ബെംഗലൂരു: ഐപിഎല്ലിൽ പതിമൂന്ന് മത്സരങ്ങളിൽ നിന്നും 661 റൺസുമായി റൺവേട്ടയിൽ മുൻനിരയിലാണ് ആർസിബി താരം വിരാട് കോലി. ഓപ്പണറായി മികച്ച പ്രകടനം തുടരുമ്പോഴും സ്‌ട്രൈക്ക് റേറ്റിനെക്കുറിച്ചുള്ള വിമർശനത്തിന് സുനിൽ ഗവാസ്‌കർക്ക് പരോക്ഷ മറുപടിയുമായി വിരാട് കോലി രംഗത്തെത്തി. ആരുടെയും അംഗീകാരം ആവശ്യമില്ലെന്നും ആരുടെയും ഉപദേശം ചോദിച്ചിട്ട് പോവാറില്ലെന്നും ജിയോ സിനിമക്ക് നൽകിയ അഭിമുഖത്തിൽ വിരാട് കോലി പറഞ്ഞു. ഐപിഎല്ലിന്റെ ആദ്യപകുതിയിൽ ഓപ്പണറായി ഇറങ്ങുന്ന വിരാട് കോലിയുടെ സ്‌ട്രൈക്ക് റേറ്റിനെക്കുറിച്ച് ലൈവ് കമന്റററിക്കിടെ ഗവാസ്‌കർ വിമർശിച്ചിരുന്നു.

പുറത്തുനിന്നുള്ള വിമർശനങ്ങൾക്ക് ഞാൻ ചെവി കൊടുക്കാറില്ല. ഗ്രൗണ്ടിൽ എനിക്കെന്ത് ചെയ്യാനാവുമെന്ന് എനിക്കറിയാം. ഞാൻ എങ്ങനത്തെ കളിക്കാരനാണെന്നും എന്റെ കഴിവുകൾ എന്തൊക്കെയാണെന്നും ആരും എന്നോട് പറയേണ്ട കാര്യമില്ല. ഒരു കളി എങ്ങനെ ജയിക്കാമെന്ന് ഞാൻ ആരോടും ഉപദേശം ചോദിച്ചിട്ടില്ല. എന്റെ കഴിവും പരിചയസമ്പത്തും ഉപയോഗിച്ചാണ് അതെല്ലാം ഞാൻ തിരിച്ചറിയുന്നത്. പുറത്തു നിന്ന് അങ്ങനെ ഉപദേശിക്കുന്നവരോടെ എന്നെക്കുറിച്ച് അങ്ങനെ പറയരുതെന്ന് ഞാൻ പറയാറുമില്ല. കാരണം, ഗ്രൗണ്ടിലിറങ്ങിയാൽ എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയാം.

വിമർശകരിൽ നിന്നല്ല ഞാനൊന്നും പഠിച്ചിട്ടുള്ളത്. കരിയറിന്റെ തുടക്കത്തിൽ പിതാവിൽ നിന്നാണ് താൻ പലകാര്യങ്ങളും പഠിച്ചത്. അതുകൊണ്ടു തന്നെ എനിക്കാരുടെയും അംഗീകാരം ആവശ്യമില്ല. ഞാൻ നന്നായി കളിക്കുന്നുവെന്നും ആരും പറയേണ്ട കാര്യമില്ല. മത്സരങ്ങൾ നേരത്തെ ഫിനിഷ് ചെയ്യാതെ 20-ാം ഓവറിലേക്കും 50-ാം ഓവറിലേക്കും കൊണ്ടുപോകുന്നതിനെതിരെ ധോണിക്കെതിരെ പോലും വിമർശനം ഉയർന്നിട്ടുണ്ട്.

പക്ഷെ ധോണി തന്റെ പ്രവർത്തിയിൽ വിശ്വസിച്ച് മുന്നോട്ടുപോകുകയാണ് ചെയ്തത്. അതുവഴി എത്രയോ മഹത്തായ വിജയങ്ങളാണ് അദ്ദേഹം നമുക്ക് സമ്മാനിച്ചത്. എത്രയോ മത്സരങ്ങളാണ് അദ്ദേഹം ഫിനിഷ് ചെയ്തത്. അതിനുള്ള വഴി അദ്ദേഹത്തിന് മാത്രം അറിയാവുന്നതാണ്. ഞാനാണ് ക്രീസിലെങ്കിൽ പത്തൊമ്പതാം ഓവറിലോ ഇരുപതാം ഓവറിലോ കളി ഫിനിഷ് ചെയ്യാൻ ശ്രമിക്കും. എന്നാൽ അദ്ദേഹം കൂടെയുണ്ടെങ്കിൽ അവസാന ഓവറുകളിൽ എതിരാളികളുടെ വിറയൽ കാണാൻ കഴിയുമെന്നും കോലി പറഞ്ഞു.

അതേ സമയം വിരാട് കോലിയെ ആധുനിക കാലഘട്ടത്തിന്റെ ഇതിഹാസമാക്കി മാറ്റുന്നതിൽ എംഎസ് ധോണി വഹിച്ച പങ്ക് വളരെ വലുതാണെന്നായിരുന്നു സുനിൽ ഗവാസ്‌കർ പറഞ്ഞത്. വെള്ളിയാഴ്ച വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മുംബൈ ഇന്ത്യൻസ് - ലഖ്നൗ സൂപ്പർ ജയന്റ്‌സ് പോരാട്ടത്തിനിടെ മഴ കളി തടസപ്പെടുത്തിയപ്പോഴായിരുന്നു കമന്ററി ബോക്‌സിലിരുന്നുകൊണ്ട് ഗവാസ്‌കറുടെ പരാമർശം. അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയപ്പോഴുള്ള കോലിയല്ല ഇപ്പോഴത്തെ കോലി, അതിന് പിന്നിൽ ധോണിയുടെ കൈയുണ്ട്. - ഗവാസ്‌കർ പറഞ്ഞു.

'വിരാട് കോലി കളി ആരംഭിച്ചപ്പോൾ, അതൊരു സ്റ്റോപ്പ് - സ്റ്റാർട്ട് കരിയറായിരുന്നു. താരം ഇന്ന് നമ്മൾ കാണുന്ന കോഹ്ലിയാകാൻ കാരണം എംഎസ് ധോണി തന്നെയാണ് '. - അദ്ദേഹം സ്റ്റാർ സ്പോർട്സിൽ പറഞ്ഞു. സീസണിൽ മികച്ച ബാറ്റിങ് പ്രകടനമാണ് കോലി കാഴ്ചവെയ്ക്കുന്നതെങ്കിലും സ്ട്രൈക്ക് റേറ്റിന്റെ പേരിൽ വൻ വിമർശനവും ട്രോളും നേരിടുകയാണ്. പല പ്രമുഖരും കോലിയുടെ മെല്ലെപ്പോക്ക് ബാറ്റിങ്ങിനെ വിമർശിച്ചിരുന്നു. കമന്റേറ്ററായ സുനിൽ ഗവാസ്‌ക്കറും കോലിയുടെ സ്ട്രൈക്ക് റേറ്റിനെ ചോദ്യം ചെയ്തിരുന്നു.