- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റൺമല ഉയർത്തി പഞ്ചാബ്; ഹൈദരാബാദിന് 215 റൺസ് വിജയലക്ഷ്യം
ഹൈദരാബാദ്: ഐപിഎല്ലിൽ അവസാന ലീഗ് മത്സരത്തിൽ പഞ്ചാബ് കിങ്‌സിനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദിന് 215 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 214 റൺസടിച്ചു. ഓപ്പണറായി ഇറങ്ങി 44 പന്തിൽ 71 റൺസടിച്ച പ്രഭ്സിമ്രാൻ സിംഗാണ് പഞ്ചാബിന്റെ ടോപ് സ്‌കോറർ. മറ്റൊരു ഓപ്പണറായ അഥർവ ടൈഡെ 27 പന്തിൽ 46 റൺസടിച്ചപ്പോൾ റിലീ റൂസോ 24 പന്തിൽ 49 റൺസെടുത്തു. ഹൈദരാബാദിനായി നടരാജനും കമിൻസും ഓരോ വിക്കറ്റ് വീതമെടുത്തു.
ടോസിലെ ഭാഗ്യത്തിന് പിന്നാലെ ക്രീസിലെത്തിയ പഞ്ചാബിനായി പ്രഭ്സിമ്രാനും ടൈഡെയും ചേർന്ന് തകർപ്പൻ തുടക്കമാാണ് നൽകിയത്. ആദ്യ രണ്ടോവറിൽ 12 റൺസടിച്ച പഞ്ചാബ് പക്ഷെ പവർ പ്ലേ കഴിഞ്ഞപ്പോഴേക്കും 61 റൺസിലെത്തിയിരുന്നു. പവർപ്ലേ കഴിഞ്ഞും ഇരുവരും ആക്രമണം കനപ്പിച്ചതോടെ പഞ്ചാബ് പത്താം ഓവറിൽ 100 റൺസിന് അടുത്തെത്തി.
ഓപ്പണിങ് വിക്കറ്റിൽ 9 ഓവറിൽ 97 റൺസടിച്ച ശേഷമാണ് പഞ്ചാബിന്റെ ആദ്യ വിക്കറ്റ് വീഴ്‌ത്താൻ ഹൈദരാബാദിനായത്. അർധസെഞ്ചുറിക്ക് അരികെ അഥർവ ടൈഡെ(27 പന്തിൽ 46)യെ പുറത്താക്കിയ നടരാജനാണ് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. എന്നാൽ മൂന്നാം നമ്പറിലിറങ്ങിയ പഞ്ചാബിന്റെ ഒരേയൊരു വിദേശതാരം റിലീ റൂസ്സോ പ്രഭ്‌സിമ്രാനൊപ്പം ചേർന്നതോടെ പഞ്ചാബ് വീണ്ടും ടോപ് ഗിയറിലായി.
34 പന്തിൽ അർധസെഞ്ചുറി തികച്ച പ്രഭ്സിമ്രാൻ 14-ാം ഓവറിൽ പഞ്ചാബ് 150 കടന്നതിന് പിന്നാലെ വ്യാസ്‌കാന്തിന്റെ പന്തിൽ പുറത്തായി. പിന്നാലെ തകർത്തടിച്ച് ക്രീസിൽ നിന്ന റിലീ റൂസോ അർധസെഞ്ചുറിക്ക് ഒരു റൺസകലെ കമിൻസിന്റെ ഫുൾടോസിൽ വീണു. അതിവേഗം 200 ലേക്ക് കുതിച്ച പഞ്ചാബിനെ അവസാന നാലോവറുകളിൽ തുടർച്ചയായി വിക്കറ്റെടുത്ത് ഹൈദരാബാദ് ബൗളർമാർ പിടിച്ചു കെട്ടിയെങ്കിലും ഇന്നിങ്‌സിലെ അവസാന രണ്ട് പന്തും സിക്‌സ് പറത്തിയ ജിതേഷ് ശർമ(15 പന്തിൽ 32*) പഞ്ചാബിനെ 214 റൺസിലെത്തിച്ചു.
റൂസോയുമായുള്ള ധാരണപ്പിശകിൽ ശശാങ്ക് സിങ്(2) റണ്ണൗട്ടായതും അശുതോഷ് ശർമ(2) പെട്ടെന്ന് മടങ്ങിയതും പഞ്ചാബിന് തിരിച്ചടിയായി 16 ഓവറിൽ 174 റൺസിലെത്തിയ പഞ്ചാബ് അവസാന നാലോവറിൽ 40 റൺസ് മാത്രമാണ് നേടിയത്. ഇതിൽ അവസാന രണ്ട് പന്തുകളിലെ സിക്‌സും ഉൾപ്പെടുന്നു. ഹൈദരാബാദിനായി നടരാജനും വിജയകാന്ത വിയാസ്‌കാന്തും ഓരോ വിക്കറ്റ് വീഴ്‌ത്തി.