- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആർസിബി ആരാധകർക്ക് നെഞ്ചിടിപ്പേറ്റി ബെംഗലൂരുവിൽ മഴ
ബെംഗലൂരു: ഐപിഎൽ പ്ലേ ഓഫ് പട്ടികയിൽ ഇടംപിടിക്കുന്നതിനായി ജീവൻ മരണ പോരാട്ടത്തിന് ഇറങ്ങാൻ ഒരുങ്ങുന്ന റോയൽ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനും ചെന്നൈ സൂപ്പർ കിങ്‌സിനും ആശങ്കയായി കനത്ത മഴ. പ്ലേ ഓഫിലെത്തുന്ന നാലാമത്തെ ടീമിനെ നിശ്ചയിക്കാനുള്ള നിർണായക പോരാട്ടത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് ആർ സി ബി ആരാധകരെ ആശങ്കയിലാഴ്‌ത്തി നഗരത്തിന്റെ പലയിടത്തും ഒറ്റപ്പെട്ട മഴ പെയ്യുന്നത്.
മത്സരം നടക്കുന്ന ചിന്നസ്വാമി സ്റ്റേഡിയത്തിൽ രാത്രി എട്ടു മണിയോടെ മഴപെയ്യുമെന്നായിരുന്നു പ്രവചനമെങ്കിലും നഗരത്തിന്റെ മറ്റ് പലയിടങ്ങളിലും നേരത്തെ മഴ പെയ്യാൻ തുടങ്ങിയത് ആർസിബി ആരാധകരെ ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്.എന്നാൽ മത്സരം നടക്കുന്ന ചിന്നസ്വാമി സ്റ്റേഡിയത്തിലും പരിസരങ്ങളിലും ഇപ്പോൾ മഴയില്ലെന്നതാണ് ആശ്വസകരമായ കാര്യം. ആകാശം പകുതി മേഘാവൃതമാണെങ്കിലും സ്റ്റേഡിയത്തിൽ ഇപ്പോൾ മഴയില്ലെന്നത് ആർസിബി ആരാധകർക്ക് പ്രതീക്ഷ നൽകുന്ന കാര്യമാണ്. മഴ പെയ്താലും ചിന്നസ്വാമി സ്റ്റേഡിയത്തിൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡ്രെയിനേജ് സംവിധാനം ഒരുക്കിയിട്ടുണ്ടെന്നതും ആരാധകർക്ക് പ്രതീക്ഷ നൽകുന്ന ഘടകമാണ്.
എന്നാൽ ചിന്നസ്വാമി സ്റ്റേഡിയത്തിന് ചുറ്റും ആകാശം 99 ശതമാനം മേഘാവൃതമായിരിക്കുമെന്നും വൈകീട്ട് ഇടിയോട് കൂടി മഴ പെയ്യാൻ 70 ശതമാനം സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥ പ്രവചനം. വൈകിട്ട് ഏഴരയ്ക്കാണ് സി എസ് കെ-ആർ സി ബി മത്സരം തുടങ്ങേണ്ടത്. മഴ മൂലം കളി ഉപേക്ഷിച്ചാൽ ആർസിബി പ്ലേ ഓഫ് കാണാതെ പുറത്താകും. 15 പോയന്റുമായി സി എസ് കെ നാലാം സ്ഥാനം ഉറപ്പിച്ച് പ്ലേ ഓഫിലേക്ക് മുന്നേറുകയും ചെയ്യും.
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും രാജസ്ഥാൻ റോയൽസും സൺറൈസേഴ്‌സ് ഹൈദരാബാദുമാണ് പ്ലേ ഓഫിൽ സ്ഥാനം ഉറപ്പാക്കിയ ടീമുകൾ. ഡൽഹിക്കും ലഖ്‌നൗവിനും 14 പോയിന്റുണ്ടെങ്കിലും നെറ്റ് റൺറേറ്റിൽ ഏറെ പിന്നിലായതിനാൽ നിലവിലെ സാഹചര്യത്തിൽ പ്ലേ ഓഫിൽ എത്താനുള്ള സാധ്യത വിദൂരമാണ്. ചെന്നൈയ്ക്ക് പ്ലേ ഓഫ് ഉറപ്പിക്കാൻ ജയിച്ചാൽ മാത്രം മതിയെങ്കിൽ ബെംഗളൂരുവിന് വിജയത്തോടൊപ്പം മികച്ച നൈറ്റ് റൺറേറ്റും സ്വന്തമാക്കണം.
നിലവിലെ ചാംപ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സിന് ഈ സീസണിൽ പ്രതീക്ഷിച്ച മുന്നേറ്റം നടത്താൻ സാധിച്ചിട്ടില്ല. പ്രധാന താരങ്ങളുടെ പരുക്കും സീനിയർ താരങ്ങളുടെ ഫോം ഇല്ലായ്മയുമെല്ലാം ചെന്നൈയ്ക്ക് സീസണിൽ തിരിച്ചടിയായി. എന്നാൽ 14 സീസണുകളിൽ 12 തവണയും പ്ലേ ഓഫ് കളിച്ച ചെന്നൈയ്ക്കു തന്നെയാണ് കണക്കുകളിൽ മുൻതൂക്കം. 13 മത്സരങ്ങളിൽ നിന്ന് 7 ജയത്തോടെ 14 പോയിന്റാണ് നിലവിൽ ചെന്നൈയുടെ സമ്പാദ്യം. നെറ്റ് റൺറേറ്റ് +.5. ഇന്ന് ജയിച്ചാൽ പ്ലേഓഫിൽ കടക്കുന്നതിനു പുറമേ, നെറ്റ് റൺറേറ്റിൽ രാജസ്ഥാനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്താനും ചെന്നൈയ്ക്ക് അവസരമുണ്ട്.
സീസൺ തുടക്കത്തിൽ എട്ടിൽ 7 മത്സരങ്ങളും തോറ്റു പുറത്താകലിന്റെ വക്കിൽ നിന്ന ബെംഗളൂരു, അവസാന 5 മത്സരങ്ങളിലും വിജയക്കുതിപ്പു നടത്തിയാണ് പ്ലേഓഫിന്റെ പടിവാതിലിൽ എത്തിയത്. 13 മത്സരങ്ങളിൽ നിന്ന് +.3 നെറ്റ് റൺറേറ്റോടെ 12 പോയിന്റാണ് ബെംഗളൂരുവിന്റെ നേട്ടം. ഇന്നത്തെ മത്സരത്തിൽ ചെന്നൈയെ മികച്ച മാർജിനിൽ (ആദ്യം ബാറ്റ് ചെയ്ത് 200 റൺസ് നേടിയാൽ 18 റൺസ് വ്യത്യാസത്തിലോ 200 റൺസ് ചേസ് ചെയ്യുകയാണെങ്കിൽ 18.1 ഓവറിലോ) ജയിച്ചാൽ മാത്രമേ ബെംഗളൂരുവിന് പ്ലേ ഓഫ് സാധ്യതയുള്ളൂ.
പ്ലേ ഓഫ്
13 മത്സരങ്ങളിൽ നിന്ന് 19 പോയിന്റുള്ള കൊൽക്കത്ത നിലവിൽ ഒന്നാം സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു. രണ്ടാം സ്ഥാനത്ത് എത്തുന്ന ടീമാണ് കൊൽക്കത്തയ്‌ക്കെതിരെ ക്വാളിഫയർ 1 കളിക്കുക. ഇതിൽ ജയിക്കുന്ന ടീം നേരിട്ട് ഫൈനലിൽ കടക്കും. അടുത്ത മത്സരം ജയിച്ചാൽ 18 പോയിന്റുമായി രാജസ്ഥാന് രണ്ടാം സ്ഥാനത്തെത്താം. ഇനി രാജസ്ഥാൻ തോൽക്കുകയും ഹൈദരാബാദ് ജയിക്കുകയും ചെയ്താൽ 17 പോയിന്റുമായി ഹൈദരാബാദിന് രണ്ടാം സ്ഥാനം ലഭിക്കും. ഇരു ടീമുകളും തോൽക്കുകയും ഇന്ന് ചെന്നൈ ജയിക്കുകയും ചെയ്താൽ നെറ്റ് റൺറേറ്റിന്റെ ബലത്തിൽ രാജസ്ഥാനെ മറികടന്ന് ചെന്നൈ രണ്ടാമതെത്തും.