മുംബൈ: ഇന്ത്യ ആതിഥേയരായ ഏകദിന ലോകകപ്പിനിടെ പാക്കിസ്ഥാന് എതിരായ മത്സരത്തിൽ ടീമിന്റെ ജേഴ്‌സി മാറ്റാൻ ബിസിസിഐ ഇടപെട്ടെന്ന വിവാദ വെളിപ്പെടുത്തലുമായി ക്രിക്കറ്റ് മാധ്യമമായ 'വിസ്ഡൻ' പ്രസിദ്ധീകരിച്ച ലേഖനം. പാക്കിസ്ഥാനെതിരെ ഓറഞ്ച് കളർ ജേഴ്‌സിയിൽ കളിക്കാൻ ബിബിസിഐ കളിക്കാരോട് ആവശ്യപ്പെട്ടുവെന്നാണ് 'വിസ്ഡൻ' പ്രസിദ്ധീകരിച്ച ലേഖനത്തിൽ വെളിപ്പെടുത്തുന്നത്.

2023 ലെ ലോകകപ്പിൽ ഇന്ത്യ പതിവ് നീല ജേഴ്‌സിയിലാണ് കളിച്ചിരുന്നത്. പരിശീലക ജേഴ്‌സിയായി ഓറഞ്ച് കിറ്റും നൽകിയിരുന്നു. എന്നാൽ അഹമ്മദാബാദിൽ നടന്ന പാക്കിസ്ഥാനെതിരായ പ്രധാന മത്സരത്തിന് രണ്ട് ദിവസം മുൻപ് ഓറഞ്ച് നിറത്തിലുള്ള ജേഴ്‌സി കളിക്കാർക്ക് നൽകി. പാക്കിസ്ഥാനെതിരെ ഇന്ത്യ ഓറഞ്ച് ജേഴ്‌സിയിൽ കളിക്കണമെന്നായിരുന്നു ബിസിസിഐ നിർദ്ദേശം.

എന്നാൽ ഈ നിർദേശത്തോട് കളിക്കാർ വിയോജിക്കുകയായിരുന്നു. ഇന്ത്യൻ ക്രിക്കറ്റിന്റെ രാഷ്ട്രീയവൽക്കരണം എന്ന തലക്കെട്ടിൽ സ്പോർട്സ് ലേഖികയായ ഷാർദ ഉഗ്ര എഴുതിയ ലേഖനത്തിലാണ് വിവാദ വെളിപ്പെടുത്തൽ. ഒരു വിഭാഗം കളിക്കാർ ഇത് ഹോളണ്ടിന്റെ ജേഴ്‌സിയോട് സാമ്യമുള്ളതാണെന്ന് ചൂണ്ടിക്കാണിച്ചു. മറ്റൊരു വിഭാഗം ഇത് ടീമിലുള്ള എല്ലാവരേയും ഉൾക്കൊള്ളുന്ന ജേഴ്‌സിയായി തോന്നുന്നില്ലെന്നും ചിലർക്കെങ്കിലും ഇത് അനാദരവായി തോന്നിയേക്കാം എന്നും പറഞ്ഞതായും ലേഖനത്തിൽ പറയുന്നു.

എന്നിരുന്നാലും പാക്കിസ്ഥാനെതിരെ പതിവ് നീല ജഴ്‌സിയിൽ തന്നെയാണ് ഇന്ത്യ കളിച്ചത്. 2019 ലെ ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ നീലയും ഓറഞ്ചും നിറത്തിലുള്ള ജേഴ്‌സിയിൽ കളിച്ചിരുന്നു. അത് പിന്നീട് ലേലം ചെയ്യുകയും കാരുണ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്തിരുന്നു. അതിന് സമാനമായ രീതിയിൽ ഉപയോഗിക്കാം എന്നതായിരുന്നു ബിസിസിഐയുടെ വാദം. എന്നാൽ നിറം മാറ്റത്തിന് പിന്നിലുള്ള രാഷ്ട്രീയ മാനം തിരിച്ചറിഞ്ഞ കളിക്കാർ അത് ധരിക്കാൻ വിസമ്മതിച്ചെന്നും ലേഖനത്തിൽ പറയുന്നു.