ഗുവാഹത്തി: തുടർച്ചയായ തോൽവികൾക്ക് പിന്നാലെ അവസാന മത്സരത്തിൽ നിർഭാഗ്യം മഴയുടെ രൂപത്തിൽ വന്നതോടെ ഐപിഎൽ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് വീണ് രാജസ്ഥാൻ റോയൽസ്. ഗുവാഹത്തിയിൽ നടക്കേണ്ടിയിരുന്ന മത്സരം കനത്ത മഴയെ തുടർന്ന് ഉപേക്ഷിച്ചു. മണിക്കൂറുകൾ കാത്തിരുന്ന ആരാധകരെ ആവേശത്തിലാക്കി ഏറെ വൈകി ടോസ് ഇട്ടെങ്കിലും, പിന്നാലെ വീണ്ടും മഴയെത്തിയതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. ഇന്ന് പോയിന്റ് പങ്കുവച്ചതിലൂടെ ലഭിച്ച ഒരു പോയിന്റ് ഉൾപ്പെടെ 14 മത്സരങ്ങളിൽനിന്ന് 17 പോയിന്റോടെ ഹൈദരാബാദിന് ഒപ്പമെത്തിയെങ്കിലും നെറ്റ് റൺറേറ്റിൽ പിന്നിലായതോടെയാണ് രാജസ്ഥാൻ മൂന്നാം സ്ഥാനത്തായത്.

മഴമൂലം ഏഴ് ഓവറാക്കി ചുരുക്കി മത്സരം നടത്താനായിരുന്നു ശ്രമം. ടോസ് നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകൻ ശ്രേയസ് അയ്യർ ബോളിങ് തിരഞ്ഞെടുക്കുകയും ചെയ്തു. ആദ്യ പന്ത് എറിയാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ വീണ്ടും മഴയെത്തിയതോടെ മത്സരം ഉപേക്ഷിക്കാൻ അംപയർമാർ തീരുമാനിക്കുകയായിരുന്നു.

മത്സരം ഉപേക്ഷിച്ചതോടെ, ഇന്നു നടന്ന ആദ്യ മത്സരത്തിൽ പഞ്ചാബ് കിങ്‌സിന്റെ പോരാട്ടവീര്യത്തെ മറികടന്ന് വിജയം നേടിയ സൺറൈസേഴ്‌സ് ഹൈദരാബാദ് രണ്ടാം സ്ഥാനം സ്വന്തമാക്കി. ഹൈദരാബാദിനും 17 പോയിന്റാണെങ്കിലും മികച്ച റൺറേറ്റിന്റെ അടിസ്ഥാനത്തിലാണ് അവർ മുന്നിലെത്തിയത്. നെറ്റ് റൺറേറ്റിൽ ഹൈദരാബാദിന്(+0.414) പിന്നിലായിപ്പോയ രാജസ്ഥാൻ(+0.273) മൂന്നാം സ്ഥാനത്തായി. സൺറൈസേഴ്‌സ് ജയിച്ചതോടെ രണ്ടാം സ്ഥാനം നേടാൻ രാജസ്ഥാന് അവസാന മത്സരത്തിൽ വിജയം അനിവാര്യമായിരുന്നു. കനത്ത മഴയിൽ മത്സരം പൂർണമായും മുടങ്ങിയതോടെ രാജസ്ഥാൻ എലിമിനേറ്ററിലേക്ക് തള്ളപ്പെട്ടു.

ഇതോടെ, മെയ്‌ 21നു നടക്കുന്ന ആദ്യ ക്വാളിഫയറിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. രാജസ്ഥാനെതിരായ മത്സരം ഉപേക്ഷിക്കപ്പെട്ടതോടെ, 14 കളികളിൽനിന്ന് 20 പോയിന്റോടെ കൊൽക്കത്ത ഒന്നാം സ്ഥാനത്തെത്തി. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് കൊൽക്കത്ത സൺറൈസേഴ്‌സ് മത്സരം.

മൂന്നാം സ്ഥാനത്തായ രാജസ്ഥാൻ, മെയ്‌ 22നു നടക്കുന്ന എലിമിനേറ്ററിൽ റോയൽ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് രാജസ്ഥാൻ ആർസിബി എലിമിനേറ്റർ പോരാട്ടവും. ഈ മത്സരത്തിൽ ജയിക്കുന്നവർ, മെയ്‌ 24ന് ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം ക്വാളിഫയറിൽ, ഒന്നാം ക്വാളിഫയറിൽ തോൽക്കുന്ന ടീമുമായി ഏറ്റുമുട്ടും. ഇതിൽ വിജയിക്കുന്നവർ 26ന് ചെന്നൈയിൽ നടക്കുന്ന ഫൈനലിൽ ഏറ്റുമുട്ടും.

ഇന്ന് നടന്ന ആദ്യ മത്സരത്തിൽ പഞ്ചാബ് കിങ്‌സിനെ വീഴ്‌ത്തിയാണ് സൺറൈസേഴ്‌സ് ഹൈദരാബാദ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. പഞ്ചാബ് ഉയർത്തിയ 215 റൺസ് വിജയലക്ഷ്യം അഭിഷേക് ശർമയുടെ വെടിക്കെട്ട് അർധസെഞ്ചുറിയുടെയും(28 പന്തിൽ 66), നിതീഷ് റെഡ്ഡി, ഹെന്റിച്ച് ക്ലാസൻ എന്നിവരുടെ തകർപ്പൻ ബാറ്റിന്റെയും കരുത്തിൽ ഹൈദരാബാദ് 19.1 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ മറികടന്നിരുന്നു.