- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ധോണി സിഎസ്കെയിൽ തുടരുമോ? വ്യക്തമാക്കാതെ ചെന്നൈ സിഇഒ
റാഞ്ചി: ഐപിഎല്ലിൽ പ്ലേ ഓഫ് കാണാതെ ചെന്നൈ സൂപ്പർ കിങ്സ് പുറത്തായതിന്റെ നിരാശയിലാണ് ആരാധകർ. എന്നാൽ അഞ്ച് കിരീടങ്ങൾ ടീമിന് നേടിക്കൊടുത്ത മുൻ നായകൻ എം എസ് ധോണി അടുത്ത സീസണിൽ ടീമിൽ തുടരുമോയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം ടീം മാനേജ്‌മെന്റ് ഇതുവരെ നൽകിയിട്ടില്ല. ചെന്നൈ പ്ലേ ഓഫിലെത്താതെ പുറത്തായതോടെ ധോണി ഇതുവരെ പ്രതികരണം ഒന്നും നടത്തിയിട്ടില്ല. ഇതിനിടെ ധോണി സ്വന്തം നാടായ റാഞ്ചിയിലെത്തുകയും ചെയ്തു.
ധോണി അടുത്ത സീസൺ കളിക്കുമോ എന്നുള്ളത് ഐപിഎല്ലിൽ പതിനേഴാം സീസൺ തുടങ്ങിയപ്പോൾ മുതൽ ക്രിക്കറ്റ് ലോകത്തെ ഏറ്റവും വലിയ ചോദ്യമായിരുന്നു. വരുന്ന രണ്ട് മാസത്തിനിടെ ധോണി തീരുമാനമെടുക്കുമെന്നുള്ള റിപ്പോർട്ടുകളുമുണ്ട്. ചെന്നൈ പ്ലേ ഓഫിൽ നിന്ന് പുറത്തായി രണ്ടുദിവസം കഴിഞ്ഞിട്ടും ടീം സിഇഒ കാശി വിശ്വനാഥനുപോലും ഇതിന് ഉത്തരമില്ല. ധോണി ഒന്നും പറഞ്ഞിട്ടില്ല. എല്ലാം ധോണി തീരുമാനിക്കും പോലെ എന്ന് മാത്രമാണ് ടീം മാനേജ്മെന്റിന്റെ ഔദ്യോഗിക മറുപടി.
റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരായ തോൽവിക്ക് ശേഷം സിഎസ്‌കെ ക്യാംപ് വിട്ട ആദ്യതാരം ധോണിയാണ്. ബംഗളൂരുവിൽ നിന്ന് ഞായറാഴ്ച രാവിലെ ധോണി റാഞ്ചിയിലേക്ക് പറന്നു. ആർക്കും പ്രവചിക്കാൻ കഴിയാത്തതാണ് കളത്തിനകത്തും പുറത്തും ധോണിയുടെ തീരുമാനങ്ങൾ. ഇന്ത്യൻ ടീമിൽ നിന്നുള്ള ധോണിയുടെ വിരമിക്കൽ പ്രഖ്യാപനവും ഇങ്ങനെയായിരുന്നു.
ഈ സീസണോടെ ഐപിഎല്ലിൽ നിന്ന് ധോണി പടിയിറങ്ങുമെന്നാണ് പൊതുവെ എല്ലാവരും കരുതിയിരുന്നത്. അത്തരം പലസൂചനകൾ നൽകിയെങ്കിലും ധോണി ഒന്നും വ്യക്തമാക്കിയിരുന്നില്ല. ഇതുകൊണ്ടുതന്നെ ധോണി അടുത്ത സീസണിൽ കളിക്കുമോയെന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്.
അടുത്ത സീസണിൽ മെഗാ താരലേലമായതിനാൽ ധോണിയുടെ കാര്യത്തിൽ വൈകാതെ തീരുമാനം ഉണ്ടാകുമെന്നുറപ്പാണ്. ടീമിൽ ആരെയൊക്കെ നിലനിർത്തണമെന്ന് നവംബറിന് മുൻപ് തീരുമാനിക്കേണ്ടിവരും. സി എസ് കെ ടീം ഉടമ എൻ ശ്രീനിവാസനുമായി ചർച്ച ചെയ്ത് 42കാരനായ ധോണി തീരുമാനം അറിയിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
അതേ സമയം അടുത്ത സീസണിലും എം എസ് ധോണി ചെന്നൈ സൂപ്പർ കിങ്സിനൊപ്പം ഉണ്ടാവുമെന്ന് മുൻ ഓസ്ട്രേലിയൻ താരവും കമന്റേറ്ററുമായ മാത്യൂ ഹെയ്ഡൻ സൂചന നൽകി. എന്നാൽ അത് കളിക്കാരനായിട്ട് അല്ലായിരിക്കുമെന്നും ഹെയ്ഡൻ വ്യക്തമാക്കി.
അദ്ദേഹം ചെന്നൈക്കൊപ്പം അവസാന മത്സരം കളിച്ചുകഴിഞ്ഞെന്നാണ് ഹെയ്ഡന്റെ അഭിപ്രായം. അദ്ദേഹത്തിന്റെ വാക്കുകൾ... "ധോണി അദ്ദേഹത്തിന്റെ അവസാനമത്സരം കളിച്ചുകഴിഞ്ഞു. എന്നാൽ ധോണിയെ വരും സീസണിലും നമുക്ക് കാണാം. എന്നാൽ അത് ഉപദേശകനോ അല്ലെങ്കിൽ പരിശീലകനോ ഒക്കെ ആയിട്ടായിരിക്കാം. അദ്ദേഹം പരിചയസമ്പത്തും പരിജ്ഞാനവും മനോഹരമായി ഉപയോഗിക്കുന്നു. അദ്ദേഹം ഇപ്പോഴും കരുത്തനാണ്. കൽക്കുന്ന ഷോട്ടുകളെല്ലാം ഒന്നിനൊന്ന് മെച്ചം. മുൻനിരയിൽ കളിക്കുന്നുവർക്കും അനായാസം പന്ത് അതിർത്തി കടത്താൻ സാധിച്ചേക്കാം. എന്നാൽ ഇന്നിങ്സിന്റെ അവസാനം കളിക്കുന്നവർക്ക് അത്രത്തോളം കഴിയണമെന്നില്ല. എന്നാൽ ധോണി അനായാസം ചെയ്യുന്നു." ഹെയ്ഡൻ പറഞ്ഞു.