- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഈ ലോകകപ്പിൽ ഇന്ത്യയുടെ തുറുപ്പ് ചീട്ട് ദുബെയാകും; ബിഗ് ഹിറ്ററാണ്'
ന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പിന്റെ സന്നാഹ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യ മിന്നുന്ന പ്രകടനം പുറത്തെടുത്തതോടെ ആരാധകർ പ്രതീക്ഷയിലാണ്. ഒട്ടുമിക്ക താരങ്ങളും മികച്ച ഫോമിലാണ് എന്നത് ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നു. ലോകകപ്പിൽ ഇന്ത്യയുടെ പ്ലേയിങ് ഇലവനെ കുറിച്ചുള്ള ചർച്ചകൾ പലവിധത്തിൽ നടക്കുന്നത്.
ഓപ്പണറായി ആര് കളിക്കണമെന്നുള്ളതാണ് പ്രധാന ചർച്ച. വിരാട് കോലി - രോഹിത് ശർമ സഖ്യം ഓപ്പൺ ചെയ്യണമെന്ന് ഒരുപക്ഷം. അതുമല്ല, രോഹിത് - യശസ്വി ജയ്‌സ്വാൾ സഖ്യം ഓപ്പൺ ചെയ്യണമെന്ന് മറ്റൊരു വാദം. ഐപിഎൽ ഓപ്പണറായി കളിച്ച കോലി മികച്ച ഫോമിലായിരുന്നു. ഓറഞ്ച് ക്യാപ് സ്വന്തമാക്കിയതും കോലിയായിരുന്നു. ഐപിഎല്ലിൽ ജയ്‌സ്വാളിന് ഫോമിലാവാൻ സാധിച്ചിരുന്നില്ല.
സന്നാഹ മത്സരത്തിൽ രോഹിത് ശർമ്മയ്ക്കൊപ്പം സഞ്ജു സാംസൺ ആണ് ഓപ്പണിങ് ഇറങ്ങിയത്. യശസ്വി ജയ്സ്വാളിന് അവസരം ലഭിച്ചില്ല. വിരാട് കോഹ്ലി കഴിഞ്ഞ ദിവസമാണ് ടീമിനൊപ്പം ചേർന്നതെന്നും വിശ്രമം ആവശ്യമെന്നും ടോസിന് മുമ്പായി രോഹിത് ശർമ്മ പറഞ്ഞിരുന്നു. ഇതോടെയാണ് ഓപ്പണിങ് സഖ്യത്തെക്കുറിച്ച് ചോദ്യമുയർന്നത്.
ട്വന്റി 20 ലോകകപ്പിൽ ജയ്സ്വാൾ ഓപ്പണർ ആകില്ലെന്നാണോ പരിശീലന മത്സരം സൂചന നൽകുന്നതെന്നാണ് ഇന്ത്യൻ ക്യാപ്റ്റൻ നേരിട്ട ചോദ്യം. ഇതിന് നേരിട്ടുള്ള മറുപടി രോഹിത് ഒഴിവാക്കി. എങ്കിലും കാര്യങ്ങൾ മികച്ച രീതിയിലാണ് നടക്കുന്നതെന്ന് താരം സൂചിപ്പിച്ചു. ഇന്ത്യൻ ടീം ആഗ്രഹിക്കുന്നത് പരിശീലന മത്സരത്തിൽ ലഭിച്ചു. ടോസിന്റെ സമയത്ത് പറഞ്ഞതുപോലെ അമേരിക്കൻ ഗ്രൗണ്ടുകളിലെ സാഹചര്യം അറിയേണ്ടതുണ്ട്. അതിനനുസരിച്ച് കളിക്കേണ്ടതുണ്ടെന്നും രോഹിത് ശർമ്മ പ്രതികരിച്ചു.
ഋഷഭ് പന്തിനെ മൂന്നാമത് ഇറക്കിയത് താരത്തിന് ഒരവസരം നൽകാൻ വേണ്ടി മാത്രമാണ്. ബൗളർമാർ കൂടി നന്നായി കളിച്ചതോടെ എല്ലാ കാര്യങ്ങളിലും സന്തോഷമായി. മികച്ച രീതിയിൽ പന്തെറിയാൻ കഴിയുമെന്ന് അർഷ്ദീപ് സിങ് തെളിയിച്ചു. മികച്ച 15 താരങ്ങൾ ഇന്ത്യൻ ടീമിലുണ്ട്. ഓരോ മത്സരത്തിലെയും സാഹചര്യങ്ങൾക്ക് അനുസരിച്ച് ഏറ്റവും മികച്ച ടീമിനെ ഇറക്കുമെന്നും രോഹിത് ശർമ്മ വ്യക്തമാക്കി.
അതേ സമയം ചെന്നൈ സൂപ്പർ കിങ്സ് ഓൾറൗണ്ടർ ശിവം ദുബെയെ, ഇന്ത്യ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തണമെന്നാണ് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്‌ന പറയുന്നത്. ഐപിഎല്ലിൽ തകർപ്പൻ പ്രകടനം നടത്തിയ ദുബെ ആയിരിക്കും ലോകകപ്പിൽ ഇന്ത്യയുടെ തുറുപ്പുചീട്ടെന്നും റെയ്ന പറഞ്ഞു. "ദുബെയെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്താൻ ടീം മാനേജ്മെന്റ് തയ്യാറാവണം. അവിശ്വസനീയ മികവോടെയാണ് ദുബേ സിക്സറുകൾ നേടുന്നത്. വളരെകുറച്ച് താരങ്ങൾക്കേ ഈ മികവുള്ളൂ. മുൻപ് യുവരാജും ധോണിയും ഇന്ത്യക്കായി നടത്തിയ ഇന്നിങ്സുകൾ ആവർത്തിക്കാൻ ദുബേയ്ക്ക് കഴിയും. ഈ ലോകകപ്പിൽ ഇന്ത്യയുടെ തുറുപ്പ് ചീട്ട് ദുബെ ആയിരിക്കും." റെയ്ന പറഞ്ഞു.