- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്വന്റി 20 ലോകകപ്പ്: ഐസിസി റാങ്കിംഗിൽ ഇന്ത്യൻ താരങ്ങൾ മുന്നിൽ
ദുബായ്: ട്വന്റി 20 ലോകകപ്പ് മഹോത്സവത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ കിരീടം നേടാൻ സാധ്യതയുള്ള ടീമുകളുടെ പട്ടികയിൽ ഒന്നാമത് ഇന്ത്യയാണുള്ളത്. ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റിന്റെ ബെറ്റിങ് സൈറ്റുകളിലും മുൻതാരങ്ങളുടെയും വിദഗ്ധരുടെയും വിലയിരുത്തലുകളിലും രോഹിത് ശർമയും സംഘവുമാണ് മുന്നിൽനിൽക്കുന്നത്. ഓസ്ട്രേലിയയും ഇംഗ്ലണ്ടുമാണ് തൊട്ടുപിന്നിലുള്ളത്. ദക്ഷിണാഫ്രിക്ക, ന്യൂസീലൻഡ്, പാക്കിസ്ഥാൻ, വെസ്റ്റ് ഇൻഡീസ് എന്നിങ്ങനെയാണ് പട്ടിക. മുൻ ഇംഗ്ലണ്ട് നായകൻ ഓയിൻ മോർഗൻ ഇന്ത്യ കിരീടം നേടുമെന്ന് പ്രവചിച്ചുകഴിഞ്ഞു. ജൂൺ രണ്ടുമുതൽ അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലുമായാണ് ലോകകപ്പ് നടക്കുന്നത്.
ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് കഴിഞ്ഞതിനു പിന്നാലെയാണ് ഇന്ത്യൻ താരങ്ങൾ ലോകകപ്പിനെത്തുന്നത്. ഓരേ ഫോർമാറ്റിലായതിനാൽ ഇത് ഗുണംചെയ്യുമെന്ന വിലയിരുത്തലുണ്ട്. എന്നാൽ, കളിക്കാർക്ക് ആവശ്യത്തിന് വിശ്രമം ലഭിച്ചില്ലെന്ന ആരോപണമുണ്ട്. രോഹിത് ശർമ, വിരാട് കോലി എന്നീ പരിചയസമ്പന്നർക്കൊപ്പം സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, ഋഷഭ് പന്ത്. ഹാർദിക് പാണ്ഡ്യ, ശിവം ദുബൈ എന്നീ ട്വന്റി 20 സ്പെഷ്യലിസ്റ്റ് ബാറ്റർമാരുടെ സാന്നിധ്യമാണ് ഇന്ത്യയുടെ കരുത്ത്. ഏത് ഫോർമാറ്റിലും തിളങ്ങുന്ന പേസർ ജസ്പ്രീത് ബുംറയ്ക്കും ചൈനമെൻ സ്പിന്നർ കുൽദീപ് യാദവിനുമൊക്കം ടി-20യിലെ മികച്ചവരായ അർഷദീപ് സിങ്ങും യുസ്വേന്ദ്ര ചാഹലും അക്സർ പട്ടേലുംകൂടി ചേരുമ്പോൾ ബൗളിങ്ങിനും കരുത്താകും. മുഹമ്മദ് സിറാജിന്റെ പേസും ടീമിന് പ്ലസ് പോയിന്റാണ്.
അതേ സമയം ഐസിസി ട്വന്റി 20 റാങ്കിംഗിലും ഇന്ത്യൻ താരങ്ങൾ മുന്നിലാണ്. ബാറ്റിങ് റാങ്കിംഗിൽ ഇന്ത്യൻ താരം സൂര്യകുമാർ യാദവ് ഒന്നാം സ്ഥാനം നിലനിർത്തി. 863 റേറ്റിങ് പോയന്റോടെ ഒന്നാം സ്ഥാനത്ത് തുടരുന്ന സൂര്യകമാറിന് പിന്നിൽ 788 റേറ്റിങ് പോയന്റുമായി ഇംഗ്ലണ്ടിന്റെ ഫിൽ സാൾട്ടാണ് രണ്ടാം സ്ഥാനത്ത്.
മുഹമ്മദ് റിസ്വാൻ, ഏയ്ഡൻ മാർക്രം എന്നിവർ ആദ്യ അഞ്ചിൽ സ്ഥാനം നിലനിർത്തിയപ്പോൾ ആറാം സ്ഥാനത്തുള്ള യശസ്വി ജയ്‌സ്വാൾ മാത്രമാണ് സൂര്യകുമാറിന് പുറമെ ആദ്യ പത്തിൽ ഇടം നേടിയ ഏക ഇന്ത്യൻ താരം. ലോകകപ്പ് ടീമിലില്ലാത്ത റുതുരാജ് ഗെയ്ക്വാദ് പതിനൊന്നാം സ്ഥാനത്തുണ്ട്. റിങ്കു സിങ്(32), വിരാട് കോലി(47), രോഹിത് ശർമ(52), ശിവം ദുബെ(71), ഹാർദ്ദിക് പാണ്ഡ്യ(74) എന്നിങ്ങനെയാണ് ലോകകപ്പ് ടീമിലുള്ള ഇന്ത്യൻ താരങ്ങളുടെ റാങ്കിങ്. മലയാളി താരം സഞ്ജു സാംസൺ ആദ്യ നൂറ് റാങ്കിലില്ല.
ബൗളിങ് റാങ്കിംഗിൽ ഇന്ത്യൻ ഓൾ റൗണ്ടർ അക്‌സർ പട്ടേൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ ഇംഗ്ലണ്ടിന്റെ ആദിൽ റഷീദാണ് ഒന്നാം സ്ഥാനത്ത്. മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ അർഷ്ദീപ് സിങ് പതിനാറാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ കുൽദീപ് യാദവ്(24), യുസ്വേന്ദ്ര ചാഹൽ(51), ഹാർദ്ദിക് പാണ്ഡ്യ(66), മുഹമ്മദ് സിറാജ്(86) എന്നിങ്ങനെയാണ് ലോകകപ്പ് ടീമിലുള്‌ല ഇന്ത്യൻ താരങ്ങളുടെ റാങ്കിങ്. ജസ്പ്രീത് ബുമ്ര ബൗളിങ് റാങ്കിംഗിൽ ആദ്യ 100ൽ ഇടം നേടിയിട്ടില്ല.
ട്വന്റി 20 ടീം റാങ്കിംഗിൽ ഇന്ത്യ തന്നെയാണ് ഒന്നാമത്. 264 റേറ്റിങ് പോയന്റുമായാണ് ഇന്ത്യ ഒന്നാം സ്ഥാനം നിലനിർത്തിയത്.257 റേറ്റിങ് പോയന്റുള്ള ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്തുള്ളപ്പോൾ 252 റേറ്റിങ് പോയന്റുള്ള നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് മൂന്നാമതാണ്. ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ് എന്നിവർ ആദ്യ അഞ്ചിലുള്ളപ്പോൾ വെസ്റ്റ് ഇൻഡീസിനും പിന്നിലായി പാക്കിസ്ഥാൻ ഏഴാം സ്ഥാനത്താണ്.