- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎസിൽ ലോകകപ്പിനായി ഇന്ത്യൻ ടീം പരിശീലനത്തിരക്കിൽ
മുംബൈ: ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി ബംഗ്ലാദേശിന് എതിരെ നടക്കുന്ന സന്നാഹ മത്സരത്തിന് മുമ്പ് ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങൾ പരിശീലനത്തിന് ഇറങ്ങി. അമേരിക്കയിൽ എത്തിയ ഇന്ത്യൻ ടീം അംഗങ്ങളുടെ ആദ്യ പരിശീലന ദൃശ്യങ്ങൾ ബിസിസിഐ പുറത്തുവിട്ടു. മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെടെയുള്ളവർ പരിശീലിക്കുന്ന ദൃശ്യങ്ങൾ ബിസിസിഐയാണ് പുറത്തുവിട്ടത്. രണ്ടു മിനിറ്റും 12 സെക്കൻഡും ദൈർഘ്യമുള്ള വിഡിയോയാണ് ബിസിസിഐ പങ്കുവച്ചിരിക്കുന്നത്. സഞ്ജുവിനു പുറമേ ക്യാപ്റ്റൻ രോഹിത് ശർമ, ജസ്പ്രീത് ബുമ്ര, ഹാർദിക് പാണ്ഡ്യ, ഋഷഭ് പന്ത്, അർഷ്ദീപ് സിങ്, സൂര്യകുമാർ യാദവ് തുടങ്ങിയവരും പരിശീലനത്തിൽ പങ്കെടുക്കുന്നത് ദൃശ്യങ്ങളിലുണ്ട്.
'ഒരു ദിവസം മുൻപ് ഞങ്ങൾ ഇവിടെയെത്തി. ഇപ്പോൾ പ്രതിദിന പരിശീലനത്തിലേക്കു കടന്നു. ഇവിടുത്തെ സമയക്രമവുമായി പൊരുത്തപ്പെടുക എന്നതായിരുന്നു പ്രധാനം. ഇന്ന് ഗ്രൗണ്ടിൽ വച്ചുള്ള ആദ്യ പരിശീലനം നടക്കുകയാണ്" ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്‌ട്രെങ്ത് ആൻഡ് കണ്ടിഷനിങ് പരിശീലകൻ സോഹം ദേശായ് പറഞ്ഞു.
"കഴിഞ്ഞ രണ്ടര മാസത്തോളമായി കളിക്കാർ ഞങ്ങൾക്കൊപ്പമുണ്ടായിരുന്നില്ല. നിലവിൽ ഓരോരുത്തരുടെയും അവസ്ഥ മനസ്സിലാക്കി ലോകകപ്പിനു മുന്നോടിയായി എന്തൊക്കെ ചെയ്യണം എന്നതിനാണ് പ്രാധാന്യം നൽകിയിരുന്നത്. ഇന്ന് 45 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ ഗ്രൗണ്ടിൽ ചെലവഴിച്ച് സാഹചര്യങ്ങളുമായി ഇണങ്ങുകയാണ് ലക്ഷ്യമിടുന്നത്" അദ്ദേഹം വിശദീകരിച്ചു.
"ഇവിടെ എത്തിയശേഷം ഞങ്ങൾ ക്രിക്കറ്റിലേക്ക് കടന്നിട്ടില്ല. ടീമെന്ന നിലയിൽ ഒരുമിച്ച് പരിശീലിക്കാനാണ് ഇവിടെ വന്നിരിക്കുന്നത്. എല്ലാം നന്നായി വരുമെന്ന് പ്രതീക്ഷിക്കുന്നു. എന്താലായും ഇവിടുത്തെ കാലാവസ്ഥ കൊള്ളാം. ലോകകപ്പിനായി ആവേശത്തോടെ കാത്തിരിക്കുന്നു' ബുമ്ര വിഡിയോയിൽ പറഞ്ഞു. "ന്യൂയോർക്കിലേക്കുള്ള വരവ് വളരെ ആവേശകരമാണ്. നല്ല അന്തരീക്ഷവുമുണ്ട്. നല്ല പ്രകാശപൂരിതമായ പകലാണെന്നതും ശ്രദ്ധേയം' ഹാർദിക് പാണ്ഡ്യ പറഞ്ഞു.
ഇന്നലെ ഇന്ത്യൻ ടീമിനൊപ്പം ചേർന്ന ഹാർദ്ദിക് ടീമിനൊപ്പം പരശീലനത്തിനിറങ്ങിയതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് നായകനായിരുന്ന ഹാർദ്ദിക് മുംബൈ പ്ലേ ഓഫിലെത്താതെ പുറത്തായതിന് ശേഷം അവധി ആഘാഷിക്കാനായി ലണ്ടനിലേക്ക് പോയിരുന്നു. ഇവിടെനിന്നാണ് ഹാർദ്ദിക് യുഎസിലെത്തിയത്.
ഐപിഎല്ലിനുശേഷം വ്യകിതപരമായ ആവശ്യങ്ങൾക്കായി ദുബായിലേക്ക് പോയ മലയാളി താരം സഞ്ജു സാംസൺ ഇവിടെ നിന്നാണ് യുഎസിലെത്തിയത്. സഞ്ജുവും കഴിഞ്ഞ ദിവസം ഇന്ത്യൻ ടീമിനൊപ്പം പരിശീലനത്തിനിറങ്ങിയിരുന്നു. ഐപിഎല്ലിനുശേഷം ചെറിയ ഇടവേളയെടുത്ത വിരാട് കോലി മാത്രമാണ് ലോകകപ്പിനുള്ള ഇന്ത്യൻ സംഘത്തിനൊപ്പം ഇനി ചേരാനുള്ളത്.
നാളെയാകും വിരാട് കോലി ലോകകപ്പിനായി യുഎസിലേക്ക് പോകുക എന്നാണ് വിവരം. വൈകിയെത്തിയ ഹാർദ്ദിക്കും സഞ്ജുവും നാളെ പുറപ്പെടുന്ന വിരാട് കോലിയും ഒന്നിന് ബംഗ്ലാദേശിനെതിരെ നടക്കുന്ന ഇന്ത്യയുടെ സന്നാഹ മത്സരത്തിൽ കളിക്കില്ലെന്നാണ് സൂചന.
ലോകകപ്പിന് മുമ്പ് ഇന്ത്യ ഒരേയൊരു സന്നാഹ മത്സരത്തിൽ മാത്രമാണ് കളിക്കുന്നത്. അഞ്ചിന് അയർലൻഡിനെതിരെ ആണ് ലോകകപ്പിൽ ഇന്ത്യയുട ആദ്യ മത്സരം. ഒമ്പതിനാണ് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ-പാക്കിസ്ഥാൻ പോരാട്ടം.
ലോകകപ്പിനുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ്മ, ഹാർദിക് പാണ്ഡ്യ, യശസ്വി ജയ്‌സ്വാൾ, വിരാട് കോലി, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, സഞ്ജു സാംസൺ, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചാഹൽ , അർഷ്ദീപ് സിങ്, ജസ്പ്രീത് ബുമ്ര, മൊഹമ്മദ് സിറാജ്