- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎസിലേത് നിലവാരമില്ലാത്ത പിച്ചുകൾ; താരങ്ങൾക്ക് പരിക്കേൽക്കാൻ സാധ്യത
ന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പിനായുള്ള അമേരിക്കയിലെ പരിശീലന സൗകര്യങ്ങളിൽ അതൃപ്തി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനെ അറിയിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം. ഇന്ത്യൻ ടീം കോച്ച് രാഹുൽ ദ്രാവിഡ് ഐസിസി നേതൃത്വത്തെ പരാതി അറിയിച്ചതായാണ് റിപ്പോർട്ടുകൾ. ട്വന്റി 20 ലോകകപ്പിന് ദിവസങ്ങൾക്ക് മുൻപ് തന്നെ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഒട്ടുമിക്ക താരങ്ങളും അമേരിക്കയിലെത്തി. കാന്റ്യാഗ് പാർക്കിൽ ഒരുക്കിയ പിച്ചിൽ രോഹിതും സംഘവും പരിശീലനം തുടങ്ങിയിരുന്നു. ഇതിന്റെ വീഡിയോ ബിസിസിഐ പുറത്തുവിടുകയും ചെയ്തു.
എന്നാൽ പരിശീലനത്തിനായി നൽകിയ ആറ് പിച്ചുകളിൽ മൂന്നെണ്ണം ഇന്ത്യൻ ടീം ഉപയോഗിച്ചു. നിലവാരമില്ലാത്ത പിച്ചാണിതെന്നാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരാതി. താരങ്ങൾക്ക് പരിക്കേൽക്കാൻ സാധ്യതയുള്ള പിച്ചാണിതെന്നാണ് വിലയിരുത്തൽ. താരങ്ങൾക്കായി ഒരുക്കിയിരിക്കുന്ന മറ്റ് സൗകര്യങ്ങളിലും അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. വലിയ ക്രിക്കറ്റ് ടുർണമെന്റുകൾ നടത്തി അമേരിക്കയ്ക്ക് വലിയ പരിചയമില്ലാത്തതും ഇതിന് കാരണമായി ചിലർ ചൂണ്ടിക്കാട്ടുന്നു.
യുഎസിലെ കാലാവസ്ഥയെ നേരിടാൻ പരിശീലന രീതികളിൽ അടിമുടി മാറ്റമാണ് ഇന്ത്യൻ ടീം വരുത്തിയിരിക്കുന്നത്. ലോകകപ്പിനായി ന്യൂയോർക്കിലെത്തിയ ഇന്ത്യൻ താരങ്ങൾ പരിശീലനം തുടങ്ങിയെങ്കിലും സ്‌കിൽ ട്രെയിനിങ് ആരംഭിച്ചിട്ടില്ല. രാവിലെ ജോഗിങ്ങും അനുബന്ധ വ്യായാമങ്ങളുമാണ് ഇപ്പോഴുള്ളത്. ഇന്ത്യയിൽനിന്നു തികച്ചും വ്യത്യസ്തമായ യുഎസിലെ കാലാവസ്ഥയുമായി പൊരുത്തപ്പെടാനാണിത്.
രണ്ടര മാസത്തെ ഐപിഎൽ മത്സരങ്ങളിലധികവും രാത്രിയിലായിരുന്നു. ഫ്‌ളഡ്ലൈറ്റിൽ നടന്ന മത്സരങ്ങളുടെ 'ഹാങ്ഓവർ' മാറാതെയെത്തുന്ന ഇന്ത്യൻ ടീമിന്റെ ലോകകപ്പിലെ ആദ്യറൗണ്ട് മത്സരങ്ങളെല്ലാം രാവിലെയാണ്. പ്രാദേശിക സമയം രാവിലെ 10.30നാണ് മത്സരങ്ങൾക്കു തുടക്കം. പകൽ മത്സരങ്ങൾക്കായി കളിക്കാരെ ഒരുക്കുകയാണ് ഇന്ത്യൻ സപ്പോർട്ട് സ്റ്റാഫിന്റെ വലിയ വെല്ലുവിളി. 'മാസങ്ങളായി കളിക്കാർ ഞങ്ങൾക്കൊപ്പമില്ലായിരുന്നു. ഇപ്പോഴത്തെ അവരുടെ ശാരീരിക സ്ഥിതി എങ്ങനെയെന്ന് നിരീക്ഷിക്കാനാണ് ആദ്യം ശ്രമിക്കുന്നത് ഇന്ത്യൻ ടീമിന്റെ കണ്ടീഷനിങ് കോച്ച് സോഹം ദേശായി പറഞ്ഞു.
ശനിയാഴ്‌ച്ച ബംഗ്ലാദേശിനെതിരെ ഇന്ത്യ സന്നാഹ മത്സരം കളിക്കുന്നുണ്ട്. ന്യൂയോർക്കിലെ സ്റ്റേഡിയത്തിലാണ് മത്സരം. ലോകകപ്പിലെ ആദ്യ മൂന്ന് മത്സരങ്ങൾക്കുമുള്ള തയ്യാറെടുപ്പുകൾക്ക് ഈ സ്റ്റേഡിയമാണ് ഇന്ത്യ ഉപയോഗിക്കേണ്ടത്. ട്വന്റി 20 ലോകകപ്പിൽ ജൂൺ അഞ്ചിനാണ് നീലപ്പടയുടെ ആദ്യ മത്സരം. അയർലൻഡാണ് എതിരാളി. ജൂൺ ഒന്പതിന് നടക്കുന്ന രണ്ടാം അങ്കത്തിൽ ചിര വൈരികളായ പാക്കിസ്ഥാനെ ഇന്ത്യ നേരിടും. അമേരിക്കയും കാനഡയുമാണ് ലോകകപ്പിന്റെ ആദ്യ ഘട്ടത്തിൽ ഇന്ത്യയുടെ മറ്റ് എതിരാളികൾ.
യുഎസിലെ സമയക്രമവുമായി പൊരുത്തപ്പെടലാണ് ടീമിന്റെ ആദ്യ ലക്ഷ്യമെന്ന് ടീമിന്റെ സ്‌ട്രെങ്ത് ആൻഡ് കണ്ടിഷനിങ് പരിശീലകൻ സോഹം ദേശായ് പറഞ്ഞു. രണ്ടുമാസത്തോളം നീണ്ടുനിന്ന ഐപിഎൽ മൽസരങ്ങൾക്ക് ശേഷമാണ് താരങ്ങൾ ദേശീയ ടീമിനായി ഒരുമിച്ച് ചേരുന്നത്. യുഎസ് ലോകകപ്പ് മികച്ച അനുഭമാകുമെന്ന പ്രതീക്ഷയിലാണ് താരങ്ങളും.