ബെംഗലൂരു: സൺറൈസ്‌ഴ്‌സ് ഹൈദരാബാദ്- ഗുജറാത്ത് ടൈറ്റൻസ് മത്സരം മഴ മുടക്കിയതോടെ ഹൈദരാബാദ് പ്ലേ ഓഫ് ഉറപ്പിച്ചിരിക്കുകയാണ്. ഇതോടെ പ്ലേ ഓഫിലെ അവസാന സ്ഥാനത്തിനായുള്ള ആർസിബി-ചെന്നൈ സൂപ്പർ കിങ്‌സ് പോരാട്ടം നിർണായകമായി കഴിഞ്ഞു. അതേ സമയം ആദ്യം ബാറ്റിങ്ങിന് ഇറങ്ങി 310 റൺസിന് മുംബൈ ഇന്ത്യൻസിനെ തോൽപിച്ചാലാണ് ലക്‌നൗ സൂപ്പർ ജയന്റ്‌സിന് ഇനി പ്ലേ ഓഫിലെത്താൻ സാധ്യതയുള്ളത്.

14 പോയന്റുള്ള ചെന്നൈയും 12 പോയന്റുള്ള ആർസിബിയും 18ന് ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഏറ്റു മുട്ടുമ്പോൾ പ്ലേ ഓഫ് സാധ്യത ചെന്നൈക്ക് തന്നെയാണ്. കാരണം, ആർസിബിക്കെതിരെ തോറ്റാൽ പോലും ചെന്നൈക്ക് പ്ലേ ഓഫ് കളിക്കാനാവും എന്നത് തന്നെ. ആർസിബി ജയിച്ചാലും ചെന്നൈക്കും ആർസിബിക്കും 14 പോയന്റ് വീതമാകും. ഇതോടെ നെറ്റ് റൺറേറ്റാവും പിന്നീട് പ്ലേ ഓഫിലെ അവസാന സ്ഥാനക്കാരെ നിർണയിക്കുക.

അതുകൊണ്ടുതന്നെ ചെന്നൈയ്‌ക്കെതിരെ വെറുമൊരു ജയം കൊണ്ട് ആർ സി ബിക്ക് പ്ലേ ഓഫിലെത്താനാവില്ല. ആദ്യം ബാറ്റ് ചെയ്താൽ ആർസിബി 18 റൺസിന് തോൽപ്പിച്ചാൽ മാത്രമെ നെറ്റ് റൺറേറ്റിൽ ആർസിബിക്ക് ചെന്നൈയെ മറികടക്കാനാകു. രണ്ടാമത് ബാറ്റ് ചെയ്യുകയാണെങ്കിൽ 11 പന്തുകൾ ബാക്കി നിർത്തി ആർസിബിക്ക് ജയിക്കണം.

17 റൺസിൽ താഴെയുള്ള വിജയമാണെങ്കിലും 10 പന്ത് ബാക്കി നിർത്തിയുള്ള വിജയമാണെങ്കിലും ആർസിബി പുറത്താവും. നേരിയ മാർജിനിൽ തോറ്റാൽ പോലും ചെന്നൈ പ്ലേ ഓഫ് കളിക്കുമെന്ന് ചുരുക്കം.

അവസാന മത്സരം ജയിച്ചിട്ടും ആർസിബി പുറത്താവാനുള്ള മറ്റൊരു സാധ്യത കൂടിയുണ്ട്. ചെന്നൈയെ വീഴ്‌ത്തിയാൽ ആർസിബിക്കും ചെന്നൈക്കും 14 പോയന്റ് വീതമാകും. ലഖ്‌നൗ-കൊൽക്കത്ത മത്സരത്തിൽ ചെന്നൈയുടെയും ആർസിബിയുടെയും നെറ്റ് റൺറേറ്റിനെ മറികടക്കുന്ന വലിയൊരു വിജയം ലഖ്‌നൗ നേടിയാലും ആർസിബി പ്ലേ ഓഫിലെത്താതെ പുറത്താവും. അതിനുള്ള സാധ്യത പക്ഷെ വിദൂരമാണ്.

സാങ്കേതികമായി മാത്രമാണ് ലക്‌നൗ പോരാട്ടത്തിലുള്ളതെന്നതാണു സത്യം. 12 പോയിന്റുള്ള ലക്‌നൗവിന് ഇനിയുള്ള കളി ജയിച്ചാലും 14 പോയിന്റിലെത്താം. ചെന്നൈ സൂപ്പർ കിങ്‌സിനു ഇപ്പോൾ തന്നെ 14 പോയിന്റുണ്ട്. 12 പോയിന്റേ ഉള്ളൂവെങ്കിലും നെറ്റ് റൺറേറ്റിലെ നേട്ടം ആർസിബിക്കും ഗുണം ചെയ്യും. കെ.എൽ. രാഹുൽ നയിക്കുന്ന ലക്‌നൗവിനു തിരിച്ചടിയാകുന്നതും നെറ്റ് റൺറേറ്റാണ്. 0.787 ആണ് ലക്‌നൗവിന്റെ നെറ്റ് റൺറേറ്റ്.

മുംബൈ ടോസ് ലഭിച്ച് ബാറ്റിങ് തിരഞ്ഞെടുത്താൽ തന്നെ ലക്‌നൗ ടൂർണമെന്റിൽനിന്ന് പുറത്താകും. ആദ്യം ബാറ്റിങ്ങിന് ഇറങ്ങി 310 റൺസിന് മുംബൈ ഇന്ത്യൻസിനെ തോൽപിച്ചാലാണ് ലക്‌നൗവിന് ഇനി പ്ലേ ഓഫിലെത്താൻ സാധ്യതയുള്ളത്. അസാധ്യമായ ഇക്കാര്യം സംഭവിച്ചാൽ മാത്രം പോര. ബെംഗളൂരു ചെന്നൈയെ 18 റൺസിനെങ്കിലും തോൽപിക്കുകയും വേണമെന്ന അവസ്ഥയുമുണ്ട്.

സീസണിലെ അവസാന മത്സരം വിജയിച്ചുകൊണ്ട് അവസാനിപ്പിക്കാനാണ് ലക്‌നൗവിന്റെ ശ്രമം. പുതുമുഖ താരങ്ങൾക്ക് ലക്‌നൗ പ്ലേയിങ് ഇലവനിൽ അവസരം നൽകിയേക്കും. അവസാന മൂന്നു മത്സരങ്ങളിൽ തോറ്റതാണ് ലക്‌നൗവിന്റെ പ്ലേ ഓഫ് സാധ്യതകളെ തകിടം മറിച്ചത്. കൊൽക്കത്തയോട് 98 റൺസിനും ഹൈദരബാദിനോട് 10 വിക്കറ്റിനും തോറ്റത് നെറ്റ് റൺറേറ്റിൽ വൻ തിരിച്ചടിയാണുണ്ടാക്കിയത്. കഴിഞ്ഞ ചൊവ്വാഴ്ച ഡൽഹിയോട് 19 റൺസിനും ലക്‌നൗ തോറ്റിരുന്നു.