ഗുവാഹത്തി: ഐപിഎൽ സീസണിൽ മികച്ച പ്രകടനത്തിലൂടെ ആരാധകരുടെ മനം കവർന്ന രാജസ്ഥാൻ റോയൽസ് യുവതാരം റിയാൻ പരാഗ് സീസൺ അവസാനിച്ചതിന് പിന്നാലെ വിവാദത്തിൽ. യുവതാരത്തിന്റെ 'യുട്യൂബ് സെർച്ച് ഹിസ്റ്ററി' ചോർന്നതോടെയാണ് വിമർശനം ഉയരുന്നത്. ഓൺലൈനിൽ ഒരു ലൈവ് സ്ട്രീമിനിടെ യുട്യൂബിൽ സെർച്ച് ചെയ്യുമ്പോഴാണ് പരാഗ് മുൻപ് തിരഞ്ഞ കാര്യങ്ങൾ പുറത്തുവന്നതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ബോളിവുഡ് താരങ്ങളായ അനന്യ പാണ്ഡെ, സാറ അലി ഖാൻ എന്നിവരെക്കുറിച്ച് പരാഗ് യുട്യൂബിൽ തിരഞ്ഞതായാണ് സ്‌ക്രീൻ ഷോട്ടുകളിൽനിന്നു വ്യക്തമാകുന്നത്.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വൈറലായ വീഡിയോ, 22 കാരനായ രാജസ്ഥാൻ റോയൽസ് താരം യുട്യൂബിൽ ഉള്ളടക്കം ബ്രൗസ് ചെയ്യുന്നത് കാണിക്കുന്നുണ്ട്. തിരച്ചിലിനിടെ, 'അനന്യ പാണ്ഡേ ഹോട്ട്', 'സാറ അലി ഖാൻ ഹോട്ട്' തുടങ്ങിയ മുൻകാല തിരയലുകൾ തിരയൽ ബോക്‌സിൽ ദൃശ്യമാകുന്നു. ഒരു എക്സ് ഉപയോക്താവ് പോസ്റ്റ് ചെയ്ത അടിക്കുറിപ്പിൽ, "റിയാൻ പരാഗിന്റെ തിരയൽ ചരിത്രം "സാര അലി ഖാൻ ഹോട്ട്" "വിരാട് കോഹ്ലി" "അനന്യ പാണ്ഡെ ഹോട്ട്" എന്ന് കാണിക്കുന്നതായി പറയുന്നു.

'ഇന്ത്യൻ പയ്യൻ, ബനിയൻ ധരിച്ച്, വിയർക്കുന്ന വേനൽക്കാലത്ത്, നടിമാരെ തിരയുന്നു. പലർക്കും പാരാഗുമായി ബന്ധപ്പെടാൻ കഴിയും," ഒരു എക്‌സ് ഉപയോക്താവ് കുറിക്കുന്നു. "എപ്പോൾ സ്‌ക്രീൻ പങ്കിടുന്നത് നിർത്തണമെന്ന് അറിയാത്ത ഒരു ശരാശരി 22 വയസ്സുകാരനെ പോലെ... മറ്റൊരു ഉപയോക്താവ് പറയുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായതോടെ റിയാൻ പരാഗിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. വിവാദത്തിൽ റിയാൻ പരാഗ് ഇതുവരെ പ്രതികരിച്ചിട്ടില്ല. എക്‌സ് പ്ലാറ്റ്‌ഫോമിൽ റിയാൻ പരാഗ് ട്രെൻഡിങ് ആണ്. 2024 ഐപിഎൽ സീസണിനു ശേഷം സ്വന്തം നാടായ അസമിൽ തിരിച്ചെത്തിയതിനു പിന്നാലെയാണ് പരാഗ് വിവാദത്തിൽ കുടുങ്ങിയത്. ഐപിഎൽ സീസണിൽ 16 മത്സരങ്ങൾ കളിച്ച പരാഗ് 573 റൺസാണ് അടിച്ചെടുത്തത്. നാലു മത്സരങ്ങളിൽ താരം അർധ സെഞ്ചറി നേടി. റൺവേട്ടയിൽ വിരാട് കോലിക്കും ഋതുരാജ് ഗെയ്ക്ക്വാദിനും പിന്നിൽ മൂന്നാം സ്ഥാനത്താണ് പരാഗ്. സീസണിൽ രാജസ്ഥാന്റെ ടോപ് സ്‌കോററും റിയാൻ പരാഗാണ്.