ട്രിനിഡാഡ്: ട്വന്റി 20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ നമീബിയക്കെതിരെ ഫീൽഡിംഗിനിറക്കാൻ പതിനൊന്ന് അംഗങ്ങൾ ഇല്ലാതെ വന്നതോടെ ടീമിന്റെ ചീഫ് സെലക്ടറും മുൻ നായകനുമായ ജോർജ് ബെയ്ലിയെയും ഫീൽഡിങ് കോച്ച് ആന്ദ്രെ ബോറോവെക്കിനെയുമടക്കം ഫീൽഡിംഗിനിറങ്ങി ഓസ്‌ട്രേലിയ. ഓസ്‌ട്രേലിയയുടെ ലോകകപ്പ് ടീമിലുള്ള ഐപിഎൽ താരങ്ങളാരും ഇതുവരെ ടീമിനൊപ്പംചേർന്നിട്ടില്ല. ഇതോടെയാണ് ചീഫ് സെലക്ടറടക്കം ഫീൽഡിംഗിനായി ഇറങ്ങേണ്ടി വന്നത്.

ചീഫ് സിലക്ടർ ജോർജ് ബെയ്ലി, മുഖ്യ പരിശീലകൻ ആൻഡ്രൂ മക്‌ഡൊണാൾഡ്, ഫീൽഡിങ് പരിശീലകൻ ആൻന്ദ്രെ ബോറോവെക്, ബാറ്റിങ് പരിശീലകൻ ബ്രാഡ് ഹോഡ്ജ് എന്നിവരാണ് ഓസീസിനായി കളിക്കാരായി കളത്തിലിറങ്ങിയത്. ഇവരിൽ 41കാരനായ ബെയ്‌ലി, 46കാരനായ ബോറോവെക് എന്നിവർ ഓസീസ് ടീം ഫീൽഡ് ചെയ്ത സമയമത്രെയും കളത്തിലുണ്ടായിരുന്നു

ആദ്യം ബാറ്റ് ചെയ്ത നമീബിയ 20 ഓവറും ബാറ്റ് ചെയ്തതിനാൽ ഇടക്ക് മുഖ്യ പരിശീലകൻ ആഡ്ര്യു മക്ഡൊണാൾഡിനും ബാറ്റിങ് കോച്ച് ബ്രാഡ് ഹോഡ്ജിനും ഫീൽഡിംഗിനായി ഇറങ്ങേണ്ടിവന്നു. ബെയ്ലിയും ബോറോവെക്കും 20 ഓവറും ഓസീസിനായി ഫീൽഡ് ചെയ്തപ്പോൾ ക്യാപ്റ്റൻ മിച്ചൽ മാർഷ് നേരിയ പേശിവലിവിനെത്തുടർന്ന് ഇടക്ക് കയറിപ്പോയതോടെയാണ് മക്ഡൊണാൾഡും ഹോഡ്ജും മാറി മാറി ഫീൽഡിംഗിന് ഇറങ്ങേണ്ടിവന്നത്.

ഓസ്‌ട്രേലിയയുടെ 15 അംഗ ലോകകപ്പ് ടീമിലുള്ള ഹൈദരാബാദ് നായകൻ പാറ്റ് കമിൻസ്, ട്രാവിസ് ഹെഡ്, കൊൽക്കത്ത താരം മിച്ചൽ സ്റ്റാർക്ക്, എന്നിവർക്ക് പുറമ ഐപിഎൽ എലിമിനേറ്ററിൽ ആർസിബികായി കളിച്ച ഗ്ലെൻ മാക്‌സ്വെൽ, കാമറൂൺ ഗ്രീൻ ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് താരമായിരുന്ന മാർക്കസ് സ്റ്റോയ്‌നിസ് എന്നിവരാരും ഇതുവരെ ഓസീസ് ടീമിനൊപ്പം ചേർന്നിട്ടില്ല.

15 അംഗ ടീമിലെ ആറ് പേർ ടീമിനൊപ്പം ഇല്ലതിരുന്നതാണ് നമീബിയക്കെതിരെ 11 പേരെ ഇറക്കാൻ ഓസീസിന് കഴിയാതിരുന്നത്. ടീമിലെ റിസർവ് താരങ്ങളായ ജേക് ഫ്രേസർ മക്ഗുർകും മാറ്റ് ഷോർട്ടും ജൂൺ അഞ്ചിനുശേഷം മാത്രമെ ഓസീസ് ടീമിനൊപ്പം ചേരു. സന്നാഹ മത്സരമായതിനാൽ പരിശീലകർക്കും സപ്പോർട്ട് സ്റ്റാഫിനും പകരം കളിക്കാനിറങ്ങാൻ ഐസിസി അനുമതിയുള്ളതിനാലാണ് ചീഫ് സെലക്ടറും മുഖ്യ പരിശീലകനുമെല്ലാം ഫീൽഡിംഗിന് ഇറങ്ങിയത്.

ട്രിനിഡാഡിൽ ഇന്നലെ നടന്ന മത്സരത്തിൽ നമീബിയയെ ഏഴ് വിക്കറ്റിനാണ് ഓസീസ് തകർത്തത്. ആദ്യം ബാറ്റ് ചെയ്ത നമീബിയ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 119 റൺസ് എടുത്തു. 30 പന്തിൽ 38 റൺസെടുത്ത സെയ്ൻ ഗ്രീൻ ആണ് നമീബിയയുടെ ടോപ് സ്‌കോറർ. ഓസീസിനായി ആദം സാംപ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ഹേസൽവുഡ് രണ്ട് വിക്കറ്റുമായി ബൗളിംഗിൽ തിളങ്ങി.

120 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസീസ് 21 പന്തിൽ 54 റൺസെടുത്ത ഡേവിഡ് വാർണറുടെ വെടിക്കെട്ട് ബാറ്റിംഗിന്റെ കരുത്തിലാണ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 10 ഓവറിൽ ലക്ഷ്യത്തിലെത്തിയത്. ക്യാപ്റ്റൻ മിച്ചൽ മാർഷ്(18), ടിം ഡേവിഡ്(23), മാത്യു വെയ്ഡ്(12) എന്നിവർ ഓസീസിനായി തിളങ്ങിയപ്പോൾ ജോഷ് ഇംഗ്ലിസ്(5) നിരാശപ്പെടുത്തി.

ജൂൺ ആറിന് ഒമാനെതിരെയാണ് ലോകകപ്പിൽ ഓസ്‌ട്രേലിയയുടെ ആദ്യ മത്സരം. എട്ടിന് നടക്കുന്ന നിർണായക മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ ഓസീസ് നേരിടും.