുന്നതിനെതിരെ എതിർപ്പുണ്ടായെങ്കിലും ബിസിസിഐ രോഹിത്തിനും കോലിക്കും ഐസിസി കിരീടം നേടാൻ വീണ്ടുമൊരു അവസരം കൂടി നൽകുകയായിരുന്നു.

ഐപിഎല്ലിന്റെ ആദ്യ പകുതിയിൽ മിന്നുന്ന ഫോമിലായിരുന്ന രോഹിത് പക്ഷെ രണ്ടാം പകുതിയിൽ നിറം മങ്ങിയിരുന്നു.ഹാർദ്ദിക് പാണ്ഡ്യക്കും ഐപിഎല്ലിൽ ക്യാപ്റ്റനായും ഓൾ റൗണ്ടറായും തിളങ്ങാനായില്ല. 12 കളികളിൽ 200 റൺസും 11 വിക്കറ്റും മാത്രമാണ് ഹാർദ്ദിക് നേടിയത്.