ന്യൂയോർക്ക്: അമേരിക്കയിൽ ട്വന്റി 20 ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. സന്നാഹ മത്സരത്തിൽ ഇന്ത്യ നാളെ ബംഗ്ലാദേശിനെതിരെ പോരാട്ടത്തിന് ഇറങ്ങും. വൈകിട്ട് എട്ട് മണിക്ക് നാസൗ കൗണ്ടി ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ഒരേയൊരു സന്നാഹ മത്സരം മാത്രമാണ് ഇന്ത്യ കളിക്കുന്നത്.

ഇന്ന് അമേരിക്കയിലെത്തിയ കോലി മത്സരത്തിൽ കളിക്കാൻ സാധ്യതയില്ല. കോലിക്ക് പകരം മലയാളി താരം സഞ്ജു സാംസണ് മൂന്നാം സ്ഥാനത്ത് കളിക്കാൻ സാധ്യതയേറെയാണ്. കഴിഞ്ഞ ദിവസങ്ങൽ ഇന്ത്യൻ ടീമംഗങ്ങൾ പരിശീലനം നടത്തിയിരുന്നു. വിരാട് കോലി ഒഴികെ ബാക്കി എല്ലാ താരങ്ങളും പരിശീലന സെഷനിലുണ്ടായിരുന്നു.

ജൂൺ അഞ്ചിനാണ് നീലപ്പടയുടെ ആദ്യ മത്സരം. അയർലൻഡാണ് എതിരാളി. ജൂൺ ഒമ്പതിന് നടക്കുന്ന രണ്ടാം അങ്കത്തിൽ ചിര വൈരികളായ പാക്കിസ്ഥാനെ ഇന്ത്യ നേരിടും. അമേരിക്കയും കാനഡയുമാണ് ലോകകപ്പിന്റെ ആദ്യ ഘട്ടത്തിൽ ഇന്ത്യയുടെ മറ്റ് എതിരാളികൾ.

മത്സരം ഇന്ത്യയിൽ കാണാനാകുമോ എന്നാണ് ആരാധകർ അന്വേഷിക്കുന്നത്. എന്നാൽ കാണാനുള്ള സൗകര്യം ഉണ്ടാവുമെന്നാണ് പുറത്തുവരുന്ന വാർത്തുകൾ. ടി20 ലോകകപ്പ് സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്കാണ് ഇന്ത്യയിൽ ടെലികാസ്റ്റ് ചെയ്യുന്നത്. നാളത്തെ മത്സരവും സ്റ്റാർ സ്പോർട്സിൽ കാണാം. മൊബൈലിൽ ഡിസ്നി ഹോട്സ്റ്റാറിലും മത്സരം കാണാനാവും.

അതേസമയം, ഇന്ത്യക്കായി ഒരുക്കിയ സൗകര്യങ്ങളിൽ പരിശീലകൻ രാഹുൽ ദ്രാവിഡ് പരാതി ഉന്നയിച്ചു. നൽകിയ ആറ് പിച്ചുകളിൽ മൂന്നെണ്ണം ഇന്ത്യൻ ടീം ഉപയോഗിച്ചു. നിലവാരമില്ലാത്ത പിച്ചാണിതെന്നാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരാതി. താരങ്ങൾക്ക് പരിക്കേൽക്കാൻ സാധ്യതയുള്ള പിച്ചാണിതെന്നാണ് വിലയിരുത്തൽ. താരങ്ങൾക്കായി ഒരുക്കിയിരിക്കുന്ന മറ്റ് സൗകര്യങ്ങളിലും അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

രണ്ടാം ട്വന്റി 20 കിരീടമെന്ന സ്വപ്നവുമായാണ് ഇന്ത്യ ഇത്തവണ കളത്തിലിറങ്ങുന്നത്. 2007ൽ ട്വന്റി 20 കിരീടവും 2011ൽ ഏകദിന ലോകകപ്പ് കിരീടവും നേടിയ ടീമിന് പിന്നീടിതുവരെ വിശ്വകിരീടം സ്വന്തമാക്കാനായിട്ടില്ല. ഈ കിരീടവരൾച്ച അവസാനിപ്പിക്കാനുറച്ചാണ് ക്യാപ്റ്റൻ രോഹിതും സംഘവും ഇറങ്ങുന്നത്.

ഇന്ത്യൻ ടീം: രോഹിത് ശർമ്മ, യശസ്വി ജയ്‌സ്വാൾ, വിരാട് കോലി, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, റിഷഭ് പന്ത്, സഞ്ജു സാംസൺ, അർഷ്ദീപ് സിങ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.