- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോച്ചിനെ വിവേകത്തോടെ തിരഞ്ഞെടുക്കണമെന്ന് ഗാംഗുലി, ലക്ഷ്യം ഗംഭീറോ?
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ വ്യാപകമാകുന്നതിനിടെ, ബിസിസിഐക്ക് ഉപദേശവുമായി മുൻ പ്രസിഡന്റും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി. കോച്ചിനെ തിരഞ്ഞെടുക്കുന്നത് വിവേകത്തോടെ ആകണന്നാണ് എക്സിൽ കുറിച്ച പോസ്റ്റിൽ ഗാംഗുലി വ്യക്തമാക്കിയത്. പോസ്റ്റ് ക്രിക്കറ്റ് ലോകത്ത് വ്യാപക ചർച്ചകൾക്ക് വഴിവയ്ക്കുകയും ചെയ്തു.
രാഹുൽ ദ്രാവിഡിന്റെ പിൻഗാമി സ്ഥാനത്തേക്ക് ബിസിസിഐ അപേക്ഷ ക്ഷണിച്ചപ്പോൾ നൂറുകണക്കിന് അപേക്ഷകൾ ലഭിച്ചെങ്കിലും ആരൊക്കെയാണ് അപേക്ഷിച്ചിരിക്കുന്നതെന്ന കാര്യം ബിസിസിഐ ഇതുവരെ പുറത്തുവിട്ടിട്ടില്ല. വിദേശ പരിശീലകരെക്കാൾ ഇന്ത്യൻ പരിശീലകരെ തന്നെയാണ് ബിസിസിഐ പരിഗണിക്കുന്നതെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഓസ്ട്രേലിയൻ മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്, ജസ്റ്റിൻ ലാംഗർ, ന്യൂസിലൻഡ് മുൻ നായകൻ സ്റ്റീഫൻ ഫ്ളെമിങ് എന്നിവരെയെല്ലാം ബിസിസിഐ സമീപിച്ചിരുന്നുവെന്നും എന്നാൽ മൂന്ന് വർഷ കരാറിൽ മുഴുവൻ സമയ പരിശീലകരാവാൻ ഇവരാരും തയാറായില്ലെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടെ ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മെന്ററായിരുന്ന ഗൗതം ഗംഭീർ ഇന്ത്യൻ പരിശീലകനാകുമെന്നും റിപ്പോർട്ടുകൾ വന്നു. എന്നാൽ ഇക്കാര്യത്തിൽ ബിസിസിഐയോ ഗംഭീറോ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
മുൻ ഇന്ത്യൻ താരവും ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മെന്ററുമായ ഗൗതം ഗംഭീറിനാണ് പരിശീലകനാകാൻ ഏറ്റവമധികം സാധ്യത കൽപ്പിക്കപ്പെടുന്നത്. വിദേശ കോച്ചുകൾ വരുന്നതിനോട് ബിസിസിഐക്ക് എതിർപ്പുള്ളതിനാൽ ആശിഷ് നെഹ്റ, വി.വി എസ്.ലക്ഷ്മൺ തുടങ്ങിയവരുടെ പേരുകളും പറഞ്ഞു കേൾക്കുന്നുണ്ട്.
പരിശീലക സ്ഥാനത്തേക്ക് തുടക്കത്തിൽ സൗരവ് ഗാംഗുലിയുടെ പേരും പരിഗണിക്കുന്നതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റായിരുന്നപ്പോഴാണ് രാഹുൽ ദ്രാവിഡിനെ ഇന്ത്യൻ പരിശീലകനായി നിയമിച്ചത്. ആദ്യം ചുമതലയേറ്റെടുക്കാൻ മടിച്ച ദ്രാവിഡിനെ നിർബന്ധപൂർവം ഗാംഗുലി ഉത്തവാദിത്തം ഏൽപ്പിക്കുകയായിരുന്നു.
ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ് മെന്ററായിരുന്ന ഗാംഗുലി ഇന്ത്യൻ പരിശീലകനാവാനുള്ള സാധ്യത വിരളമാണെന്നാണ് സൂചന. ടി20 ലോകകപ്പ് വരെ ദ്രാവിഡിന് കാലാവധിയുള്ളതിനാൽ തിരിക്കിട്ട് പ്രഖ്യാപനം നടത്തേണ്ടെന്ന നിലപാടിലാണ് ബിസിസിഐ.
ഇതിനിടെയാണ് ബിസിസിഐക്ക് പരോക്ഷ 'ഉപദേശവുമായി' ഗാംഗുലി രംഗത്തെത്തിയത്. "ഒരാളുടെ ജീവിതത്തിൽ കോച്ചിന് വളരെ പ്രാധാന്യമുണ്ട്. അവരുടെ മാർഗനിർദ്ദേശം, നിരന്തരമായ പരിശീലനം എന്നിവ കളിക്കളത്തിലും പുറത്തും ഏതൊരു വ്യക്തിയുടെയും ഭാവിയെ രൂപപ്പെടുത്തുന്നു. അതിനാൽ പരിശീലകനെയും സ്ഥാപനത്തെയും വിവേകത്തോടെ തിരഞ്ഞെടുക്കുക." ഗാംഗുലി കുറിച്ചു.
Dada is remembering Greg Chappell and John Buchanan
— Rambo (@sniggy1992) May 30, 2024
നിരവധി ചർച്ചകൾക്കാണ് ഗാംഗുലിയുടെ അഭിപ്രായപ്രകടനം വഴിതുറന്നത്. ഇന്ത്യൻ ടീമിൽ അംഗമായിരിക്കെ കോച്ച് ഗ്രേഗ് ചാപ്പലുമായുള്ള അഭിപ്രായവ്യത്യാസങ്ങളെയാണ് ഗാംഗുലി സൂചിപ്പിച്ചതെന്ന് ചിലർ പറഞ്ഞപ്പോൾ ഗംഭീർ കോച്ചാകുന്നതിനെതിരെയാണ് ഗാംഗുലി പറഞ്ഞതെന്ന് ചിലർ പറയുന്നു.
2003ൽ ഇന്ത്യയെ ഏകദിന ലോകകപ്പിന്റെ ഫൈനൽ വരെ എത്തിച്ച കോച്ച് ജോൺ റൈറ്റിന്റെ കരാർ അവസാനിച്ചതിന് ശേഷം മുൻ ഓസ്ട്രേലിയൻ ബാറ്റർ ഗ്രേഗ് ചാപ്പലിനെ ഇന്ത്യയുടെ മുഖ്യ പരിശീലകനായി കൊണ്ടുവരുന്നതിൽ നിർണായക പങ്ക് വഹിച്ചത് അന്നത്തെ ഇന്ത്യൻ ക്യാപ്റ്റനായിരുന്ന ഗാംഗുലിയായിരുന്നു. 2003-04ലെ ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിനിടെ ചാപ്പലും ഗാംഗുലിയും തമ്മിലുള്ള ഒത്തൊരുമ പ്രശംസിക്കപ്പെടുകയും ചെയ്തു.
എന്നാൽ ഗാംഗുലിയും ചാപ്പലും തമ്മിലുള്ള ബന്ധം പെട്ടെന്ന് വഷളായി. അഭിപ്രായവ്യത്യാസങ്ങൾ വളർന്ന് ഗാംഗുലിയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നും പിന്നാലെ ടീമിൽനിന്നും പുറത്താക്കുകയും ചെയ്തു. 2006ൽ താരം തിരിച്ചുവരവ് നടത്തിയെങ്കിലും ചാപ്പലുമായുള്ള അദ്ദേഹത്തിന്റെ ബന്ധം ഒരിക്കലും പഴയതുപോലെയായില്ല. പതുക്കെ, ടീമിലെ മറ്റു സീനിയർ താരങ്ങളും ചാപ്പലിന്റെ കോച്ചിങ് ശൈലിക്കെതിരെ തുറന്നു പറഞ്ഞു. 2007 ഏകദിന ലോകകപ്പിൽ ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായതിന് പിന്നാലെ ചാപ്പലിന്റെ പരിശീലക സ്ഥാനത്തുനിന്നു മാറ്റി.
അതേസമയം, ഗംഭീറിനെ കോച്ചാക്കുന്നതിനെതിരെയാണ് ഗാംഗുലിയുടെ അഭിപ്രായപ്രകടനമെന്ന് കരുതുന്നവരുമുണ്ട്. ബിജെപി എംപിയായ ഗംഭീറിനെ കോച്ചാക്കുന്നത് രാഷ്ട്രീയ ഇടപെടൽ മൂലമാണെന്ന് നേരത്തെ തന്നെ വിമർശനമുണ്ടായിരുന്നു. ബാംഗാളിൽ മമത ബാനർജിയുമായി ഉൾപ്പെടെ അടുത്ത ബന്ധം പുലർത്തുന്ന ഗാംഗുലി, ഗംഭീറിന്റെ നിയമനത്തിന് എതിരാണെന്ന് ചിലർ കണക്കുകൂട്ടുന്നു. എന്നാൽ ഗാംഗുലിയും ഗംഭീറും തമ്മിൽ പ്രകടമായ അഭിപ്രായവ്യത്യാസങ്ങളൊന്നുമില്ല. കളിക്കളത്തിന് പുറത്ത് പോലും ഇരുവരും നിരവധി തവണ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ഐപിഎലിൽ ആദ്യ മൂന്നൂ സീസണുകളിലും കൊൽക്കത്തയ്ക്കായി ട്രോഫി നേടുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഗാംഗുലിക്ക് പകരക്കാരനായാണ് ഗംഭീർ കെകെആർ ക്യാപ്റ്റനാകുന്നത്. ഗംഭീറിനു കീഴിൽ കൊൽക്കത്ത രണ്ടു തവണ കിരീടം നേടുകയും ചെയ്തു. ഈ വർഷം ഗംഭീർ മെന്റർ സ്ഥാനത്ത് തിരിച്ചെത്തിയതിനു പിന്നാലെയാണ് വീണ്ടും കൊൽക്കത്തയുടെ കിരീടനേട്ടം.