- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ ടീമിന്റെ ആദ്യസംഘം യുഎസിലേക്ക് പുറപ്പെട്ടു
ന്യൂഡൽഹി: ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ ആദ്യസംഘം അമേരിക്കയിലേക്ക് പുറപ്പെട്ടു. ക്യാപ്റ്റൻ രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ആദ്യ സംഘം മുംബൈ വിമാനത്താവളത്തിൽ നിന്ന് ശനിയാഴ്ച രാത്രിയോടെയാണ് പുറപ്പെട്ടത്. യുഎസിലും കാനഡയിലുമായി നടക്കുന്ന ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെ ആദ്യമത്സരം ജൂൺ അഞ്ചിന് അയർലൻഡുമായിട്ടാണ്.
ക്യാപ്റ്റൻ രോഹിത്, ബുംറ, സൂര്യകുമാർ, ഋഷഭ് പന്ത്, മുഖ്യപരിശീലകൻ രാഹുൽ ദ്രാവിഡ്, ബാറ്റിങ് കോച്ച് വിക്രം റാത്തോഡ്, ബാറ്റർ ശുഭ്മാൻ ഗിൽ, ഓൾറൗണ്ടർമാരായ രവീന്ദ്ര ജഡേജ, ശിവം ദുബെ, പേസർമാരായ മുഹമ്മദ് സിറാജ്, അർഷ്ദീപ് സിങ്, ഖലീൽ അഹമ്മദ്, സ്പിന്നർമാരായ കുൽദീപ് പട്ടേൽ, അക്സർ പട്ടേൽ എന്നിവരാണ് ആദ്യ സംഘത്തിലുള്ളത്.
ഐപിഎൽ പ്ലേ ഓഫ് ടീമുകളിൽ കളിച്ച താരങ്ങളായ വിരാട് കോലി, യശസ്വി ജെയ്സ്വാൾ, സഞ്ജു സാംസൺ, ചാഹൽ, റിങ്കു സിങ് എന്നിവർ പിന്നീട് യുഎസിലെത്തും. ഐപിഎൽ ഫൈനലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ മത്സരിക്കുന്ന കൊൽക്കത്തയുടെ താരമാണ് റിങ്കു സിങ്.
സന്നാഹ മത്സരം പ്രമുഖ താരങ്ങൾക്ക് നഷ്ടമാകും. ജൂൺ ഒന്നിന് ബംഗ്ലാദേശിനെതിരേയാണ് ഇന്ത്യ സന്നാഹ മത്സരം കളിക്കുന്നത്. ഈ മാസം 30നാകും കോഹ്ലി അമേരിക്കയ്ക്ക് തിരിക്കുക. ഹാർദ്ദിക്ക് പാണ്ഡ്യയടക്കം വ്യാഴായിച്ചയാകും അമേരിക്കയിലേക്ക് പോകുക.
നിലവിൽ കോഹ്ലിയുടെ തകർപ്പൻ ഫോമിലാണ് ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷ മുളുവൻ. ഐപിഎല്ലിൽ ഒരു സെഞ്ച്വറി ഉൾപ്പെടെ 15 മത്സരങ്ങളിൽ നിന്ന് 741 റൺസാണ് കോഹ്ലി നേടിയത്. എലിമിനേറ്ററിൽ രാജസ്ഥാൻ റോയൽസിനോട് പരാജയപ്പെട്ടാണ് ആർസിബി പുറത്തായത്.
സഞ്ജു സാംസൺ ദുബൈയിൽ വ്യക്തിപരമായ ചില ജോലികൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് യുഎസിലേക്ക് പോകാൻ ഇളവ് തേടിയിരിക്കുന്നത്. ബിസിസിഐ അതിന് സമ്മതം മൂളുകയും ചെയ്തു.
'താൻ വൈകി ടീമിൽ ചേരുമെന്ന് കോഹ്ലി ഞങ്ങളെ നേരത്തെ അറിയിച്ചിരുന്നു, അതിനാലാണ് ബിസിസിഐ അദ്ദേഹത്തിന്റെ വിസ അപ്പോയിന്റ്മെന്റ് പിന്നീടുള്ള തീയതിയിലേക്ക് മാറ്റിയത്. മെയ് 30 ന് അതിരാവിലെ അദ്ദേഹം ന്യൂയോർക്കിലേക്ക് പറക്കുമെന്ന് പ്രതീക്ഷിക്കുന്നു. അദ്ദേഹത്തിന്റെ അഭ്യർത്ഥന ബിസിസിഐ അംഗീകരിച്ചു' ബിസിസിഐ ഒഫീഷ്യൽ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
ന്യൂയോർക്കിൽ പുതുതായി നിർമ്മിച്ച അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം. ജൂൺ ഒമ്പതിന് പാക്കിസ്ഥാനുമായും ജൂൺ 12ന് യുഎസുമായും ജൂൺ 15ന് കാനഡയുമായുമായിട്ടാണ് ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയുടെ മത്സരങ്ങൾ.