- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദ്രാവിഡിനു പകരക്കാരൻ ഗൗതം ഗംഭീറോ? പരിഗണിച്ച് ബിസിസിഐ
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീറിനെ ബിസിസിഐ പരിഗണിക്കുന്നതായി റിപ്പോർട്ട്. ട്വന്റി 20 ലോകകപ്പിനുശേഷം സ്ഥാനമൊഴിയുന്ന രാഹുൽ ദ്രാവിഡിന് പകരക്കാരനായാണ് ഗംഭീറിനെ ബിസിസിഐ ഗൗരവപൂർവം പരിഗണിക്കുന്നതെന്ന് ക്രിക് ഇൻഫോ റിപ്പോർട്ട് ചെയ്തു. ഐപിഎൽ ടീമുകളുമായി പ്രവർത്തിച്ചുള്ള ഗംഭീറിന്റെ മികവും ഇന്ത്യയുടെ രണ്ട് ലോകകപ്പ് ജയങ്ങളിലെ പങ്കാളിത്തവുമാണ് ഗംഭീറിനെ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കാനുള്ള പ്രധാന കാരണങ്ങളെന്നാണ് പറയുന്നത്.
ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മെന്ററായ ഗംഭീറിനെ കോച്ചാവാൻ താൽപര്യമുണ്ടോ എന്നറിയാൻ ബന്ധപ്പെട്ടുവെന്നും ഐപിഎല്ലിൽ കൊൽക്കത്തയുടെ മത്സരങ്ങൾ കഴിഞ്ഞാൽ തുടർചർച്ചകളുണ്ടാകുമെന്നും ക്രിക് ഇൻഫോയുടെ റിപ്പോർട്ടിൽ പറയുന്നു. 26നാണ് ഐപിഎൽ ഫൈനൽ നടക്കുന്നത്. പോയന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായി കൊൽക്കത്ത പ്ലേ ഓഫിന് യോഗ്യത നേടിയിട്ടുണ്ട്. 27വരെയാണ് ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.
ഇന്ത്യ ട്വന്റി 20 ലോകകപ്പിൽ കിരീടം നേടിയാലും പരിശീലക സ്ഥാനത്ത് തുടരാൻ ആഗ്രഹമില്ലെന്ന് രാഹുൽ ദ്രാവിഡ് ബിസിസിഐയെ അറിയിച്ചിരുന്നു. മുൻ ഓസ്‌ട്രേലിയിൻ നായകൻ റിക്കി പോണ്ടിങ്, ന്യൂസിലൻഡ് നായകനും ചെന്നൈ സൂപ്പർ കിങ്‌സ് പരിശീലകനുമായ സ്റ്റീഫൻ ഫ്‌ളെമിങ് എന്നിവരെയും ബിസിസിഐ കോച്ചാവാൻ സമീപിച്ചിരുന്നുവെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
എന്നാൽ തുടർച്ചയായി പരമ്പരകൾ കളിക്കുന്ന ടീമിനൊപ്പം വർഷത്തിൽ 10 മാസമെങ്കിലും ഉണ്ടാവേണ്ടതിനാൽ ഇരുവരും വിസമ്മതിച്ചുവെന്നാണ് സൂചന. ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ് പരിശീലകനാണ് പോണ്ടിങ് ഇപ്പോൾ. 42കാരനായ ഗംഭീറിന് പരിശീലകനായി പരിചയസമ്പത്തില്ലെങ്കിലും നായകനെന്ന നിലയിൽ കൊൽക്കത്തയെ രണ്ട് തവണ ചാമ്പ്യന്മാരാക്കിയതിന്റെ മികവുണ്ട്. 2022, 2023 സീസണുകളിൽ ഗംഭീർ മെന്ററായിരുന്നു ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് പ്ലേ ഓഫിലെത്തിയിരുന്നു. ഈ സീസണിൽ കൊൽക്കത്തയുടെ മെന്ററായി എത്തിയപ്പോഴും അവരെ പ്ലേ ഓഫിലെത്തിച്ചു.
ഇന്ത്യൻ ടീമിലെ സീനിയർ താരമായ വിരാട് കോലിയുമായുള്ള മോശം ബന്ധവും ഇത്തവണ ഐപിഎല്ലിനിടെ ഗംഭീർ പരിഹരിച്ചിരുന്നു. ബിജെപി എംപി കൂടിയായിരുന്ന ഗംഭീർ ഇത്തവണ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല. ധോണിക്ക് കീഴിൽ 2007ലെ ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലും 2011ലെ ഏകദിന ലോകകപ്പ് നേടിയി ഇന്ത്യൻ ടീമിലും അംഗമായിരുന്ന ഗംഭീർ ഫൈനലിലെ ടോപ് സ്‌കോററുമായിരുന്നു. 2011 മുതൽ 2017വരെ ഐപിഎല്ലിൽ കൊൽക്കത്തയെ നയിച്ച ഗംഭീർ അഞ്ച് തവണ അവരെ പ്ലേ ഓഫിലെത്തിക്കുകയും രണ്ട് കിരീടങ്ങൾ നേടക്കൊടുക്കുകയും ചെയ്തിരുന്നു.