- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇംഗ്ലണ്ടിനെതിരായ മോശം പ്രകടനം: മോയിൻ ഖാന്റെ മകനെ പരിഹസിച്ച് ആരാധകർ
ദുബായ്: ട്വന്റി 20 ലോകകപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ പാക്കിസ്ഥാൻ കനത്ത തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ വിക്കറ്റ് കീപ്പർ ബാറ്റർ അസം ഖാനെതിരെ വിമർശനവുമായി ആരാധകർ. നാലാം ട്വന്റി 20 മത്സരത്തിൽ അഞ്ച് പന്തുകൾ നേരിട്ട താരം റൺസൊന്നുമെടുക്കാതെയാണ് പുറത്തായത്. ഫിൽഡിംഗിനിടെ രണ്ടു ക്യാച്ചുകളും നിലത്തിട്ടിരുന്നു. മോശം ഫോം തുടരുന്ന താരം ലോകകപ്പിലും ഇതേ പ്രകടനം ആവർത്തിക്കുമെന്നും ഇത് ടീമിന്റെ പ്രകടനത്തെ ബാധിക്കുമെന്നുമാണ് ആരാധകർ പറയുന്നത്.
മുൻ പാക്കിസ്ഥാൻ വിക്കറ്റ് കീപ്പർ മോയിൻ ഖാന്റെ മകനാണ് 25കാരൻ. ട്വന്റി 20 ലോകകപ്പിനുള്ള പാക്കിസ്ഥാൻ ടീമിൽ ഉൾപ്പെട്ട താരം കടുത്ത വിമർശനങ്ങളിലൂടെയാണ് കടന്നുപോകുന്നത്. 13 അന്താരാഷ്ട്ര ടി20 മത്സരങ്ങൾ കളിച്ച അസം ഇതുവരെ നേടിയത് വെറും 88 റൺസ് മാത്രമാണ്. 9.77 ശരാശരി. സ്ട്രൈക്ക് റേറ്റ് 135.38. മാത്രവും.
എങ്ങനെയാണ് ഇത്രയും മോശം കണക്കുകളുള്ള ഒരു താരം പാക്കിസ്ഥാൻ ടീമിൽ തുടരുന്നതെന്നാണ് പാക് ആരാധകർ ചോദിക്കുന്നത്. ടി20 ലോകകപ്പിനുള്ള പാക് ടീമിൽ ഉൾപ്പെട്ടത് മോയീൻ ഖാന്റെ മകനായതുകൊണ്ട് മാത്രമാണെന്നാണ് ഒരു വാദം. നെപ്പോട്ടിസം, അത്ര തന്നെ. ഇന്നലെ ഇംഗ്ലണ്ടിനെതിരെ മോശം പ്രകടനം പുറത്തെടുത്തതോടെയാണ് അസം ഖാൻ വീണ്ടും ചർച്ചയാവുന്നത്. ബാറ്റിംഗിൽ മാത്രമല്ല, വിക്കറ്റ് കീപ്പിംഗിലും മോശം പ്രകടനം.
അനായാസമായ രണ്ട് ക്യാച്ചുകളാണ് അസം ഖാൻ വിട്ടുകളഞ്ഞത്. ആദ്യം മുഹമ്മദ് ആമിറിന്റെ പന്തിൽ ഫിൾ സാൾട്ടിനേയും പിന്നീട് ഹാരിസ് റൗഫിന്റെ പന്തിൽ വിൽ ജാക്സിനേയും താരം വിട്ടുകളഞ്ഞു.
ബാറ്റിംഗിനെത്തിയപ്പോൾ അഞ്ചാം പന്തിൽ തന്നെ അസം ഖാൻ മടങ്ങി. മാർക്ക് വുഡിന്റെ ബൗൺസറിൽ താരത്തിന് ഒഴിഞ്ഞുമാറാനോ ബാറ്റ് വെക്കാനോ സാധിച്ചില്ല. താരത്തിന്റെ ഗ്ലൗസിൽ ഉരസിയ പന്ത് വിക്കറ്റ് കീപ്പർ ജോസ് ബട്ലറുടെ കൈകളിലേക്ക്.
ഈ മോശം പ്രകടനത്തോടെയാണ് താരത്തിനെതിരെ വിമർശനങ്ങൾ ശക്തമായത്. മുഹമ്മദ് റിസ്വാനാണ് പാക്കിസ്ഥാൻ ടീമിലെ പ്രധാന വിക്കറ്റ് കീപ്പർ. റിസ്വാന് ലോകകപ്പിൽ കീപ്പറാവണമെന്നാണ് ആരാധകരും ആവശ്യപ്പെടുന്നത്. ജൂൺ ആറിന് ആതിഥേയരായ അമേരിക്കയ്ക്കെതിരെയാണ് പാക്കിസ്ഥാന്റെ ആദ്യ മത്സരം. 9ന് ഇന്ത്യയെയും നേരിടും. മോശം പ്രകടനം തുടർന്നിട്ടും മുൻ നായകന്റെ മകനായതിനാലാണ് താരം ടീമിലെത്തിയതെന്നുള്ള മുറുമുറുപ്പുകളും ശക്തമാണ്.