ചെന്നൈ: ഐപിഎല്ലിൽ മൂന്നാം തവണയും കിരീടമുയർത്താൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് സാധിച്ചതോടെ നായകനെന്ന നിലയിലും വ്യക്തിഗത മികവിലും ശ്രേയസ് അയ്യർ എന്ന ഇന്ത്യൻ താരത്തിന്റെ ഗ്രാഫ് ഒരിക്കൽ കൂടി ഉയരുകയാണ്. ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും ആധികാരികമായ മുന്നേറ്റങ്ങളിലൊന്നായിരുന്നു ഇത്തവണ കൊൽക്കത്തയുടേത്. ഒരു പതിറ്റാണ്ടോളം നീണ്ട കാത്തിരിപ്പിനൊുവിൽ കൊൽക്കത്ത വീണ്ടും കിരീടം നേടുമ്പോൾ ശ്രേയസ് അയ്യരാണ് ക്യാപ്റ്റൻ.

ഫൈനലിൽ ചെന്നൈ, എം എ ചിദംബരം സ്റ്റേഡിയത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിനാണ് കൊൽക്കത്ത തോൽപ്പിച്ചത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഹൈദരാബാദ് 18.3 ഓവറിൽ 113ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിൽ കൊൽക്കത്ത 10.3 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.

ശ്രേയസിനെ സംബന്ധിച്ചിടത്തോളം ഗംഭീര തിരിച്ചുവരവാണിത്. ഏകദിന ലോകകകപ്പിന് പിന്നാലെ പരിക്ക് മറച്ചു വച്ചതിനെ തുടർന്ന വിവാദത്തിൽ കുടുങ്ങിയ താരത്തിന്റെ വാർഷിക കരാർ ബിസിസിഐ റദ്ദാക്കിയിരുന്നു. ഈ സമ്മർദത്തിലാണ് ശ്രേയസ് അയ്യർ ഐപിഎല്ലിന് എത്തിയത്. കിരീടം ഉയർത്തിയതോടെ വൈറ്റ് ബോൾ ക്രിക്കറ്റ് നായക പദവിയിലേക്ക് ശ്രേയസിന്റെ പേര് വീണ്ടും പരിഗണിക്കേണ്ടിവരും. പ്രത്യേകിച്ച് ഹാർദിക് പാണ്ഡ്യക്കും ശുഭ്മാൻ ഗില്ലിനും കാലിടറുന്ന സാഹചര്യത്തിൽ.

ശ്രേയസ് ക്യാപ്റ്റനായിട്ടുള്ള ആദ്യ ഐപിഎൽ കിരീടനേട്ടം ആഘോഷിക്കുകയാണ് താരം. ട്രോഫി ഏറ്റുവാങ്ങിയ ശേഷം ലിയോണൽ മെസി ശൈലിയിലുള്ള ആഘോഷമാണ് ശ്രേയസ് നടത്തിയത്. ഖത്തിൽ ഇക്കഴിഞ്ഞ ഫിഫ ലോകകപ്പിൽ കിരീടം നേടിയ ശേഷം മെസി നടത്തിയ ആഘോഷം അനുകരിക്കുകയായിരുന്നു ശ്രേയസ്.

വെങ്കടേഷ് അയ്യർ (26 പന്തിൽ പുറത്താവാതെ 52), റഹ്‌മാനുള്ള ഗുർബാസ് (32 പന്തിൽ 39) എന്നിവരാണ് കൊൽക്കത്തയെ വിജയത്തിലേക്ക് നയിച്ചത്. നേരത്തെ മൂന്ന് വിക്കറ്റ് നേടിയ ആന്ദ്രേ റസ്സലും രണ്ട് പേരെ വീതം പുറത്താക്കിയ മിച്ചൽ സ്റ്റാർക്ക്, ഹർഷിത് റാണ എന്നിവരാണ് ഹൈദരാബാദിനെ തകർത്തത്.

സമീപകാലത്ത് മാനസികമായും ശാരീരികമായും നേരിട്ട തിരിച്ചടികൾ കിരീട വിജയത്തിലൂടെ ശ്രേയസ് അയ്യർക്ക് മറികടക്കാനായി എന്നതാണ് പ്രധാനകാര്യം. സമീപകാലത്ത് ലോക ക്രിക്കറ്റിൽ പ്രധാന കിരീടങ്ങളെല്ലാം നേടിയ നായകൻ പാറ്റ് കമ്മിൻസിന്റെ തന്ത്രങ്ങളെ മറികടക്കാനായി എന്നതും ശ്രേയസിന്റെ കരുത്താണ്. പരിക്കിന്റെ പിടിയിലായിരുന്ന ശ്രേയസിന് കളിക്കളത്തിൽ നിന്ന് മാറിനിൽക്കേണ്ടിവന്നത് ഒരു വർഷത്തോളമായിരുന്നു.

ഇന്ത്യയുടെ ഏകദിന ലോകകപ്പ് ടീമിലെ സാന്നിധ്യമായിരുന്ന അദ്ദേഹത്തിന് പക്ഷേ ഇത്തവണത്തെ ടി20 ലോകകപ്പ് ടീമിലെ സ്ഥാനം മാത്രമല്ല ബിസിസിഐയുടെ വാർഷിക കരാർ പോലും നഷ്ടമായിരുന്നു. പരിക്ക് മാറി തിരിച്ചെത്തുന്ന താരങ്ങൾ ആഭ്യന്തര ക്രിക്കറ്റിൽ കളിച്ച് ഫോം തെളിയിക്കണമെന്ന ബോർഡിന്റെ നിലപാട് അനുസരിക്കാതിരുന്നതിനായിരുന്നു നടപടി. ഇഷാൻ കിഷനെതിരേയും സമാന നടപടിയുണ്ടായി.

ഈ ഐപിഎൽ സീസണിലുടനീളം ശ്രേയസ് യാതൊരു സമ്മർദവും അനുഭവിക്കുന്നതായി തോന്നിയിരുന്നില്ല. 15 കളികളിൽ നിന്ന് 351 റൺസ് നേടി ബാറ്റിങ്ങിലും ടീമിന് മോശമല്ലാത്ത സംഭാവന നൽകി. സമീപകാലത്ത് നേരിട്ട തിരിച്ചടികളൊന്നും തന്നെ ബാധിക്കാതിരിക്കാനും ശ്രേയസ് ശ്രദ്ധിച്ചു.

നരെയ്നെയും വരുൺ ചക്രവർത്തിയേയും ഇടവേളകൾക്കിടെ നന്നായി ഉപയോഗിക്കാൻ സാധിച്ചതിന് ശ്രേയസിലെ ക്യാപ്റ്റന് കൈയടിക്കാതിരിക്കാൻ വയ്യ. സ്റ്റാർക്ക് മോശം ഫോമിലായിരുന്നപ്പോഴും വൈഭവ് അറോറ, ഹർഷിത് റാണ തുടങ്ങിയ ആഭ്യന്ത താരങ്ങളെ ഉപയോഗിച്ച് ആ വിടവ് മറികടക്കാനും ശ്രേയസിനായി. ഐപിഎല്ലിൽ രണ്ട് വ്യത്യസ്ത ടീമുകളെ ഫൈനലിലെത്തിച്ച ഏക ക്യാപ്റ്റനാണ് ശ്രേയസ്. 2020-ൽ ഡൽഹിയേയും ഇത്തവണ കൊൽക്കത്തയേയും.

മുഖ്യപരിശീലകൻ ചന്ദ്രകാന്ത് പണ്ഡിറ്റിന്റെ രീതികളെക്കുറിച്ച് തുടക്കത്തിൽ ആശങ്കകളുണ്ടായിരുന്നെങ്കിലും ആഭ്യന്തര ക്രിക്കറ്റിലെ ഈ സ്റ്റാർ പരിശീലകൻ കൊൽക്കത്തയിൽ കാര്യങ്ങൾ പ്രൊഫഷണായി കൈകാര്യം ചെയ്തു. ഗംഭീറുമൊത്തുള്ള അദ്ദേഹത്തിന്റെ കൂട്ടുകെട്ട് കഴിഞ്ഞ സീസണിൽ ടീം നേരിട്ട കുറവുകൾ പരിഹരിക്കുന്നതായിരുന്നു. മൂന്ന് വ്യത്യസ്ത ടീമുകൾക്കൊപ്പം ആറ് രഞ്ജി ട്രോഫി കിരീടങ്ങൾ നേടിയ ആ സ്റ്റാർ കോച്ച് ഇപ്പോൾ ഒരു ഐപിഎൽ കിരീടവും സ്വന്തം പേരിനൊപ്പം എഴുതിച്ചേർത്തിരിക്കുന്നു.

ഇന്ത്യൻ താരങ്ങളെ ഫലപ്രദമായി ഉപയോഗിക്കാനായി എന്നതുതന്നെയാണ് കൊൽക്കത്തയുടെ കിരീട വിജയത്തിനു പിന്നിലെ രഹസ്യം. രമൺദീപ് സിങ്ങിലെ ഫിനിഷറെ കണ്ടെത്തിയ കൊൽക്കത്ത അയാളെ റിങ്കു സിങ്ങിനേക്കാൾ സംഭാവന നൽകുന്ന താരമാക്കി ഇത്തവണ വളർത്തിയെടുത്തു.

ഹർഷിത് റാണയും വൈഭവ് അറോറയും ടീമിനായി മികച്ച സംഭാവനകൾ നൽകി. ആഭ്യന്തര താരങ്ങളുടെ പൂർണ മികവ് പുറത്തെടുത്തതിൽ കൊൽക്കത്ത നന്ദിപറയേണ്ടത് സഹപരിശീലകൻ അഭിഷേക് നായരോടാണ്. കളിക്കാരുമായി അടുത്ത പ്രവർത്തിച്ച അഭിഷേകാണ് അവരുടെ ആത്മവിശ്വാസം വർധിപ്പിച്ചതിനു പിന്നിൽ. ഏത് ബാറ്റിങ്ങിലും ബൗളിങ്ങിലും ടീമിന്റെ കരുത്ത് ഒരുപോലെ വർധിപ്പിച്ചു.