ബെംഗളൂരു: ഐപിഎല്ലിൽ ജീവൻ മരണ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനെ 27 റൺസിനു കീഴടക്കി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലേഓഫിൽ. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാൻ റോയൽസ്, സൺറൈസേഴ്‌സ് ഹൈദരാബാദ് ടീമുകൾക്കു പിന്നാലെ നാലാമതായാണ് ആർസിബി യോഗ്യത ഉറപ്പിച്ചത്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ബെംഗളൂരു ഉയർത്തി 219 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ചെന്നൈ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് മാത്രമാണ് നേടിയത്.

പ്ലേ ഓഫിലെത്താൻ 18 റൺസ് വ്യത്യാസത്തിലുള്ള ജയമാണ് ആർസിബിക്ക് വേണ്ടിയിരുന്നത്. എന്നാൽ ചിന്നസ്വാമി സ്റ്റേഡിയത്തിൽ 27 റൺസിന്റെ വിജയമാണ് ആർസിബി സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആർസിബി 219 റൺസിന്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. എന്നാൽ നിലവിലെ ചാംപ്യന്മാരായ ചെന്നൈക്ക് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 191 റൺസെടുക്കാനാണ് സാധിച്ചത്. 201 റൺസെടുക്കാൻ ആയിരുന്നെങ്കിൽ ചെന്നൈക്ക് പ്ലേ ഓഫിലെത്താമായിരുന്നു. ആർസിബിക്കും ചെന്നൈക്കും 14 പോയിന്റ് വീതമാണുള്ളത്. എന്നാൽ ചെന്നൈയുടെ നെറ്റ് റൺറേറ്റ് മറികടക്കാൻ ആർസിബിക്കായി.

ആധികാരിക വിജയത്തോടെ പോയിന്റ് ടേബിളിൽ ആർസിബി നാലാം സ്ഥാനത്തേക്ക് ഉയർന്നു. 14 മത്സരങ്ങളിൽനിന്ന് 14 പോയിന്റുമായാണ് ബെംഗളൂരു പ്ലേഓഫിലേക്ക് കുതിച്ചത്. ഏഴു വിജയവും ഏഴു തോൽവിയും ടീം സ്വന്തമാക്കി. ചെന്നൈ സൂപ്പർ കിങ്‌സ്, ഡൽഹി ക്യാപിറ്റൽസ്, ലക്‌നൗ സൂപ്പർ ജയന്റ്‌സ് ടീമുകൾക്കും 14 പോയിന്റു വീതം ഉണ്ടെങ്കിലും നെറ്റ് റൺറേറ്റിലെ കരുത്താണ് ബെംഗളൂരുവിനെ മുന്നിലെത്തിച്ചത്.

പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായിരുന്ന ആർസിബി ഏപ്രിൽ 25 ന് സൺറൈസേഴ്‌സ് ഹൈദരാബാദിനെ തോൽപിച്ചാണ് അവിശ്വസനീയ കുതിപ്പിനു തുടക്കമിട്ടത്. പിന്നീട് ഗുജറാത്ത്, പഞ്ചാബ്, ഡൽഹി ടീമുകളെ വൻ മാർജിനിൽ തോൽപിച്ചു. ഒടുവിൽ ചെന്നൈയെ സ്വന്തം ആരാധകരുടെ മുന്നിൽ കീഴടക്കിയാണ് ആർസിബി പ്ലേഓഫ് ഉറപ്പിച്ചത്.

അവസാന ഓവറിൽ പ്ലേഓഫ് ഉറപ്പിക്കാൻ ചെന്നൈയ്ക്ക് 17 റൺസ് മതിയായിരുന്നു. ആദ്യ പന്തിൽ യഷ് ദയാലിനെ ധോണി സിക്‌സർ പറത്തി. എന്നാൽ രണ്ടാം പന്തിൽ ധോണി (13 പന്തിൽ 25) വീണു. മൂന്ന് ഡോട്ട് ബോളുകൾ എറിഞ്ഞ് യാഷ് ദയാൽ ബെംഗളൂരുവിനെ വിജയത്തിലെത്തിക്കുകയായിരുന്നു. രവീന്ദ്ര ജഡേജ 42 റൺസെടുത്തു പുറത്താകാതെനിന്നു.

മോശം തുടക്കമായിരുന്നു ചെന്നൈക്ക്. ആദ്യ പന്തിൽ തന്നെ ക്യാപ്്റ്റൻ റുതുരാജ് ഗെയ്കവാദിനെ (0) ഗ്ലെൻ മാക്സ്വെൽ പുറത്താക്കി. ഡാരിൽ മിച്ചലിനും (4) തിളങ്ങാൻ സാധിച്ചിരുന്നില്ല. ഇതോടെ രണ്ടിന് 19 എന്ന നിലയിലായി ചെന്നൈ. പിന്നീട് രചിൻ രവീന്ദ്ര (37 പന്തിൽ 61) അജിൻക്യ രഹാനെ (22 പന്തിൽ 33) സഖ്യം 65 റൺസ് കൂട്ടിചേർത്തു. ടീമിനെ തകർച്ചയിൽ നിന്ന് രക്ഷിച്ചതും ഈ ഇന്നിങ്സായിരുന്നു. എന്നാൽ ലോക്കി ഫെർഗൂസണിന്റെ പന്തിൽ ഫാഫിന് ക്യാച്ച് നൽകി രഹാനെ മടങ്ങി. ശിവം ദുബെ (7), മിച്ചൽ സാന്റ്നർ (3) തീർത്തും നിരാശപ്പെടുത്തി.

രവീന്ദ്ര ജഡേജയും (22 പന്തിൽ പുറത്താവാതെ 42), എം എസ് ധോണിയും (13 പന്തിൽ 25) ശ്രമിച്ചെങ്കിലും വിജയത്തിലേക്ക് നയിക്കാൻ സാധിച്ചില്ല. പ്ലേ ഓഫ് കടമ്പ മറികടക്കാൻ അവസാന രണ്ട് ഓവറിൽ 35 റൺസാണ് ചെന്നൈക്ക് വേണ്ടിയിരുന്നത്. ഫെർഗൂസൺ എറിഞ്ഞ 19-ാ ഓവറിൽ 18 റൺസ് അടിച്ചെടുത്തു. പിന്നീട് അവസാന ഓവറിൽ വേണ്ടത് 17 റൺസ്. അവസാന ഓവർ എറിയാനെത്തിയ യഷ് ദയാലിന്റെ ആദ്യ പന്ത് തന്നെ ധോണി സിക്സർ പറത്തി. രണ്ട് പന്തിൽ ധോണി മടങ്ങി. മൂന്നാം പന്തിൽ ഷാർദുൽ ഠാക്കൂറിന് റൺസെടുക്കാനായില്ല. അവസാന മൂന്ന് പന്തിൽ വേണ്ടത് 11 റൺസ്. നാലാം പന്തിൽ സിംഗിൾ. അവസാന രണ്ട് പന്തിൽ വേണ്ടത് 10 റൺസ്. എന്നാൽ ജഡേജയ്ക്ക് പന്തിൽ തൊടാനായില്ല.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബെംഗളൂരു 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 218 റൺസെടുത്തു. ക്യാപ്റ്റൻ ഫാഫ് ഡുപ്ലേസി അർധ സെഞ്ചറി നേടി. 39 പന്തുകൾ നേരിട്ട ഡുപ്ലേസി 54 റൺസെടുത്തു. ഓപ്പണിങ് ബാറ്റർ വിരാട് കോലി 29 പന്തിൽ 47 റൺസെടുത്തു. ഹോം ഗ്രൗണ്ടിൽ നിർണായക മത്സരത്തിന് ഇറങ്ങിയ ആർസിബിക്ക് മികച്ച തുടക്കമാണ് ഓപ്പണർമാർ നൽകിയത്. ഓപ്പണിങ് കൂട്ടുകെട്ടിൽ ഇരുവരും ചേർന്ന് അടിച്ചത് 78 റൺസ്. പവർപ്ലേയിൽ 42 റൺസാണ് ബെംഗളൂരു നേടിയത്. മിച്ചൽ സാന്റ്‌നറിന്റെ പന്തിൽ ഡാരിൽ മിച്ചൽ ക്യാച്ചെടുത്ത് കോലിയെ പുറത്താക്കി.

സ്‌കോർ 113 ൽ നിൽക്കെ ഡുപ്ലേസി റൺഔട്ടായി. പിന്നാലെയെത്തിയ രജത് പട്ടീദാറും കാമറൂൺ ഗ്രീനും തകർത്തടിച്ചതോടെ ആർസിബി സ്‌കോർ അതിവേഗം കുതിച്ചു. 23 പന്തിൽ 41 റൺസെടുത്ത രജത് പട്ടീദാറിനെ ഷാർദൂൽ ഠാക്കൂറാണു പുറത്താക്കിയത്. ദിനേഷ് കാർത്തിക്ക് 14 റൺസും ഗ്ലെൻ മാക്‌സ്‌വെൽ 16 റൺസും എടുത്തു പുറത്തായി. 17 പന്തുകൾ നേരിട്ട കാമറൂൺ ഗ്രീൻ 38 റൺസുമായി പുറത്താകാതെനിന്നു. ചെന്നൈയ്ക്കായി ഷാർദൂൽ ഠാക്കൂർ രണ്ടും തുഷാർ ദേശ്പാണ്ഡെ, മിച്ചൽ സാന്റ്‌നർ എന്നിവർ ഓരോ വിക്കറ്റു വീതവും വീഴ്‌ത്തി.