മുംബൈ: ട്വന്റി 20 ലോകകപ്പിനു മുന്നോടിയായി ബംഗ്ലാദേശിന് എതിരായ സന്നാഹ മത്സരത്തിന് ഒരുങ്ങുന്ന ഇന്ത്യൻ ടീമിനൊപ്പം മലയാളി താരം സഞ്ജു സാംസണും യുസ്വേന്ദ്ര ചഹലും യശശ്വി ജയ്സ്വാളും ആവേശ് ഖാനും ചേർന്നു. ദുബായിൽ നിന്നാണ് സഞ്ജു അമേരിക്കയിൽ എത്തിയത്.

ക്യാപ്റ്റൻ രോഹിത് ശർമ, സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുംറ, റിഷഭ് പന്ത്, അർഷ്ദീപ് സിങ്, അക്സർ പട്ടേൽ , കുൽദീപ് യാദവ്, റിസർവ് താരങ്ങളായ ശുഭ്മാൻ ഗിൽ, ഖലീൽ അഹമ്മദ്, തുടങ്ങിയവർ കഴിഞ്ഞ ദിവസം അമേരിക്കയിൽ എത്തിയിരുന്നു.

രാഹുൽ ദ്രാവിഡിന്റെ നേതൃത്വത്തിലുള്ള പരിശീലക സംഘവും ആദ്യ സംഘത്തിനൊപ്പം എത്തി. വിരാട് കോലി, ഹാർദിക് പണ്ഡ്യ, റിങ്കു സിങ് എന്നിവരാണ് ഇനി ടീമിനൊപ്പം ചേരാനുള്ളവർ. ജൂൺ ഒന്നിന് ഇന്ത്യ ബംഗ്ലാദേശുമായി സന്നാഹ മത്സരം കളിക്കും.

ജൂൺ രണ്ടിനാണ് ലോകകപ്പിന് തുടക്കമാവുക. അഞ്ചിന് അയർലൻഡുമായാണ് ആദ്യമത്സരം. ഒൻപതിനാണ് ഇന്ത്യ പാക്കിസ്ഥാൻ പോരാട്ടം. ഐപിഎല്ലിനു ശേഷം ചെറിയ ഇടവേള വേണമെന്ന കോലിയുടെ ആവശ്യം ബിസിസിഐ അംഗീകരിച്ചിരുന്നു.

അതേസമയം, ഐപിഎല്ലിൽ ആദ്യ റൗണ്ടിൽ പുറത്തായ മുംബൈ ഇന്ത്യൻസിന്റെ നായകനായ ഹാർദ്ദിക് പാണ്ഡ്യ ലണ്ടനിൽ അവധിക്കാലം ചെലവഴിക്കുകയാണെന്നാണ് റിപ്പോർട്ട്. ഹാർദ്ദിക് ലണ്ടനിൽ നിന്ന് അമേരിക്കയിലെത്തുമെന്നാണ് കരുതുന്നത്. അമേരിക്ക-കാനഡ മത്സരത്തോടെയാണ് ലോകകപ്പിന് തുടക്കമാവുക.

ഇനിയൊരു മാസക്കാലം ടീം ഇന്ത്യ ലോകകപ്പ് ചൂടിലായിരിക്കും. അടുത്ത മാസമാരംഭിക്കുന്ന ട്വന്റി 20 ലോകകപ്പിൽ ഏറ്റവും മികച്ച കളി കെട്ടഴിച്ച് ട്രോഫിയുമായി നാട്ടിലേക്കു മടങ്ങുകയാണ് ഹിറ്റ്മാന്റെയും സംഘത്തിന്റെയും ദൗത്യം. ലോകകപ്പിനു മുന്നോടിയായി തയ്യാറെടുപ്പിനായി ഒരവസരം മാത്രമാണ് ഇന്ത്യക്കു മുന്നിലുള്ളത്.

ടൂർണമെന്റിനു മുന്നോടിയായി ഒരു സന്നാഹ മൽസരമാണ് ഇന്ത്യ കളിക്കുക. ജൂൺ ഒന്നിനു ബംഗ്ലാദേശുമായാണ് സന്നാഹത്തിൽ ഇന്ത്യ കൊമ്പുകോർക്കുക. അമേരിക്കയിലെ സാഹചര്യങ്ങളുമായും പിച്ചുമായുമെല്ലാം പൊരുത്തപ്പെടാൻ ഇന്ത്യക്കു ലഭിക്കുന്ന അവസരം കൂടിയാണിത്. അതുകൊണ്ടു തന്നെ ഗൗരവത്തോടെയായിരിക്കും ഈ മൽസരത്തെ സമീപിക്കുക.

ലോകകപ്പിൽ ഇന്ത്യയുടെ ശക്തമായ പ്ലെയിങ് കോമ്പിനേഷൻ തീരുമാനിക്കാനും ഈ സന്നാഹ മൽസരം ഇന്ത്യയെ സഹായിക്കും. ടൂർണമെന്റിലെ ആദ്യ പോരാട്ടത്തിൽ പ്ലെയിങ് ഇലവനിൽ ഇടം പിടിക്കാൻ സാധ്യതയുള്ളവിൽ പലരെയും ബംഗ്ലാദേശിനെതിരേ ടീമിൽ കാണാം. എന്നാൽ മുൻ നായകനും ഇതിഹാസ ബാറ്ററുമായ വിരാട് കോലി ഈ സന്നാഹത്തിൽ കളിച്ചേക്കില്ലെന്നാണ് റിപ്പോർട്ടുകൾ.

അമേരിക്കയിലേക്കു തിരിച്ച ഇന്ത്യൻ സംഘത്തിൽ നിന്നും വിട്ടുനിന്ന അദ്ദേഹം ചെറിയൊരു ബ്രേക്കിലാണ്. സന്നാഹത്തിൽ ഇന്ത്യൻ ടീമിനോടൊപ്പം ചേരാനുള്ള സാധ്യത കുറവാണെന്നാണ് വിവരം. ജൂൺ അഞ്ചിനു അയർലാൻഡിനെതിരേയുള്ള ലോകകപ്പിലെ ആദ്യ പോരാട്ടത്തിലായിരിക്കും കോലിയെ ഇന്ത്യൻ ഇലവനിൽ കണ്ടേക്കുക.

ബംഗ്ലാദേശുമായുള്ള സന്നാഹത്തിൽ കോലിയില്ലെങ്കിൽ പകരക്കാരനായി കളിച്ചേക്കുക മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസണായിരിക്കും. കോലിയുടെ ബാറ്റിങ് പൊസിഷനായ മൂന്നാം നമ്പർ തന്നെയാവും അദ്ദേഹത്തിനു ലഭിക്കുക. കാരണം കഴിഞ്ഞ ഐപിഎല്ലിൽ ഇതേ പൊസിഷനിൽ ഇറങ്ങിയാണ് സഞ്ജു 500 പ്ലസ് റൺസ് അടിച്ചെടുത്തത്.

ബംഗ്ലാദേശിനെതിരേ പ്ലെയിങ് ഇലവനിലേക്കു നറുക്കുവീണാൽ അതു തീർച്ചയായും സഞ്ജു മുതലാക്കേണ്ടതുണ്ട്. കാരണം ലോകകപ്പിൽ ഇന്ത്യൻ ഇലവനിലേക്കു അവകാശവാദമുന്നയിക്കാൻ അദ്ദേഹത്തിനു ലഭിക്കുന്ന ഏക അവസരം കൂടിയായിരിക്കും ഇത്. റിഷഭ് പന്താണ് ലോകകപ്പിൽ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറുടെ റോളിലേക്കു ഫേവറിറ്റ്. റിഷഭിനെ മറികടക്കണമെങ്കിൽ സന്നാഹത്തിൽ സഞ്ജുവിനു മിന്നിച്ചേ തീരൂ.

അന്താരാഷ്ട്ര ടി20യിൽ സഞ്ജുവിന്റെ പ്രകടനം അത്ര മികച്ചതല്ല. 25 ടി20കളിലായി 22 ഇന്നിങ്സുകളിലാണ് അദ്ദേഹം ബാറ്റ് ചെയ്തിട്ടുള്ളത്. ഇവയിൽ നിന്നും 18.7 എന്ന മോശം ശരാശരിയിൽ 374 റൺസാണ് സ്‌കോർ ചെയ്തത്. ഒരേയൊരു ഫിഫ്റ്റി മാത്രമേ ഇക്കൂട്ടത്തിലുള്ളൂ.

നായകൻ രോഹിത്തും യശസ്വി ജയ്സ്വാളും തന്നെയായിരിക്കും ബംഗ്ലാദേശിനെതിരേ ഇന്ത്യക്കു വേണ്ടി ഓപ്പൺ ചെയ്യുക. മൂന്നാമനായി സഞ്ജുവെത്തുമ്പോൾ നാല്, അഞ്ച് സ്ഥാനങ്ങളിൽ സൂര്യകുമാർ യാദവ്, ശിവം ദുബെ എന്നിവരായിരിക്കും.

വൈസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ഇനിയും ടീമിനൊപ്പം ചേർന്നിട്ടില്ലെങ്കിലും സന്നാഹത്തിൽ കളിച്ചേക്കുമെന്നാണ് സൂചനകൾ. രവീന്ദ്ര ജഡേജയും അക്ഷർ പട്ടേലും സ്പിൻ ബൗളിങ് ഓൾറൗണ്ടർമാരാവുമ്പോൾ കുൽദീപ് യാദവ് സ്പെഷ്യലിസ്റ്റ് സ്പിന്നറാവും. പേസ് ബൗളിങ് കൈകാര്യം ചെയ്യുക ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജുമായിരിക്കും.