- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊൽക്കത്തയുടെ പരിശീലനം മുടക്കി ചെന്നൈയിൽ മഴ; കലാശപ്പോരിന് മഴ ഭീഷണി

ചെന്നൈ: ഐപിഎൽ ഫൈനലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്-സൺറൈസേഴ്‌സ് ഹൈദരാബാദ് പോരാട്ടത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ആരാധകരെ നിരാശരാക്കി ചെന്നൈയിൽ കനത്ത മഴ. ഫൈനൽ ദിവസമായ ഞായറാഴ്ച ചെന്നൈയിൽ മഴ പെയ്യുമെന്ന് പ്രവചനമില്ലെങ്കിലും ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി അപ്രതീക്ഷിതമായി മഴ പെയ്യുമോ എന്ന ആശങ്കയിലാണ് ആരാധകർ.
നാളെ ഞായറാഴ്ച നടക്കുന്ന ഫൈനലിന് മുന്നോടിയായി ഇന്ന് വൈകിട്ടോടെ പരിശീലനം നടത്താനിരുന്ന കൊൽക്കത്തയുടെ പരിശീലന സെഷൻ മഴമൂലം പകുതിയിൽ ഉപേക്ഷിച്ചു. ഇന്നലെ രാജസ്ഥാനെതിരായ രണ്ടാം ക്വാളിഫയർ കളിച്ചതിനാൽ സൺറൈസേഴ്‌സ് ഹൈദരാബാദും ഇന്ന് പരിശലനത്തിന് ഇറങ്ങിയില്ല.
വൈകിട്ട് ഫ്‌ളഡ് ലൈറ്റിന് കീഴിൽ പരിശീലനം നടത്താനായി കൊൽക്കത്ത താരങ്ങൾ ഗ്രൗണ്ടിലിറങ്ങി പതിവ് ഫുട്‌ബോൾ പരിശീലനം നടത്തുന്നതിനിടെയാണ് അപ്രതീക്ഷിതമായി മഴയെത്തിയത്. ഇതോടെ കളിക്കാർ ഇൻഡോർ പരിശീലനത്തിലേക്ക് മടങ്ങി.
ഫൈനൽ നടക്കുന്ന ഞായറാഴ്ച മഴ പെയ്യാൻ ഒരു ശതമാനം സാധ്യത മാത്രമാണ് അക്യുവെതർ പ്രവചിക്കുന്നത്. പരമാവധി അന്തരീക്ഷ താപനില 32 ഡിഗ്രി സെൽഷ്യസായിരിക്കുമെന്നും പകൽ സമയത്ത് ഭാഗികമായി ആകാശം മേഘാവൃതമായിരിക്കുന്ന വൈകിട്ടോടെ പൂർണമായും മേഘാവൃതമാകുമെന്നും ആണ് പ്രവചനം.
ഫൈനലിന് റിസർവ് ദിനമുള്ളതിനാൽ നാളെ മഴ മുടക്കിയാലും മത്സരം മറ്റന്നാൾ നടക്കും. ഞായറാഴ്ച മത്സരം എവിടെവെച്ച് നിർത്തിവെക്കുന്നുവോ അവിടം മുതലായിരിക്കും മത്സരം വീണ്ടും പുനരാരാംഭിക്കുക. എന്നാൽ റിസർവ് ദിനത്തിലേക്ക് മത്സരം മാറ്റുന്നതിന് മുമ്പ് നിശ്ചിത ദിവസം തന്നെ മത്സരം സാധ്യമാകുമോ എന്നറിയാൻ രണ്ട് മണിക്കൂർ അധികസമയം അനുവദിച്ചിട്ടുണ്ട്.
ഈ സമയത്തും സാധ്യമായില്ലെങ്കിൽ മാത്രമെ മത്സരം റിസർവ് ദിനമായ തിങ്കളാഴ്ചത്തേക്ക് മാറ്റിവെക്കു.കഴിഞ്ഞ വർഷം അഹമ്മദാബാദിൽ ഗുജറാത്തും ചെന്നൈയും തമ്മിൽ നടന്ന ഐപിഎൽ ഫൈനൽ മഴമൂലം റിസർവ് ദിനത്തിലാണ് പൂർത്തിയാക്കിയത്.

