കാഠ്മണ്ഡു: ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ നേപ്പാൾ ക്രിക്കറ്റ് താരം സന്ദീപ് ലാമിച്ചനെയ്ക്ക് വീസ അനുവദിക്കാതെ യുഎസ് എംബസി. രണ്ടാം തവണയും വീസ അപേക്ഷ തള്ളിയതോടെ സന്ദീപ് ലാമിച്ചനെ ട്വന്റി20 ലോകകപ്പ് കളിക്കില്ലെന്ന് ഉറപ്പായി.

പീഡനക്കേസിൽ അറസ്റ്റിലായ സന്ദീപ് ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. കഴിഞ്ഞ ആഴ്ച സന്ദീപിന്റെ അപേക്ഷ തള്ളിയതിനു പിന്നാലെ, നേപ്പാൾ സർക്കാരും ക്രിക്കറ്റ് അസോസിയേഷനും താരത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ സർക്കാർതലത്തിലുള്ള ഇടപെടലുകൾക്കും യുഎസ് വഴങ്ങിയില്ലെന്നാണു വിവരം. നേപ്പാൾ ക്രിക്കറ്റ് അസോസിയേഷൻ നേരിട്ട് ഇടപെട്ടിട്ടും യു എസ് നിലപാട് കടുപ്പിച്ചതോടെ ആരാധകർ പ്രതിഷേധത്തിലാണ്.

ലാമിച്ചനെയെ ലോകകപ്പ് കളിപ്പിക്കണമെന്നാവശ്യപ്പെട്ട് ആളുകൾ തലസ്ഥാന നഗരമായ കാഠ്മണ്ഡുവിൽ പ്രതിഷേധിച്ചു. പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിലും യുഎസ് എംബസിക്കു മുന്നിലുമാണു പ്രതിഷേധങ്ങൾ അരങ്ങേറിയത്. പീഡനക്കേസിൽ പ്രതിയായ സന്ദീപിനെ ഈ മാസം ആദ്യം പറ്റാൻ ഹൈക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു. കോടതി നടപടിക്കു പിന്നാലെ താരത്തിന്റെ വിലക്ക് നേപ്പാൾ ക്രിക്കറ്റ് അസോസിയേഷൻ പിൻവലിച്ച്, ലോകകപ്പ് ടീമിലും ഉൾപ്പെടുത്തി.

എന്നാൽ യുഎസ് വീസ അപേക്ഷ തള്ളിയതോടെ ലോകകപ്പ് ടീമിന്റെ ഭാഗമാകാമെന്ന ലാമിച്ചനെയുടെ മോഹങ്ങൾക്കു വീണ്ടും തിരിച്ചടിയേറ്റു. ഇതു രണ്ടാം തവണയാണ് യുഎസ് തനിക്ക് വീസ നിഷേധിക്കുന്നതെന്ന് ലാമിച്ചനെ എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. നേപ്പാളിലെ ക്രിക്കറ്റ് ആരാധകരോടു ക്ഷമ ചോദിക്കുന്നതായും ലാമിച്ചനെ പറഞ്ഞു.

ലാമിച്ചനെയുടെ തകർപ്പൻ പ്രകടനമാണ് നേപ്പാളിന് ലോകകപ്പ് യോഗ്യത നേടിക്കൊടുത്തത്. ഏഷ്യ ക്വാളിഫയർ മത്സരങ്ങളിൽ നേപ്പാളിനായി കൂടുതൽ വിക്കറ്റ് നേടിയ താരമായിരുന്നു ലാമിച്ചനെ. ലോകകപ്പിനായി നേരത്തേ തന്നെ യുഎസിലെത്തിയ നേപ്പാൾ ടീം പരിശീലനത്തിലാണ്. കഴിഞ്ഞ ദിവസം കാനഡയുമായുള്ള സന്നാഹ മത്സരത്തിൽ നേപ്പാൾ തോറ്റിരുന്നു. ജൂൺ നാലിന് നെതർലൻഡ്‌സിനെതിരെയാണ് നേപ്പാളിന്റെ ആദ്യ ലോകകപ്പ് പോരാട്ടം.