- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്വന്റി 20 ലോകകപ്പ്: ആദ്യ ബാച്ച് ഇന്ന് അമേരിക്കയിലേക്ക്
ചെന്നൈ: ഐപിഎൽ കലാശപ്പോരാട്ടം നാളെ നടക്കാനിരിക്കെ ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ആദ്യ ബാച്ച് ഇന്ന് അമേരിക്കയിലേക്ക് യാത്ര തിരിക്കും. രാത്രി 10ന് ദുബായ് വഴിയാണ് യാത്ര. നായകൻ രോഹിത് ശർമ, വിരാട് കോലി, റിഷഭ് പന്ത്, ജസ്പ്രിത് ബുംറ എന്നിവരടക്കം സീനിയർ താരങ്ങൾ ആദ്യ ബാച്ചിൽ ഉണ്ടാവും. ലണ്ടനിലുള്ള വൈസ് ക്യാപ്റ്റൻ ഹാർദിക് പണ്ഡ്യയും ടീമിനൊപ്പം ചേരും. സഞ്ജു സാംസൺ അടക്കമുള്ളവർ രണ്ടാം ബാച്ചിന് ഒപ്പമാണ് യാത്ര.
ജൂൺ അഞ്ചിനാണ് ഇന്ത്യയുടെ ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കുക. വെസ്റ്റ് ഇൻഡീസിലും യുഎസ്എയിലുമായി നടക്കുന്ന ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ എതിരാളികൾ അയർലണ്ടാണ്.
ഐപിഎല്ലിൽനിന്ന് രാജസ്ഥാൻ റോയൽസ് കൂടി പുറത്തായതോടെ ട്വന്റി-20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ സംഘത്തിലെ ഒരാൾ പോലും ഇല്ലാതെയാണ് ഞായറാഴ്ച നടക്കുന്ന ഫൈനൽ പോരാട്ടം അരങ്ങേറുക. റിസർവ് ലിസ്റ്റിലുള്ള റിങ്കു സിങ് കൊൽക്കത്തയ്ക്കായി കളത്തിലിറങ്ങുമെങ്കിലും പ്രധാന ടീമിലെ ഒരാൾ പോലും ഫൈനലിലെത്തിയ ടീമുകളിൽ ഇല്ലെന്നത് ശ്രദ്ധേയമായി.
രാജസ്ഥാൻ താരങ്ങളായ സഞ്ജു സാംസൺ, യശസ്വി ജയ്സ്വാൾ, യുസ്വേന്ദ്ര ചഹൽ എന്നിവർ ലോകകപ്പിനുള്ള ടീമിൽ ഉണ്ട്. പ്ലേഓഫിൽ പുറത്തായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിലെ രണ്ടു താരങ്ങളാണ് ലോകകപ്പ് സ്‌ക്വാഡിലുള്ളത്. സൂപ്പർ താരം വിരാട് കോഹ്ലിയും പേസർ മുഹമ്മദ് സിറാജും ടീമിന്റെ ഭാഗമാണ്. പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരായ മുംബൈ ഇന്ത്യൻസിന്റെ നാല് താരങ്ങളാണ് ലോകകപ്പ് ടീമിൽ ഇടം നേടിയത്.
നായകൻ രോഹിത് ശർമ, വൈസ് കാപ്റ്റൻ ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുംറ എന്നീ മുംബൈ താരങ്ങളാണ് ടീമിലുള്ളത്. ഡൽഹി കാപിറ്റൽസിന്റെ മൂന്നു താരങ്ങളും ചെന്നൈ സൂപ്പർ കിങ്സിന്റെ രണ്ടു താരങ്ങളും ലോകകപ്പിനുള്ള ടീമിലുണ്ട്.
ലോകകപ്പിനുള്ള ഇന്ത്യൻ സംഘം: രോഹിത് ശർമ, യശസ്വി ജയ്സ്വാൾ, വിരാട് കോലി, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചഹൽ, അർഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്. (റിസർവ് താരങ്ങൾ ശുഭ്മൻ ഗിൽ, റിങ്കു സിങ്, ഖലീൽ അഹമ്മദ്, ആവേശ് ഖാൻ). ജൂൺ ഒന്ന് മുതൽ വെസ്റ്റ് ഇൻഡീസിലും യു.എസിലുമായാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്. അഞ്ചിന് അയർലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.