- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാംഖഡെയിൽ റൺമല ഉയർത്തി ലഖ്നൗ; മുംബൈക്ക് 215 റൺസ് വിജയലക്ഷ്യം
മുംബൈ: ഐപിഎല്ലിലെ സീസണിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ആശ്വാസ ജയം ലക്ഷ്യമിടുന്ന മുംബൈ ഇന്ത്യൻസിന് മുന്നിൽ റൺമല ഉയർത്തി ലഖ്നൗ സൂപ്പർ ജയന്റ്സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലഖ്നൗ നിക്കോളാസ് പുരന്റെയും ക്യാപ്റ്റൻ കെ.എൽ രാഹുലിന്റെയും അർധ സെഞ്ചുറി മികവിൽ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 214 റൺസെടുത്തു.
അഞ്ചാമനായെത്തി വെറും 29 പന്തിൽ നിന്ന് എട്ട് സിക്സും അഞ്ച് ഫോറുമടക്കം 75 റൺസെടുത്ത നിക്കോളാസ് പുരനാണ് ലഖ്നൗവിന്റെ ടോപ് സ്‌കോറർ. 41 പന്തുകൾ നേരിട്ട രാഹുൽ മൂന്ന് വീതം സിക്സും ഫോറുമടക്കം 55 റൺസെടുത്തു. നാലാം വിക്കറ്റിൽ ഇരുവരും കൂട്ടിച്ചേർത്ത 109 റൺസാണ് ലഖ്നൗവിന് മികച്ച സ്‌കോർ സമ്മാനിച്ചത്. മുംബൈക്കായി നുവാൻ തുഷാര 28 റൺസിന് മൂന്ന് വിക്കറ്റെടുത്തു.
ടോസിലെ നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ലഖ്‌നൗവിന് മൂന്നാം പന്തിൽ തന്നെ ഓപ്പണർ ദേവ്ദത്ത് പടിക്കലിനെ(0) നഷ്ടമായി. നുവാൻ തുഷാര പടിക്കലിനെ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. മൂന്നാം നമ്പറിൽ ക്രീസിലെത്തിയ മാർക്കസ് സ്റ്റോയ്‌നിസ് രാഹുലിനൊപ്പം പിടിച്ചു നിന്നതോടെ പവർപ്ലേയിൽ ലഖ്‌നൗ 49 റൺസടിച്ചു. പവർ പ്ലേയിലെ അവസാന പന്തിൽ സ്റ്റോയ്‌നിസിനെ(22 പന്തിൽ 28) പുറത്താക്കി പിയൂഷ് ചൗളയാണ് മുംബൈക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചത്. നാലാം നമ്പറിലെത്തിയ ദീപക് ഹൂഡക്ക്(11) ക്രീസിൽ അധികം ആയുസുണ്ടായില്ല. ഇതോടെ 69-3ലേക്ക് കൂപ്പുകുത്തിയ ലഖ്‌നൗവിനായി വന്നപാടെ തകർത്തടിച്ച നി്കകോളാസ് പുരാന് സ്‌കോർ ഉയർത്തിയത്.
അൻഷുൽ കാംബോജിനെതിരെ സിക്‌സ് അടിച്ചു തുടങ്ങിയ പുരാൻ പിന്നീട് ഹാർദ്ദികിനെയും അർജുൻ ടെൻഡുൽക്കറെയും തുടർച്ചയായി സിക്‌സുകൾ പറത്തി കളം നിറഞ്ഞു. തുടർച്ചയായി രണ്ട് സിക്‌സ് പറത്തിയതിന് പിന്നാലെ പരിക്കുമൂലം ഗ്രൗണ്ട് വിട്ട അർജ്ജുന് പകരം ആ ഓവർ പൂർത്തിയാക്കാനെത്തിയ നമാൻ ദിറിനെ രണ്ട് സിക്‌സ് കൂടി പറത്തി 29 റൺസടിച്ച പുരാൻ 19 പന്തിൽ അർധസെഞ്ചുറി തികച്ചു.
ഇന്നിങ്‌സിനൊടുവിൽ രണ്ടോവറുകളിലെ തുടർച്ചയായ മൂന്ന് പന്തുകളിൽ പുരാൻ(29 പന്തിൽ 75), അർഷദ് ഖാൻ(0), കെ എൽ രാഹുൽ(55) എന്നിവരെ നഷ്ടമായ ലഖ്‌നൗവിന് അടിതെറ്റി.എന്നാൽ ആയുഷ് ബദോനിയും(10 പന്തിൽ 22*), ക്രുനാൽ പാണ്ഡ്യയും(7 പന്തിൽ 12*) ചേർന്ന് അവസാന രണ്ടോവറുകളിൽ തകർത്തടിച്ച് ലഖ്‌നൗവിനെ 214 റൺസിലെത്തിച്ചു. മുംബൈക്കായി നാലോവറിൽ 28 റൺസിന് മൂന്ന് വിക്കറ്റെടുത്തപ്പോൾ പിയൂഷ് ചൗള നാലോവറിൽ 29 റൺസിന് മൂന്ന് വിക്കറ്റെടുത്തു.