ഹൈദരാബാദ്: ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദ്-ഗുജറാത്ത് ടൈറ്റൻസ് മത്സരം കനത്ത മഴയെ തുടർന്ന് ഒറ്റ പന്തു പോലും എറിയാതെ ഉപേക്ഷിച്ചു. വൈകിട്ട് പെയ്ത കനത്ത മഴയിൽ പിച്ചും ഔട്ട് ഫീൽഡും നനഞ്ഞു കുതിർന്നതിനാൽ ടോസ് പോലും സാധ്യമാകാതെയാണ് മത്സരം ഉപേക്ഷിച്ചത്. കളി ഉപേക്ഷിച്ചതോടെ ഇരു ടീമുകളും പോയന്റ് പങ്കിട്ടു. ഇതോടെ 15 പോയന്റുമായി പ്ലേ ഓഫിലെത്തുന്ന മൂന്നാമത്തെ ടീമായി സൺറൈസേഴ്‌സ് ഹൈദരാബാദ്. ഒരു മത്സരം ശേഷിക്കെയാണ് 15 പോയിന്റുമായി സൺ റൈസേഴ്സ് ഹൈദരാബാദ് പ്ലേ ഓഫ് ഉറപ്പിച്ചത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും രാജസ്ഥാൻ റോയൽസും നേരത്തെ പ്ലേ ഓഫിലെത്തിയിരുന്നു.

ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിൽ വൈകീട്ട് മുതൽ തന്നെ മഴയുണ്ട്. ഏറിയും കുറഞ്ഞും മഴ തുടർന്നതോടെ അമ്പയർ ഇരു ടീമിന്റെയും ക്യാപ്റ്റന്മാരെ വിളിച്ച് കളി ഉപേക്ഷിക്കാൻ തീരുമാനിച്ചു. ഇതോടെ ഒരു പന്ത് പോലും എറിയാനാവാതെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. മത്സരം ഡൽഹി ക്യാപിറ്റൽസിന്റെ പ്ലേഓഫ് സാധ്യതകളെയും ഇല്ലാതാക്കി. ഇനി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു - ചെന്നൈ സൂപ്പർ കിങ്സ് മത്സരത്തിൽ ചെന്നൈ ജയിച്ചാൽ പ്ലേ ഓഫ് ഉറപ്പിക്കാം. വൻ മാർജിനിൽ ജയിച്ചാൽ ബെംഗളൂരുവിനും കയറിപ്പറ്റാം. അതേസമയം ലഖ്നൗ സൂപ്പർ ജയന്റ്സിന് അടുത്ത മത്സരം വലിയ മാർജിനിൽത്തന്നെ വിജയിക്കണമെന്നതിനാൽ സാധ്യത വിദൂരമാണ്.

ഹൈദരാബാദും പ്ലേ ഓഫ് ഉറപ്പിച്ചതോടെ 18ന് നടക്കുന്ന റോയൽ ചലഞ്ചേഴ്‌സ് ബെംഗലൂരു-ചെന്നൈ സൂപ്പർ കിങ്‌സ് മത്സരമായിരിക്കും പ്ലേ ഓഫിലെ നാലാമത്തെ ടീമിനെ നിശ്ചയിക്കുന്നതിൽ നിർണായകമാകുക. ആർസിബി ചെന്നൈ മത്സരത്തിൽ ചെന്നൈ ജയിച്ചാൽ 16 പോയന്റുമായി ചെന്നൈ പ്ലേ ഓഫിലെത്തും. ആർസിബിയാണ് ജയിക്കുന്നതെങ്കിൽ ആർസിബിക്കും ചെന്നൈക്കും 14 പോയന്റ് വീതമാകും. ഈ സാഹചര്യത്തിൽ നെറ്റ് റൺറേറ്റാകും പ്ലേ ഓഫിലെത്തുന്ന നാലാമത്തെ ടീം ഏതെന്ന് തീരുമാനിക്കുക.

ആദ്യം ബാറ്റ് ചെയ്താൽ ആർസിബി 18 റൺസിന് തോൽപ്പിച്ചാൽ മാത്രമെ നെറ്റ് റൺറേറ്റിൽ ആർസിബിക്ക് ചെന്നൈയെ മറികടക്കാനാകു. രണ്ടാമത് ബാറ്റ് ചെയ്യുകയാണെങ്കിൽ 11 പന്തുകൾ ബാക്കി നിർത്തി ആർസിബിക്ക് ജയിക്കണം. ഹൈദരാബാദ്-ഗുജറാത്ത് മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ ടോപ് 2വിൽ ഫിനിഷ് ചെയ്യാൻ രാജസ്ഥാന് കൊൽക്കത്തത്തക്കെതിരായ അവസാന മത്സരം ജയിച്ചാൽ മാത്രം മതി. അവസാന മത്സരം ജയിച്ചാലും ഹൈദരാബാദിന് ഇനി 17 പോയന്റേ നേടാനാവു. അതേസമയം നിലവിൽ 16 പോയന്റുമായി രണ്ടാം സ്ഥാനത്തുള്ള രാജസ്ഥാന് അവസാന മത്സരം ജയിച്ചാൽ 18 പോയന്റുമായി രണ്ടാം സ്ഥാനം ഉറപ്പാക്കാം, വലിയ മാർജിനിലുള്ള വിജയമാണെങ്കിൽ നെറ്റ് റൺറേറ്റിൽ കൊൽക്കത്തയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താനും രാജസ്ഥാന് കഴിയും.

നിലവിൽ 15 പോയിന്റുമായി മൂന്നാമതാണ് ഹൈദരാബാദ്. അടുത്ത കളിയിൽ പഞ്ചാബ് കിങ്സിനെ തോൽപ്പിക്കുകയും രാജസ്ഥാൻ റോയൽസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് തോൽക്കുകയും ചെയ്താൽ ഹൈദരാബാദിന് പോയിന്റ് പട്ടികയിൽ രണ്ടാമതെത്താം. അതേസമയം കൊൽക്കത്തയ്ക്കെതിരേ ജയിച്ചാൽ രാജസ്ഥാന് രണ്ടാം സ്ഥാനത്തോടെ പ്ലേഓഫിലെത്താം. ഹൈദരാബാദിൽ ഇതാദ്യമായാണ് ഐ.പി.എൽ. മത്സരം ഉപേക്ഷിക്കുന്നത്. ഗുജറാത്തിന് സീസണിൽ തുടർച്ചയായ രണ്ടാം മത്സരം മഴമൂലം നഷ്ടപ്പെട്ടു.