മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് രാഹുൽ ദ്രാവിഡിന്റെ പിൻഗാമിയെ തേടിയ ബിസിസിഐയ്ക്ക് ലഭിച്ചത് മൂവായിരത്തോളം അപേക്ഷകൾ. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഇന്നലെ അവസാനിച്ചപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി മുതൽ മുൻ നായകൻ എം എസ് ധോണിയും സാക്ഷാൽ സച്ചിൻ ടെൻഡുൽക്കറും ഉൾപ്പെടെ ഉള്ളവരുടെ അപേക്ഷകളാണ് ബിസിസിഐക്ക് ലഭിച്ചത്.

ഇതുവരെ ലഭിച്ച 3000ത്തോളം അപേക്ഷകളിൽ ഭൂരിഭാഗവും പ്രമുഖരുടെ പേര് വ്യാജമായി ഉപയോഗിച്ചാണെന്ന് ഇന്ത്യൻ എക്സ്‌പ്രസ് റിപ്പോർട്ട് ചെയ്തു. ക്രിക്കറ്റ് താരങ്ങളിൽ സച്ചിൻ, ധോണി എന്നിവർക്ക് പുറമെ ഹർഭജൻ സിങ്, വീരേന്ദർ സെവാഗ് എന്നിവരുടെയെല്ലാം പേരുകളിൽ ഒന്നിലേറെ അപേക്ഷകൾ ബിസിസിഐക്ക് കിട്ടിയിട്ടുണ്ട്. ഇവർക്ക് പുറമെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ പേരുകളിലും അപേക്ഷകൾ ലഭിച്ചത്.

ഈ മാസം 13നാണ് പരിശീലക സ്ഥാനത്തേക്ക് ഗൂഗിൾ ഫോമിൽ ബിസിസിഐ അപേക്ഷ ക്ഷണിച്ചത്. ആകെ ലഭിച്ച അപേക്ഷകളിൽ എത്രപേർ യഥാർത്ഥ അപേക്ഷകരുണ്ടെന്ന കാര്യം ബിസിസിഐ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇതാദ്യമായല്ല ബിസിസിഐക്ക് ഇത്തരത്തിൽ വ്യാജ അപേക്ഷകൾ ലഭിക്കുന്നത്. 2022ൽ ഇന്ത്യൻ കോച്ച് സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ചപ്പോൾ പ്രമുഖരുടെ പേരുകളിൽ ലഭിച്ചത് 5000ത്തോളം വ്യാജ അപേക്ഷകളായിരുന്നു. അതിനുശേഷം താൽപര്യമുള്ളവരോട് ഇ-മെയിലിൽ അപേക്ഷ നൽകാൻ ബിസിസിഐ ആവശ്യപ്പെടുകയായിരുന്നു.

എന്നാൽ ഇത്തവണ ഗൂഗിൾ ഫോമിലാണ് അപേക്ഷ സമർപ്പിക്കാൻ ബിസിസിഐ ആവശ്യപ്പെട്ടത്. ഒരു ഷീറ്റിൽ നിന്നുതന്നെ യഥാർത്ഥ അപേക്ഷകരെ കണ്ടെത്താൻ എളുപ്പമാണെന്നതിനാലായിരുന്നു ഇത്. കോച്ചകാനുള്ള യോഗ്യതയിൽ ബിസിസിഐ പ്രധാനമായും എടുത്തു പറഞ്ഞിരുന്നത് ആരാധകരുടെ പ്രതീക്ഷക്കൊത്ത് ഉയരുന്നതിനൊപ്പം കളിക്കാരുടെ സമ്മർദ്ദം കൈകാര്യം ചെയ്യാനും അറിയണമെന്നതായിരുന്നു.

മൂന്ന് ഫോർമാറ്റിലും ഏത് സാഹചര്യത്തിലും ലോകോത്തര നിലവാരമുള്ള ടീമിനെ വാർത്തെടുക്കാൻ കഴിയണമെന്നും നിലവിലെ താരങ്ങളെയും ഭാവി തലമുറയെയും രൂപപ്പെടുത്താൻ കഴിയുന്ന ആളാകണമെന്നും അപേക്ഷ ക്ഷണിച്ചപ്പോൾ ബിസിസിഐ വ്യക്തമാക്കിയിരുന്നു. രാഹുൽ ദ്രാവിഡിന്റെ പിൻഗാമിയായി അടുത്ത മാസം തുടങ്ങുന്ന ട്വന്റി 20 ലോകകപ്പിനു ശേഷമായിരിക്കും പുതിയ പരിശീലകൻ ചുമതലയേൽക്കുക. 2027ലെ ഏകദിന ലോകകപ്പ് വരെയാണ് പുതിയ പരിശീലകന്റെ കാലാവധി.