- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രോഹിതിന്റെ സ്വകാര്യ സംഭാഷണം: വിശദീകരണവുമായി സ്റ്റാർ സ്പോർട്സ്
ന്യൂഡൽഹി: ഐപിഎൽ പരിശീലനത്തിനിടെ താരങ്ങളുടെ സ്വകാര്യ സംഭാഷണങ്ങൾ സംപ്രേഷണം ചെയ്യുന്നു എന്ന ആരോപണത്തിൽ വിശദീകരണവുമായി ഐപിഎൽ സംപ്രേഷകരായ സ്റ്റാർ സ്പോർട്സ്. മുംബൈ ഇന്ത്യൻസ്-കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിന് മുമ്പ് കൊൽക്കത്തയുടെ ബാറ്റിങ് പരിശീലകൻ അഭിഷേക് നായരുമായി മുംബൈ ഇന്ത്യൻസ് താരമായ രോഹിത് ശർമ നടത്തിയ സൗഹൃദ സംഭാഷണം പുറത്തുവിട്ട സംഭവത്തിലാണ് വിശദീകരണം.
പരിശീലന സമയത്തെ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ തങ്ങൾക്ക് അനുവാദമുണ്ടെന്നും എന്നാൽ ഈ ദൃശ്യങ്ങളുടെ ശബ്ദം റെക്കോർഡ് ചെയ്യുകയോ സംപ്രേഷണം ചെയ്യുകയോ ചെയ്തിട്ടില്ലെന്നും സ്റ്റാർ അധികൃതർ വ്യക്തമാക്കി. പരിശീലന സമയത്തെ ദൃശ്യങ്ങളും സംഭാഷണങ്ങളും സംപ്രേഷണം ചെയ്യുന്നത് താരങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് കഴിഞ്ഞ ദിവസം ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സ്റ്റാർ വിശദീകരണവുമായി രംഗത്തെത്തിയത്.
വാങ്കഡെയിൽ പരിശീലനം നടത്തവെ അഭിവാദ്യം ചെയ്യാനായി തനിക്കരികിലെത്തിയ അഭിഷേക് നായരുമായി രോഹിത് നടത്തിയ സൗഹൃദ സംഭാഷണം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് അവരുടെ സമൂഹമാധ്യങ്ങളിലൂടെ പുറത്തുവിട്ടിരുന്നു.ഇതിനെ രോഹിത് ഇന്നലെ എക്സ് പോസ്റ്റിൽ രൂക്ഷമായി വിമർശിച്ചിരുന്നു.
എന്നാൽ രോഹിത്തിന്റെ സ്വകാര്യ സംഭാഷണത്തിന്റെ ഓഡിയോ തങ്ങൾ റെക്കോർഡ് ചെയ്തിട്ടില്ലെന്നും ടീമുകളുടെ പരിശീലനവും തയ്യാറെടുപ്പുകളും റെക്കോർഡ് ചെയ്യുന്നതിന് സ്റ്റാർ സ്പോർട്സിന് അവകാശമുണ്ടെന്നും രോഹിത്തിനുള്ള വിശദീകരണത്തിൽ സ്റ്റാർ സ്പോർട്സ് വ്യക്തമാക്കി.മെയ് 16 ന് വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന പരിശീലന സെഷനിൽ എടുത്ത ക്ലിപ്പ്, സ്റ്റാർ സ്പോർട്സിന് ഉപയോഗിക്കാൻ അവകാശമുള്ളതാണ്. മുംബൈ ഇന്ത്യൻസിലെ ഒരു സീനിയർ താരം തന്റെ സുഹൃത്തുമായി സൗഹൃദ സംഭാഷണം നടത്തുന്നത് സ്റ്റാർ സ്പോർട്സ് ലൈവിൽ കാണിച്ചിരുന്നു.
മുംബൈ ഇന്ത്യൻസിൽ തന്റെ ഭാവിയെക്കുറിച്ചുള്ള കാര്യങ്ങൾ രോഹിത് സംസാരിക്കുന്ന ഭാഗം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പിന്നാലെ അടുത്ത മത്സരത്തിന്റെ പരിശീലനത്തിനിടെ തന്റെ സംഭാഷണം റെക്കോർഡ് ചെയ്യരുതെന്ന് രോഹിത് ആവശ്യപ്പെടുന്ന ഭാഗം സ്റ്റാർ സംപ്രേഷണം ചെയ്തു. ഇതോടെയാണ് ബ്രോഡ്കാസ്റ്ററിനെതിരെ രോഹിത് രംഗത്തെത്തിയത്.
ഈ സംഭാഷണത്തിലെ ഒരു ഓഡിയോയും സ്റ്റാർ സ്പോർട്സ് റെക്കോർഡ് ചെയ്യുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്തിട്ടില്ല.തന്റെ സംഭാഷണത്തിന്റെ ഓഡിയോ റെക്കോർഡ് ചെയ്യരുതെന്ന് സീനിയർ കളിക്കാരൻ അഭ്യർത്ഥിക്കുന്നത് മാത്രമാണ് വീഡിയോയിൽ കാണിച്ചത്.മത്സരത്തിന് മുമ്പുള്ള ടീമുകളുടെ തയ്യാറെടുപ്പുകളുടെ തത്സമയ കവറേജിലാണിത് ഇത് പ്രക്ഷേപണം ചെയ്തത്.ഇതിനപ്പുറം ഈ വീഡിയോ ക്ലിപ്പിന് എഡിറ്റോറിയൽ പ്രസക്തി ഇല്ലെന്നും സ്റ്റാർ സ്പോർട്സ് വിശദീകരണത്തിൽ പറഞ്ഞു.
ക്രിക്കറ്റ് മത്സരങ്ങൾ സംപ്രേഷണം ചെയ്യുമ്പോൾ പ്രൊഫഷണൽ പെരുമാറ്റത്തിന്റെ ഏറ്റവും ഉയർന്ന മാനദണ്ഡങ്ങൾ സ്റ്റാർ സ്പോര്ർസ് എല്ലായ്പ്പോഴും പാലിക്കാറുണ്ടെന്നും കളിക്കാരുടെ സ്വകാര്യതയെ അങ്ങേയറ്റം ബഹുമാനിക്കാറുണ്ടെന്നും വിശദീകരണത്തിൽ പറയുന്നു.സംഭാഷണത്തിൽ ഇത് മുംബൈക്കൊപ്പമുള്ള തന്റെ അവസാന സീസണായിരിക്കുമെന്ന രോഹിത്തിന്റെ പരാമർശം വൈറലായതോടെ കൊൽക്കത്ത സമൂഹമാധ്യമങ്ങളിൽ നിന്ന് വീഡിയോ ഡീലിറ്റ് ചെയ്തെങ്കിലും അതിനകം അത് കൈവിട്ട് പോയി. ഇതാണ് രോഹിത്തിനെ ചൊടിപ്പിച്ചത്.
ക്രിക്കറ്റ് താരങ്ങളുടെ സ്വകര്യതക്ക് ഇന്നത്തെ കാലത്ത് യാതൊരു പരിഗണനയുമില്ലെന്നും അവരുടെ ഓരോ ചുവടും സംഭാഷണവും ക്യാമറകളുടെ നിരീക്ഷണത്തിലാണെന്നും രോഹിത് എക്സ് പോസ്റ്റിൽ പറഞ്ഞു.മത്സര ദിവസവും പരിശീലനസമയത്തും സുഹൃത്തുക്കളോട് സംസാരിക്കുന്നത് പോലും റെക്കോർഡ് ചെയ്യപ്പെടുകയാണ്.ഞാൻ നടത്തിയൊരു സൗഹൃദ സംഭാഷണം റെക്കോർഡ് ചെയ്യരുതെന്ന് സ്റ്റാർ സ്പോർട്സിനോട് പറഞ്ഞിട്ടും അവരത് റെക്കോർഡ് ചെയ്ത് പുറത്തുവിട്ടുവെന്നും അത് സ്വകാര്യതയിലേക്കുള്ള കടന്നുകയയറ്റമാണെന്നും രോഹിത് ഇന്നലെ എക്സ് പോസ്റ്റിൽ ആരോപിച്ചിരുന്നു.