ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗ് പതിനേഴാം സീസണിലുടനീളം മികച്ച പോരാട്ടം നടത്തി ഒന്നും രണ്ടും സ്ഥാനക്കാരായി പ്ലേ ഓഫിലേക്ക് മുന്നേറിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും - സൺറൈസേഴ്സ് ഹൈദരാബാദും കലാശപ്പോരാട്ടത്തിൽ നേർക്കുനേർ. സൺറൈസേഴ്‌സ് ഹൈദരാബാദ് - കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പോരാട്ടം എല്ലാ അർത്ഥത്തിലും തുല്യശക്തികളുടെ പോരാട്ടമാണ്. ലീഗ് റൗണ്ടിൽ ഒന്ന്, രണ്ട് സ്ഥാനങ്ങളിൽ വന്നവരാണ് ഇരുവരും.

20 പോയിന്റുമായി ലീഗ് ഘട്ടത്തിൽ ഒന്നാം സ്ഥാനക്കാരായാണ് കൊൽക്കത്ത ക്വാളിഫയറിൽ കടന്നത്. ഒരേ പോയിന്റാണെങ്കിലും നെറ്റ് റൺറേറ്റിന്റെ ബലത്തിൽ രാജസ്ഥാൻ റോയൽസിനെ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളിയാണ് ഹൈദരാബാദ് ക്വാളിഫയർ ഉറപ്പിച്ചത്. സീസണിൽ 14 മത്സരങ്ങളിൽ 9 ജയവും 3 തോൽവിയുമടക്കം 20 പോയിന്റുമായി ഒന്നാം സ്ഥാനക്കാരായാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലേഓഫിൽ എത്തിയത്. ടൂർണമെന്റിലെ ഏറ്റവും സന്തുലിത ടീമായ കൊൽക്കത്ത തന്നെയാണ് കിരീടസാധ്യതയിലും മുന്നിൽ. ഐപിഎൽ ചരിത്രത്തിലാദ്യമായി ലീഗ് ടോപ്പറായാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്വാളിഫയറിലെത്തിയത്. 14 മത്സരങ്ങളിൽ തോൽവി അറിഞ്ഞത് മൂന്നെണ്ണത്തിൽ മാത്രം. ബാറ്റിംഗിലും ബൗളിംഗിലും ഒരേ മികവ് പുലർത്തുന്നതാണ് ടീമിന്റെ കരുത്ത്.

കഴിഞ്ഞ സീസൺ വരെ ബോളിങ് കരുത്തിന്റെ പേരിൽ ശ്രദ്ധിക്കപ്പെട്ടിരുന്ന സൺറൈസേഴ്സ് ഹൈദരാബാദ് ഇത്തവണ കളം പിടിച്ചത് ബാറ്റിങ് വെടിക്കെട്ടിലൂടെയാണ്. 14 മത്സരങ്ങളിൽ 8 ജയവും 5 തോൽവിയുമടക്കം 17 പോയിന്റുമായാണ് ഹൈദരാബാദ് പ്ലേഓഫ് ഉറപ്പിച്ചത്. ടീം ഗെയിം കളിച്ചാണ് പാറ്റ് കമ്മിൻസിന്റെ ഹൈദരാബാദ് ഇത്തവണ ക്വാളിഫയറിലെത്തിയത്. ഈ സീസണിൽ റെക്കോർഡുകൾ തകർത്തെറിഞ്ഞ ബാറ്റിന് നിര തന്നെയാണ് അവരുടെ കരുത്ത്. രണ്ടാം ക്വാളിഫയറിൽ രാജസ്ഥാനെ ബൗളിങ് മികവിൽ തോൽപ്പിച്ച് വർധിത ഊർജത്തോടെയാണ് ഹൈദരാബാദ് എത്തുന്നത്. ബാറ്റിംഗിലാണ് ഹൈദരബാദിന്റെ കരുത്ത്. ട്രാവിസ് ഹെഡിനെയും അഭിഷേകിനെയും പിടിച്ചുകെട്ടാനായില്ലെങ്കിൽ കൊൽക്കത്ത കളി കൈവിടും. ഹെന്റിച്ച് ക്ലാസനും അബ്ദുൽ സമദും നിതീഷ് കുമാറുമെല്ലാം തകർത്തടിക്കുന്നവരാണ്.

കൊൽക്കത്ത തങ്ങളുടെ മൂന്നാം കിരീടം ലക്ഷ്യമിടുമ്പോൾ സൺറൈസേഴ്‌സ് ഹൈദരാബാദ് ലക്ഷ്യമിടുന്നത് തങ്ങളുടെ രണ്ടാം കിരീടത്തിനാണ്. 2012,2014 വർഷങ്ങളിൽ കൊൽക്കത്ത ഐപിഎൽ ജേതാക്കളായപ്പോൾ സൺറൈസേഴ്‌സ് 2016ൽ കിരീടത്തിൽ മുത്തമിട്ടു. 2009ൽ ഹൈദരാബാദിൽ നിന്നുള്ള മുൻ ടീമായ ഡെക്കാൻ ചാർജേഴ്‌സും കിരീടം നേടിയിട്ടുണ്ട്. രണ്ട് ടീമുകൾക്കും ഐപിഎൽ ഫൈനലിൽ തോൽവി അറിഞ്ഞതിന്റെ കഥയും പറയാനുണ്ട്. 2021ൽ ചെന്നൈ സൂപ്പർ കിങ്‌സിനോട് കൊൽക്കത്ത തോൽവി വഴങ്ങിയപ്പോൾ സിഎസ്‌കെയോട് തന്നെയാണ് 2018ൽ ഹൈദരാബാദിന്റേയും ഫൈനലിലെ തോൽവി.

ഉയർന്ന സ്‌കോറുകൾ കണ്ട ഐപിഎല്ലിലെ വെടിക്കെട്ട് വീരന്മാരാണ് കൊൽക്കത്തയും ഹൈദരാബാദും. അതുകൊണ്ട് തന്നെ ഫൈനൽ പോരാട്ടവും ഒരുപക്ഷേ സമാനമായ ഒരു പോരാട്ടത്തിന് സാക്ഷ്യം വഹിച്ചേക്കാം. എന്നാൽ മഞ്ഞ് വീഴ്ച മാറി നിൽക്കുന്ന ചെന്നൈയിൽ സ്പിൻ ബൗളിംഗിന് അനുകൂല സാഹചര്യമുണ്ട്. ഇത് തന്നെയാണ് സൺറൈസേഴ്‌സ് രണ്ടാം ക്വാളിഫയറിൽ സഞ്ജുവിന്റെ രാജസ്ഥാനെ വീഴ്‌ത്തിയതിന് പിന്നിൽ.

സ്പിൻ കരുത്ത് നോക്കിയാൽ ഹൈദരാബാദിനെക്കാൾ ഒരുപടി മുകളിലാണ് കൊൽക്കത്ത. സുനിൽ നരെയ്ൻ, വരുൺ ചക്രവർത്തി എന്നിവർ തകർപ്പൻ ഫോമിലാണ്. ബാറ്റിംഗിൽ കൊൽക്കത്തയ്ക്ക് ആശങ്കയില്ല. സുനിൽ നരെയ്ൻ, ശ്രയസ് അയ്യർ, വെങ്കടേഷ് അയ്യർ, ആന്ദ്രെ റസൽ, റിങ്കു സിങ്, രമൺദീപ് സിങ് എന്നിവർ അണിനിരക്കുന്ന നിര മികവ് തുടരുന്നുണ്ട്. ബൗളിംഗിൽ മിച്ചൽ സ്റ്റാർക് ഫോമിലേക്ക് മടങ്ങിയെത്തിയത് അവരുടെ ശക്തി വർദ്ധിപ്പിക്കുന്നുണ്ട്.

മറുവശത്ത് തുടക്കത്തിലെ ഫോം ആവർത്തിക്കാൻ ഹൈദരാബാദിന്റെ ടോപ് ഓഡറിന് കഴിയുന്നില്ല. അഭിഷേക് ശർമ്മ, ട്രാവിസ് ഹെഡ് സഖ്യത്തിന്റെ ഓപ്പണിങ് കഴിഞ്ഞ ഏതാനും മത്സരങ്ങളായി നിശ്ചലമായ അവസ്ഥയിലാണ്. ഫൈനലിലും സ്ഥിതി അതാണെങ്കിൽ ഹൈദരാബാദ് വിയർക്കും. എന്നാൽ ഏത് നിമിഷവും ഫോമിലേക്കുയരാനുള്ള മികവ് അവരുടെ ബാറ്റർമാർക്കുണ്ട്. ഓപ്പണിങ് ജോഡിക്ക് പിന്നാലെയെത്തുന്ന എയ്ഡൻ മാർക്രം, ഹെയ്ന്റിച്ച് ക്ലാസൻ, രാഹുൽ തൃപാഥി, നിതീഷ് റെഡ്ഡി, അബ്ദുൾ സമദ് മുതൽ വാലറ്റത്തിൽ പാറ്റ് കമ്മിൻസ് വരെ കളി തിരിക്കാൻ പോന്നവർ തന്നെ.

അതേസമയം, ടൂർണമെന്റിന്റെ തുടക്കത്തിൽ നിറംമങ്ങിയെങ്കിലും പിന്നീട് മികവിലേക്ക് ഉയർന്ന ബൗളിങ് നിരയും തകർപ്പൻ ഫീൽഡിംഗും ഹൈദരാബാദിന്റെ കരുത്താണ്. ഭുവനേശ്വർ കുമാർ, ടി നടരാജൻ, പാറ്റ് കമ്മിൻസ്, ഷാബാസ് അഹമ്മദ് എന്നിവരുൾപ്പെടുന്ന ബൗളിങ് നിര ഫോമിലാണ്. മത്സരത്തിൽ ടോസ് നേടുന്ന ടീം ആദ്യം ഫീൽഡ് ചെയ്യാനാണ് സാദ്ധ്യത. ഹൈദരാബാദിനെ സംബന്ധിച്ച് രണ്ടാം ക്വാളിഫയർ ചെന്നൈയിലാണ് കളിച്ചതെന്നതും തുണയാകും.

വെള്ളിയാഴ്ച നടന്ന രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസിനെ പരാജയപ്പെടുത്തിയാണ് ഓറഞ്ച് പട ഫൈനലിലെത്തിയത്. ഒന്നാം ക്വാളിഫയറിൽ കൊൽക്കത്തയോട് എട്ടു വിക്കറ്റിനാണ് പാറ്റ് കമ്മിൻസും സംഘവും പരാജയപ്പെട്ടത്. അതുകൊണ്ടു തന്നെ ഫൈനലിന് തയ്യാറെടുക്കാൻ ടീമിന് ലഭിച്ച ദിവസമായിരുന്നു ശനിയാഴ്ച. എന്നാൽ, ടീം പരിശീലന സെഷനുവരെ ഇറങ്ങിയില്ല. നേരിട്ട് ഫൈനൽ പോരിനിറങ്ങാനാണ് ടീമിന്റെ തീരുമാനം. ചെന്നൈയിലെ പൊള്ളുന്ന ചൂട് കാരണമാണ് താരങ്ങൾക്ക് ഫൈനലിന് മുമ്പ് വിശ്രമം അനുവദിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് കൊൽക്കത്ത അവസാനമായി ഐ.പി.എല്ലിൽ ഒരു മത്സരം കളിച്ചത്. അതുകൊണ്ടു തന്നെ ഫൈനലിന് തയ്യാറെടുക്കാൻ ടീമിന് ആവശ്യത്തിലധികം സമയവും ലഭിച്ചു. കൊൽക്കത്തയുടെ ലീഗിലെ അവസാന രണ്ടു മത്സരങ്ങൾ മഴമൂലം ഉപേക്ഷിച്ചിരുന്നു. കലാശപ്പോരാട്ടത്തിൽ മഴ ഭീഷണി ഉയർത്തുമോ എന്ന് ആരാധകർ ആശങ്കപ്പെടുന്നു.

കൊൽക്കത്ത

കരുത്ത്: ഓപ്പണിങ്ങിൽ സുനിൽ നരെയ്ൻ നൽകുന്ന തുടക്കവും മധ്യനിരയിൽ വെങ്കടേഷ് അയ്യർ, ക്യാപ്റ്റൻ ശ്രേയസ് അയ്യർ, റിങ്കു സിങ് എന്നിവരുടെ സാന്നിധ്യവും കൊൽക്കത്തയുടെ ബാറ്റിങ്ങിന് കരുത്തേകുന്നു. ഫിനിഷർ റോളിൽ ആന്ദ്രെ റസൽ അവസരത്തിനൊത്ത് ഉയരുന്നു. നരെയ്ൻ വരുൺ ചക്രവർത്തി സ്പിൻ ജോടിക്കൊപ്പം മിച്ചൽ സ്റ്റാർക്ക്, ഹർഷിത് റാണ, വൈഭവ് അറോറ എന്നീ പേസർമാരും ചേരുന്നതോടെ ബോളിങ് ഡബിൾ സ്ട്രോങ്.

ദൗർബല്യം: നരെയ്ന്റെ സഹ ഓപ്പണറായ ഫിൽ സോൾട്ട് നാട്ടിലേക്ക് മടങ്ങിയത് പവർപ്ലേയിൽ കൊൽക്കത്തയ്ക്ക് തിരിച്ചടിയാകും. സോൾട്ടിന് പകരമെത്തുന്ന റഹ്‌മാനുല്ല ഗുർബാസിന്റെ പ്രകടനം കൊൽക്കത്തയ്ക്ക് നിർണായകമാണ്.

ഹൈദരാബാദ്

രണ്ടാം ക്വാളിഫയറിൽ നിർണായ ബൗളിങ് നീക്കത്തിലൂടെ രാജസ്ഥാൻ റോയൽസിനെ വീഴ്‌ത്തിയ നായകൻ പാറ്റ് കമ്മിൻസിന്റെ തന്ത്രങ്ങളിലാണ് ഹൈദരാബാദിന്റെ പ്രതീക്ഷ.

ബലം: ട്രാവിസ് ഹെഡ്അഭിഷേക് ശർമ ഓപ്പണിങ് കൂട്ടുകെട്ടാണ് ഹൈദരാബാദിന്റെ ശക്തി. ഹെയ്ന്റിച് ക്ലാസൻ, നിതീഷ് റെഡ്ഡി, രാഹുൽ ത്രിപാഠി എന്നിവരടങ്ങിയ ടോപ് ഓർഡറും സുശക്തം. ഫിനിഷർ റോളിൽ അബ്ദുൽ സമദും ഷഹബാസ് അഹമ്മദും ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്നു.

ദൗർബല്യം: ക്യാപ്റ്റൻ പാറ്റ് കമിൻസ് നയിക്കുന്ന ബോളിങ് നിര ഇതുവരെ മികവുതെളിയിച്ചിട്ടില്ല. സീസണിൽ ഇതിനോടകം 5 തവണയാണ് ഹൈദരാബാദ് ബോളർമാർ 200 റൺസിനു മുകളിൽ വഴങ്ങിയത്. ഒരു ഇൻഫോം സ്പിന്നറുടെ അഭാവം ടീമിനെ അലട്ടുന്നുണ്ട്.

മഴ ഭീഷണി

ഫൈനൽ ദിവസമായ ഞായറാഴ്ച ചെന്നൈയിൽ മഴ പെയ്യുമെന്ന് പ്രവചനമില്ലെങ്കിലും ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി അപ്രതീക്ഷിതമായി മഴ പെയ്യുമോ എന്ന ആശങ്കയിലാണ് ആരാധകർ. ഫൈനൽ നടക്കുന്ന ഞായറാഴ്ച മഴ പെയ്യാൻ ഒരു ശതമാനം സാധ്യത മാത്രമാണ് അക്യുവെതർ പ്രവചിക്കുന്നത്. പരമാവധി അന്തരീക്ഷ താപനില 32 ഡിഗ്രി സെൽഷ്യസായിരിക്കുമെന്നും പകൽ സമയത്ത് ഭാഗികമായി ആകാശം മേഘാവൃതമായിരിക്കുന്ന വൈകിട്ടോടെ പൂർണമായും മേഘാവൃതമാകുമെന്നും ആണ് പ്രവചനം.

ഫൈനലിന് റിസർവ് ദിനമുള്ളതിനാൽ നാളെ മഴ മുടക്കിയാലും മത്സരം മറ്റന്നാൾ നടക്കും. ഞായറാഴ്ച മത്സരം എവിടെവെച്ച് നിർത്തിവെക്കുന്നുവോ അവിടം മുതലായിരിക്കും മത്സരം വീണ്ടും പുനരാരാംഭിക്കുക. എന്നാൽ റിസർവ് ദിനത്തിലേക്ക് മത്സരം മാറ്റുന്നതിന് മുമ്പ് നിശ്ചിത ദിവസം തന്നെ മത്സരം സാധ്യമാകുമോ എന്നറിയാൻ രണ്ട് മണിക്കൂർ അധികസമയം അനുവദിച്ചിട്ടുണ്ട്. ഈ സമയത്തും സാധ്യമായില്ലെങ്കിൽ മാത്രമെ മത്സരം റിസർവ് ദിനമായ തിങ്കളാഴ്ചത്തേക്ക് മാറ്റിവെക്കു.കഴിഞ്ഞ വർഷം അഹമ്മദാബാദിൽ ഗുജറാത്തും ചെന്നൈയും തമ്മിൽ നടന്ന ഐപിഎൽ ഫൈനൽ മഴമൂലം റിസർവ് ദിനത്തിലാണ് പൂർത്തിയാക്കിയത്.