ബെംഗലൂരു: ഐപിഎല്ലിലെ നിർണായക പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനെ കീഴടക്കി പ്ലേ ഓഫിലേക്ക് യോഗ്യത നേടിയ റോയൽ ചലഞ്ചേഴ്‌സ് ബെംഗലൂരു ടീമിന്റെ ആഘോഷങ്ങൾ അതിരുവിട്ടോ? സ്വന്തം കാണികളെ അഭിവാദ്യം ചെയ്ത് ആർസിബി താരങ്ങൾ ഗ്രൗണ്ടിന് ചുറ്റും വലംവച്ചതോടെ മത്സരശേഷമുള്ള പതിവു ഹസ്തദാനത്തിനായി എം എസ് ധോണി അടക്കമുള്ള ചെന്നൈ താരങ്ങൾ ആർസിബി താരങ്ങളെ കാത്തു നിന്ന് മടുത്തു.

ആർസിബി താരങ്ങളെ കാത്തുനിന്നു മടുത്തതോടെ എതിർടീമിന് ഷെയ്ക് ഹാൻഡ് നൽകാതെ എം എസ് ധോണി ഡ്രസിങ് റൂമിലേക്ക് മടങ്ങിയിരുന്നു. എന്നാൽ താരങ്ങൾ തമ്മിലുള്ള ഷെയ്ക് ഹാൻഡ് വൈകിപ്പിച്ച ആർസിബിയുടെ നടപടി ശരിയായില്ലെന്ന് ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ മൈക്കൽ വോഗൻ പ്രതികരിച്ചു. ക്രിക്കറ്റ് കമന്റേറ്റർ ഹർഷ ബോഗ്‌ലെയും ആർസിബി താരങ്ങൾക്കെതിരെ രംഗത്തെത്തി.

ചിന്നസ്വാമി സ്റ്റേഡിയത്തിൽ ചെന്നൈയെ വീഴ്‌ത്തിയശേഷം ഗ്രൗണ്ടിന് ചുറ്റും നടന്ന് ആരാധകർക്ക് നന്ദിപറയാൻ ആർസിബി താരങ്ങൾ പോയതോടെ ചെന്നൈ താരങ്ങൾ ആർസിബി താരങ്ങളെ കാത്തു നിന്ന് മടുത്തതാണ് വിമർശനങ്ങൾക്ക് ഇടയാക്കുന്നത്.

ആർസിബി താരങ്ങൾ ഗ്രൗണ്ടിന് ചുറ്റും ഓടിനടന്ന് ആരാധകരോട് നന്ദി പറയുന്നതിനിടെ കാത്തു നിന്ന് മടുത്ത ധോണി ഹസ്തദാനത്തിന് നിൽക്കാതെ ഡഗ് ഔട്ടിലേക്ക് തിരിച്ചു നടന്നത്. നായകൻ ഋതുരാജ് ഗെയ്ക്വാദ് അടക്കമുള്ള താരങ്ങൾ അഞ്ച് മിനിറ്റോളം ഗ്രൗണ്ടിൽ കാത്തുനിന്ന ശേഷമാണ് ആർസിബി താരങ്ങൾ എത്തിയത്. ഇതിനിടെ ഡഗ് ഔട്ടിലേക്ക് നടന്ന ധോണി അവിടെയുണ്ടായിരുന്ന ആർസിബി സപ്പോർട്ട് സ്റ്റാഫിന് ഹസ്തദാനം നടത്തുകയും ചെയ്തു.

ഡ്രസിങ് റൂമിലേക്കു കയറിപ്പോകുന്ന ധോണിയുടെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. എന്നാൽ ഈ ദൃശ്യങ്ങൾ ശ്രദ്ധയിൽപെട്ട ആർസിബി താരം വിരാട് കോലി ധോണിയെ അന്വേഷിച്ച് ചെന്നൈ സൂപ്പർ കിങ്‌സിന്റെ ഡ്രസിങ് റൂം വരെ എത്തിയതായാണ് വിവരം.

ഈ ഐപിഎല്ലോടെ വിരമിക്കുമെന്ന് കരുതുന്ന ധോണിയെ പോലും ബഹുമാനിക്കാതെ ഐപിഎൽ കിരീടം നേടിയതുപോലെ ചെന്നൈക്കെതിരായ വിജയം ആഘോഷിച്ച ആർ സി ബി താരങ്ങൾക്കെതിരെ ആരാധകർ വിമർശനവുമായി എത്തുകയും ചെയ്തു. ഇനി ഒരിക്കൽ കൂടി ഐപിഎല്ലിൽ കളിക്കണമെന്ന് പറയരുതെന്നും അതിന് കഴിയില്ലെന്നും മത്സരശേഷം ധോണി വ്യക്തമാക്കിയിരുന്നു.

കളിക്കുശേഷം നടന്ന ടെലിവിഷൻ ചർച്ചയിൽ മുൻ സി എസ് കെ താരമായ അംബാട്ടി റായുഡു പറഞ്ഞത് ആർസിബി ആരാധകരുടെ ആവേശം കാണുമ്പോൾ അവർ ഇത്തവണ കപ്പ് എടുക്കണമെന്നും കഴിഞ്ഞില്ലെങ്കിൽ ചെന്നൈ തങ്ങളുടെ അഞ്ച് കിരീടങ്ങളൊന്ന് ആർസിബിക്ക് സമ്മാനമായി നൽകണമെന്നും ആയിരുന്നു.

"നിങ്ങൾക്ക് ഒരു ലോകകപ്പ് വിജയിക്കാനാകുമായിരിക്കും. നിങ്ങളുടെ വികാരങ്ങൾ ആഘോഷിക്കുകയും ചെയ്യാം. എന്നാൽ എതിരാളികളുമായി തീർച്ചയായും ഷെയ്ക് ഹാൻഡ് ചെയ്യണം. ക്രിക്കറ്റിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ് ഷെയ്ക് ഹാൻഡ്. പോരാട്ടം അതോടെ അവസാനിച്ചു എന്നതിന്റെ പ്രതീകമായിട്ടാണ് അതു ചെയ്യുന്നത്. അതിനു ശേഷം ആഘോഷിക്കാൻ സമയമുണ്ടല്ലോ." ഹർഷ ഒരു സ്പോർട്സ് മാധ്യമത്തിൽ പ്രതികരിച്ചു.