- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഞ്ചാബിനെ നാല് വിക്കറ്റിന് കീഴടക്കി ഹൈദരാബാദ് രണ്ടാമത്
ഹൈദരാബാദ്: ഐപിഎല്ലിൽ പഞ്ചാബ് കിങ്‌സിനെ നാല് വിക്കറ്റിന് കീഴടക്കി സൺറൈസേഴ്‌സ് ഹൈദരാബാദ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. പഞ്ചാബ് ഉയർത്തിയ 215 റൺസ് വിജയലക്ഷ്യം അഭിഷേക് ശർമയുടെ വെടിക്കെട്ട് അർധസെഞ്ചുറിയുടെയും(28 പന്തിൽ 66), നിതീഷ് റെഡ്ഡി, ഹെന്റിച്ച് ക്ലാസൻ എന്നിവരുടെ തകർപ്പൻ ബാറ്റിന്റെയും കരുത്തിൽ ഹൈദരാബാദ് അഞ്ച് പന്തുകൾ ശേഷിക്കെ ആറ് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. സ്‌കോർ പഞ്ചാബ് കിങ്‌സ് 20 ഓവറിൽ 214-5, സൺറൈസേഴ്‌സ് ഹൈദരാബാദ് 19.1 ഓവറിൽ 215-6
പഞ്ചാബിനെതിരെ ജയിച്ചതോടെ 17 പോയന്റുമായാണ് ഹൈദരാബാദ് പോയന്റ് പട്ടികയിൽ 16 പോയിന്റുള്ള രാജസ്ഥാൻ റോയൽസിനെ പിന്തള്ളി രണ്ടാം സ്ഥാനത്തേക്ക് ഉയർന്നത്. ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തോൽപ്പിച്ചാൽ രാജസ്ഥാന് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് ആദ്യ ക്വാളിഫയറിന് യോഗ്യത നേടാം. തോറ്റാൽ എലിമിനേറ്ററിൽ ആർസിബി ആകും രാജസ്ഥാന്റെ എതിരാളികൾ.
മറുപടി ബാറ്റിങ്ങിലെ ആദ്യ പന്തിൽ തന്നെ ഹൈദരാബാദിന് ട്രാവിസ് ഹെഡിനെ നഷ്ടമായി. അർഷ്ദീപ് സിങ്ങിന്റെ പന്തിൽ ഹെഡ് ബോൾഡാകുകയായിരുന്നു. അഭിഷേക് ശർമയും രാഹുൽ ത്രിപാഠിയും കൈകോർത്തതോടെ ഹൈദരാബാദ് സ്‌കോർ കുതിച്ചുകയറി. രണ്ടാം വിക്കറ്റിൽ അഭിഷേക് ശർമയും രാഹുൽ ത്രിപാഠിയും(18 പന്തിൽ 33) ചേർന്ന് അഞ്ചോവറിൽ 72 റൺസ് അടിച്ചെടുത്ത് പഞ്ചാബിനെ ഞെട്ടിച്ചു. നാല് ഓവറുകളിൽ 50 പിന്നിട്ട സൺറൈസേഴ്‌സ്, പവർപ്ലേയിൽ അടിച്ചത് 84 റൺസ്. 33 റൺസെടുത്ത രാഹുൽ ത്രിപാഠിയെ ഹർഷൽ പട്ടേലിന്റെ പന്തിൽ അർഷ്ദീപ് സിങ് ക്യാച്ചെടുത്തു പുറത്താക്കി.
ത്രിപാഠിയെ ഹർഷൽ പട്ടേൽ മടക്കിയെങ്കിലും അടി തുടർന്ന അഭിഷേക് 21 പന്തിൽ അർധസെഞ്ചുറി തികച്ചു. ഫിഫ്റ്റിയടിച്ചശേഷം രണ്ട് സിക്‌സു കൂടി പറത്തി11-ാം ഓവറിൽ അഭിഷേക് പുറത്തായെങ്കിലും അപ്പോഴേക്കും ഹൈദരാബാദ് സ്‌കോർ 134ൽ എത്തിയിരുന്നു. സ്‌കോർ 129 ൽ നിൽക്കെ അഭിഷേക് ശർമയെ ശശാങ്ക് സിങ് മടക്കി. വമ്പൻ അടികളുമായി നിതീഷ് കുമാർ റെഡ്ഡി കളം നിറഞ്ഞെങ്കിലും അധികനേരം ക്രീസിൽ നിലയുറപ്പിച്ചില്ല, 37 റൺസെടുത്ത താരത്തെ പുറത്താക്കി ഹർഷൽ പട്ടേൽ രണ്ടാം വിക്കറ്റ് സ്വന്തമാക്കി.
ഹൈദരാബാദ് സ്‌കോർ 200 കടന്നതിനു പിന്നാലെ ക്ലാസൻ, ഹർപ്രീത് ബ്രാറിന്റെ പന്തിൽ ബോൾഡായി. അവസാന ഓവറിൽ ഹൈദരാബാദിന് നാലു റൺസ് മാത്രമായിരുന്നു ജയിക്കാൻ വേണ്ടിയിരുന്നത്. അഥർവ ടൈഡെ എറിഞ്ഞ ആദ്യ പന്തു തന്നെ ബൗണ്ടറി കടത്തി സൻവിർ സിങ് വിജയ റൺസ് കുറിച്ചു. പഞ്ചാബിനായി ഹർഷൽ പട്ടേലും അർഷ്ദീപ് സിംഗും രണ്ട് വിക്കറ്റ് വീഴ്‌ത്തി.
ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 214 റൺസെടുത്തു. ഓപ്പണർ പ്രബ്‌സിമ്രൻ സിങ് പഞ്ചാബിനായി അർധ സെഞ്ചറി (45 പന്തിൽ 71) നേടി. അഥർവ ടൈഡെ (27 പന്തിൽ 46), റിലീ റൂസ്സോ (24 പന്തിൽ 49) എന്നിവരും തിളങ്ങി. മികച്ച തുടക്കമാണ് ഓപ്പണർമാർ പഞ്ചാബിന് നൽകിയത്. അഥർവ ടൈഡെയും പ്രബ്‌സിമ്രൻ സിങ്ങും ഒന്നാം വിക്കറ്റിൽ 97 റൺസ് കൂട്ടിച്ചേർത്തു. അഥർവയെ ടി. നടരാജന്റെ പന്തിൽ സൻവിർ സിങ് ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. പിന്നാലെയെത്തിയ റിലീ റൂസ്സോയും തകർത്തടിച്ചതോടെ 13.4 പന്തുകളിൽ പഞ്ചാബ് 150 പിന്നിട്ടു.
പ്രബ്‌സിമ്രൻ സിങ്ങിനെ വിക്കറ്റ് കീപ്പർ ക്ലാസന്റെ കൈകളിലെത്തിച്ച് വിജയകാന്ത് ഈ കൂട്ടുകെട്ട് പൊളിച്ചു. മധ്യനിരയിൽ ശശാങ്ക് സിങ്ങും അശുതോഷ് ശർമയും നിരാശപ്പെടുത്തി. ഇരുവരും രണ്ട് റൺസ് വീതമെടുത്തു പുറത്താകുകയായിരുന്നു. ഹൈദരാബാദ് ക്യാപ്റ്റൻ പാറ്റ് കമിൻസാണ് റിലീ റൂസോയെ മടക്കിയത്. അവസാന ഓവറിൽ ക്യാപ്റ്റൻ ജിതേഷ് ശർമ പഞ്ചാബ് സ്‌കോർ 200 കടത്തി. 15 പന്തുകൾ നേരിട്ട ജിതേഷ് ശർമ 32 റൺസെടുത്തു പുറത്താകാതെനിന്നു. ഇന്നിങ്‌സിലെ അവസാന രണ്ടു പന്തുകളും പഞ്ചാബ് ക്യാപ്റ്റൻ സിക്‌സർ പറത്തി. ടോസ് നേടിയ പഞ്ചാബ് ഹൈദരാബാദിനെതിരെ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.