- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'രാജസ്ഥാനെ കീഴടക്കി ബെംഗളൂരു അനായാസം മുന്നേറും': സുനിൽ ഗവാസ്‌കർ
അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ രണ്ടാം ക്വാളിഫയറിന് യോഗ്യത നേടാൻ കൂടുതൽ സാധ്യത റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനാണെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കർ. എലിമിനേറ്റർ പോരാട്ടം ഏകപക്ഷീയമായിരിക്കുമെന്നാണ് ഗാവസ്‌കറുടെ നിലപാട്. തുടർതോൽവികളിൽ നിന്ന് ആർസിബി അസാമാന്യ തിരിച്ചുവരവാണ് നടത്തിയതെന്നും അത്തരമൊരു തിരിച്ചുവരവ് നടത്തിയ ടീമിന് മുന്നിൽ പിടിച്ചു നിൽക്കാൻ തുടർതോൽവികളുമായി എത്തുന്ന രാജസ്ഥാന് കഴിയില്ലെന്നും ഗവാസ്‌കർ പറയുന്നു.
"ആശ്ചര്യകരമായ കാര്യമാണ് ആർസിബി ചെയ്തത്. അവർക്കു മികച്ച രീതിയിൽ തിരിച്ചടിക്കാൻ സാധിക്കും. ക്യാപ്റ്റൻ ഫാഫ് ഡുപ്ലേസിയും വിരാട് കോലിയും മറ്റു താരങ്ങളെ നന്നായി പ്രചോദിപ്പിക്കുന്നവരാണ്. ഇരുവരും നല്ല പോലെ കളിക്കുന്നുമുണ്ട്." സുനിൽ ഗാവസ്‌കർ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.
"അവസാനം കളിച്ച നാലു മത്സരങ്ങളും തോറ്റ ടീമാണു രാജസ്ഥാൻ റോയൽസ്. കൊൽക്കത്തയ്‌ക്കെതിരായ കളി മഴ കാരണം ഉപേക്ഷിക്കുകയും ചെയ്തു. രാജസ്ഥാൻ പ്രേത്യേകതയുള്ള എന്തെങ്കിലും ചെയ്തില്ലെങ്കിൽ ഇതൊരു ഏകപക്ഷീയമായ കളിയായി മാറും. രാജസ്ഥാൻ റോയൽസിനെ കീഴടക്കി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു അനായാസം മുന്നേറും. ഇതു നടന്നില്ലെങ്കിൽ എനിക്കൊരു സർപ്രൈസ് ആയിരിക്കും." ഗാവസ്‌കർ വ്യക്തമാക്കി.
ആർസിബിയുടെ വിജയത്തെ അത്ഭുത പ്രസിഭാസമെന്നല്ലാതെ മറ്റൊരു വാക്കു കൊണ്ടും വിശേഷിപ്പിക്കാനാവില്ല. കാരണം, തുടർ തോൽവികളെത്തുടർന്ന് തകർന്നിരിക്കുമ്പോൾ ജയിക്കാനുള്ള മാനസികാവസ്ഥ ഉണ്ടാകുക എന്നത് എളുപ്പമല്ല. അതിനവരെ സഹായിച്ചത് ഫാഫ് ഡൂപ്ലെസിയുടെയും വിരാട് കോലിയുടെ നേതൃമികവാണ്. എല്ലാം നഷ്ടമായെന്ന് കരുതി തളർന്നു പോകാമായിരുന്നിടത്തു നിന്നാണ് അവർ ആർസിബിയെ പ്ലേ ഓഫിലെത്തിച്ചത്.മുന്നിൽ നിന്ന് നയിച്ച് ഡൂപ്ലെസിയും കോലിയും അതിന് നേതൃപരമായ പങ്കുവഹിച്ചു.
മറുവശത്ത് കഴിഞ്ഞ നാലോ അഞ്ചോ മത്സരം തോറ്റാണ് രാജസ്ഥാൻ വരുന്നത്. അവസാന മത്സരത്തിലും അവരുടെ പ്രകടനം അത്ര ആശാവഹമായിരുന്നില്ല. കഴിഞ്ഞ 11 ദിവസത്തിനിടെ അവർ അധികം മത്സരമൊന്നും കളിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇന്നത്തെ ആർസിബി-രാജസ്ഥാൻ പോരാട്ടം തീർത്തും ഏകപക്ഷീയമായ മത്സരമായിരിക്കാനാണ് സാധ്യത. അസാമാന്യ ക്രിക്കറ്റ് കളിക്കുന്ന ആർസിബി ആധികാരിക ജയവുമായി രണ്ടാം ക്വാളിഫയറിലെത്തും. അങ്ങനെ സംഭവിക്കാതിരിക്കാൻ രാജസ്ഥാൻ എന്തെങ്കിലും അത്ഭുതം കാട്ടേണ്ടിവരും. അല്ലാത്തപക്ഷം ഇപ്പോഴെ മത്സരഫലം പ്രവചിക്കാമെന്നും ഗവാസ്‌കർ പറഞ്ഞു.
അതേസമയം ബുധനാഴ്ച പേസർ സന്ദീപ് ശർമയുടെ പ്രകടനം രാജസ്ഥാൻ റോയൽസിനു നിർണായകമാകുമെന്ന് മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം മൈക്കൽ വോൺ പ്രതികരിച്ചു. "ബെംഗളൂരുവിനെതിരായ മത്സരത്തിൽ രാജസ്ഥാന് ഏറ്റവും നിർണായകമാകുക സന്ദീപ് ശർമയുടെ സ്‌പെല്ലാകും. പിച്ചിന്റെ സ്വഭാവമനുസരിച്ച് പന്ത് കൈകാര്യം ചെയ്യാൻ കഴിവുള്ള ബോളറാണ് സന്ദീപ്. പവർപ്ലേയിൽ പന്ത് സ്വിങ് ചെയ്യിക്കാനും മധ്യ ഓവറുകളിൽ സ്ലോ ബോളുകളിലൂടെ വിക്കറ്റെടുക്കാനും അവസാന ഓവറുകളിൽ യോർക്കറുകൾ എറിഞ്ഞ് സ്‌കോറിങ് പിടിച്ചുനിർത്താനും സന്ദീപിന് അറിയാം." മൈക്കൽ വോൺ പറഞ്ഞു.
അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ബുധനാഴ്ച രാത്രി 7.30നാണ് രാജസ്ഥാൻബെംഗളൂരു പോരാട്ടം. ജോസ് ബട്‌ലർ നാട്ടിലേക്കു മടങ്ങിയതിനാൽ ഓപ്പണിങ്ങിൽ യശസ്വി ജയ്‌സ്വാളിന് പറ്റിയൊരു കൂട്ടിനെ കണ്ടെത്താൻ രാജസ്ഥാൻ റോയൽസിനു സാധിച്ചിട്ടില്ല. ബട്ലറിന് പകരക്കാരനായി എത്തിയ ടോം കോലെർ കാഡ്‌മോർ ആദ്യ മത്സരത്തിൽ തീർത്തും നിരാശപ്പെടുത്തി. ജയ്‌സ്വാളിന്റെ ഫോമിലും രാജസ്ഥാന് ആശങ്കയുണ്ട്.
ക്യാപ്റ്റൻ സഞ്ജു സാംസൺ മുൻപ് രാജസ്ഥാന്റെ ഓപ്പണറായി കളിച്ചിട്ടുണ്ട്. പക്ഷേ ടീമിലെ ബാറ്റിങ് ക്രമം നിർണായക മത്സരത്തിൽ രാജസ്ഥാൻ പൊളിച്ചുപണിയാൻ സാധ്യത കുറവാണ്. സഞ്ജു സാംസണും റിയാൻ പരാഗും ബാറ്റിങ്ങിൽ തിളങ്ങുമെന്നാണ് രാജസ്ഥാന്റെ പ്രതീക്ഷ. വിൻഡീസ് താരം റോവ്മൻ പവലും സ്ഥിരതയുള്ള പ്രകടനം ഇതുവരെ പുറത്തെടുത്തിട്ടില്ല.