- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദ്രാവിഡിന്റെ പിൻഗാമിയാകാൻ ലക്ഷ്മണില്ല; റിക്കി പോണ്ടിംഗിന് മുൻഗണന
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിനുള്ള പുതിയ പരിശീലകനെ തേടുന്ന ബിസിസിഐ ഓസ്‌ട്രേലിയൻ ഇതിഹാസ താരത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി സൂചന. ഇന്ത്യൻ ക്രിക്കറ്റ് ടീം പരീശലീകനാവാനില്ലെന്ന് മുൻ ഇന്ത്യൻ താരം വിവി എസ് ലക്ഷ്മൺ ബിസിസിഐയെ അറിയിച്ചതോടെയാണ് മുൻ ഓസ്‌ട്രേലിയൻ നായകൻ റിക്കി പോണ്ടിംഗിലേക്ക് ബിസിസിഐയുടെ നോട്ടമെത്തുന്നത്.
നിലവിൽ ദേശീയ ക്രിക്കറ്റ് അക്കാദമി തലവൻ കൂടിയായ ലക്ഷമൺ ദ്രാവിഡിന്റെ അഭാവത്തിൽ ടീമിന്റെ പരിശീലകനായിരുന്നിട്ടുണ്ട്. ദ്രാവിഡിന്റെ സ്വാഭാവിക പിൻഗാമിയായി ലക്ഷ്മൺ എത്തുമെന്നായിരുന്നു ആരാധകർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ലക്ഷ്മൺ താൽപര്യം പ്രകടിപ്പിക്കാത്ത സാഹചര്യത്തിൽ വീണ്ടും വിദേശ പരിശീലകരിലേക്ക് മടങ്ങുന്ന കാര്യം ബിസിസിഐ ആലോചിക്കുന്നത്.
നിലവിൽ രാഹുൽ ദ്രാവിഡാണ് ഇന്ത്യയുടെ പരിശീലകൻ. ടി20 ലോകകപ്പിന് ശേഷം അദ്ദേഹവുമായുള്ള കരാർ അസാനിക്കും. പുതിയ പരിശീലകനെ തേടികൊണ്ട് ബിസിസിഐ കഴിഞ്ഞ ദിവസം ബിസിസിഐ പരസ്യം പുറത്തിറക്കിയിരുന്നു. ദ്രാവിഡിന് ഇനിയും ആവശ്യമെങ്കിലും അപേക്ഷിക്കാം. എന്നാൽ അദ്ദേഹം പിന്മാറ്റം അറിച്ചുകഴിഞ്ഞു. എന്നാൽ ദ്രാവിഡ് തുടരണമെന്ന് ചില സീനിയർ താരങ്ങൾ ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു.
എന്നാൽ ഏതൊക്കെ താരങ്ങളാണ് ദ്രാവിഡ് വേണമെന്ന ആവശ്യം ഉന്നയിച്ചതെന്ന് വ്യക്തമല്ല. വരുന്ന ഒരു വർഷമെങ്കിലും ടെസ്റ്റ് ടീമിനൊപ്പം ദ്രാവിഡ് വേണമെന്ന് ചില താരങ്ങൾ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ദ്രാവിഡ് തന്റെ തീരുമാനത്തിൽ ഉറച്ച് നിൽക്കുകയായിരുന്നു. യഥാർത്ഥത്തിൽ 2023 ഏകദിന ലോകകപ്പിന് ശേഷം സ്ഥാനമൊഴിയാൻ ഒരുങ്ങുകയായിരുന്നു ദ്രാവിഡ്. എന്നാൽ ടി20 ലോകകപ്പ് വരെ തുടരാൻ തീരുമാനിച്ചത് ബിസിസിഐയുടെ നിർബന്ധത്തെ തുടർന്നായിരുന്നു.
ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് പരിശീലകനായ സ്റ്റീഫൻ ഫ്‌ളെമിംഗും ഡൽഹി ക്യാപിറ്റൽസ് പരിശീലകനായ റിക്കി പോണ്ടിംഗുമാണ് ഇന്ത്യൻ കോച്ചാവാനുള്ള പട്ടികയിൽ മുൻനിരയിലുള്ള വിദേശപരിശീലകർ. ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് പരിശീലകനായ മുൻ ഓസ്‌ട്രേലിയൻ ഓപ്പണർ ജസ്റ്റിൻ ലാംഗറും ഇന്ത്യൻ പരിശീലകനാവാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന.
എന്നാൽ ഓസ്‌ട്രേലിയൻ പരിശീലകനായിരുന്ന കാലത്ത് കളിക്കാരോട് ഗൗരവമായി ഇടപെടുന്നുവെന്ന പരാതിയെത്തുടർന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ ലാംഗറുടെ പരിശീക കരാർ പുതുക്കാതിരുന്നത്. അതുകൊണ്ട് തന്നെ ലാംഗറെ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കാൻ ബിസിസിഐ തയാറായേക്കില്ലെന്നാണ് കരുതുന്നത്.
സ്റ്റീഫൻ ഫ്‌ളെമിംഗിനെ വിട്ടുകൊടുക്കാൻ ചെന്നൈ സൂപ്പർ കിങ്‌സ് തയാറാവുന്നില്ലെന്നും സൂചനയുണ്ട്. ഇത്തരത്തിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് ചെന്നൈ സൂപ്പർ കിങ്‌സ് സിഇഒ കാശി വിശ്വനാഥൻ പറഞ്ഞു. ഈ സാഹചര്യത്തിലാണ് റിക്കി പോണ്ടിംഗിന്റെ കാര്യം ബിസിസിഐ ഗൗരവമായി പരിഗണിക്കുന്നത്. കളിക്കാരുമായുള്ള മികച്ച ബന്ധവും ഓസ്‌ട്രേലിയൻ നായകനെന്ന നിലയിൽ പുറത്തെടുത്ത മികവുമാണ് പോണ്ടിംഗിന് അനുകൂലമാകുക.
എന്നാൽ ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ് കോച്ച് എന്ന നിലയിൽ കിരീടം നേടാൻ പോണ്ടിംഗിന് കഴിഞ്ഞിട്ടില്ല. മൂന്ന് വർഷത്തേക്ക് വർഷത്തിൽ പത്ത് മാസത്തോളം ഇന്ത്യൻ ടീമിനൊപ്പം ഉണ്ടാവണമെന്നത് ചുമതലേയേറ്റെടുക്കുന്നതിൽ നിന്ന് പോണ്ടിംഗിനെ പിന്നിലോട്ട് വലിക്കുന്ന ഘടകമാണെന്നാണ് സൂചന.
ഇന്ത്യൻ താരങ്ങളിൽ ഗുജറാത്ത് ടൈറ്റൻസ് പരിശീലകൻ ആശിഷ് നെഹ്‌റ, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മെന്ററായ ഗൗതം ഗംഭീർ എന്നിവരുടെ പേരുകളും പറഞ്ഞു കേൾക്കുന്നുണ്ടെങ്കിലും ഇതിന് സ്ഥീരീകരണമില്ല. രണ്ട് വർഷം ഇന്ത്യൻ പരിശീലകനാവാൻ നെഹ്‌റ സന്നദ്ധത അറിയിച്ചിരുന്നു. ഈ മാസം 27വരെയാണ് പരിശീലക സ്ഥാനത്തേക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.