ന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പിലെ ഇന്ത്യ - പാക്കിസ്ഥാൻ ആവേശ പോരാട്ടത്തിനായുള്ള കാത്തരിപ്പിലാണ് ആരാധകർ. ഏകദിന ലോകകപ്പിന് ശേഷം ഇരു ടീമുകളും നേർക്കുനേർ വരുന്ന മത്സരം എന്നതിനാൽ ഇരു ടീമുകളുടേയും ആരാധകർ വലിയ പ്രതീക്ഷയിലാണ്.

ഇത്തവണ ഇന്ത്യയെ തോൽപ്പിക്കാൻ സഹായിക്കണമെന്ന അഭ്യർത്ഥനയുമായി പാക്കിസ്ഥാൻ നായകൻ ബാബർ അസം രംഗത്തെത്തിയിരുന്നു. ലോകകപ്പിൽ ഏറ്റവും അധികം ചർച്ചകൾ നടക്കുന്നത് ഇന്ത്യ-പാക്കിസ്ഥാൻ മത്സരത്തെക്കുറിച്ചാണെന്ന് തനിക്ക് അറിയാമെന്ന് ബാബർ പറഞ്ഞിരുന്നു.

താരങ്ങൾക്കിടയിലും ആരാധകർക്കിടയിലും വലിയ ആവേശം ഉണർത്തുന്ന മത്സരമാണിത്. ലോകത്ത് എവിടെപ്പോയാലും ഇരുരാജ്യങ്ങളുടെയും ആരാധകരെ കാണാം. പക്ഷേ ഇത്ര വലിയ ആവേശം ഒരുപക്ഷേ താരങ്ങളെ ആശങ്കയിലാക്കിയേക്കാം.

മത്സരത്തിൽ ശ്രദ്ധിക്കുന്നതാണ് ഓരോ താരത്തെയും നന്നായി കളിക്കാൻ സഹായിക്കുക. സമ്മർദ്ദം കുറഞ്ഞാൽ നന്നായി കളിക്കാൻ കഴിയും. ശാന്തമായി കഠിനാദ്ധ്വാനത്തിലും കഴിവിലും താരങ്ങൾ ശ്രദ്ധിക്കണമെന്നും ബാബർ പ്രതികരിച്ചു.

2022ൽ ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ പാക്കിസ്ഥാൻ നന്നായി കളിച്ചു. എന്നാൽ അവസാന നിമിഷം ഇന്ത്യയാണ് വിജയിച്ചത്. സിംബാബ്വെയ്ക്കെതിരായ തോൽവിയാണ് ഏറ്റവും വേദനിപ്പിക്കുന്നത്. അതിന് മുമ്പ് പാക്കിസ്ഥാൻ ടീമിനെ പ്രകീർത്തിച്ച് ആരാധകർ രംഗത്തെത്തിയിരുന്നു. ടീമിന്റെ പോരാട്ടവും മികവും എടുത്ത് പറഞ്ഞതായി ബാബർ വ്യക്തമാക്കി. എന്നാൽ ബാബർ അസമിന്റെ അഭ്യർത്ഥനയ്ക്ക് പിന്നാലെ ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്ക് എതിരെ പാക് ആരാധകർ നടത്തിയ അധിക്ഷേപം വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.

ഇന്ത്യൻ നായകൻ രോഹിത് ശർമയെ അധിക്ഷേപിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ പാക്കിസ്ഥാൻ ആരാധകർ പങ്കുവച്ച മോർഫ് ചെയ്ത ചിത്രങ്ങളാണ് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുന്നത്. ബോഡി ഷെയിം നടത്തിയാണ് പാക് ആരാധകരുടെ പരിഹാസം. കുടവയറുമായി ഗ്രൗണ്ടിൽ നിൽക്കുന്ന രോഹിത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ പേജുകളിൽ പ്രചരിപ്പിക്കുന്നത്.

ഇന്ത്യൻ നായകൻ ഗർഭിണിയാണോ എന്ന തലക്കെട്ടോടെയാണ് പ്രചരണം. ബംഗ്ലാദേശിനെതിരെയുള്ള സന്നാഹ മത്സരത്തിനിടെയുള്ള ചിത്രങ്ങളാണ് പ്രചരിപ്പിക്കുന്നത്. ഫീൾഡ് സെറ്റ് ചെയ്യുന്നതിന്റെ വീഡിയോയിൽ നിന്ന് ക്രോപ്പ് ചെയ്ത ചിത്രങ്ങളാണ് എഡിറ്റ് ചെയ്താണ് പ്രചരിക്കുന്നത്. ഇത് പലരീതിയിൽ പാക്കിസ്ഥാൻ ആരാധകരും പേജുകളും എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നുണ്ട്.

കുടവയറിൽ ധോണിയുടെ തലയും നവജാത ശിശുവിന്റെ ചിത്രങ്ങളും എഡിറ്റ് ചെയ്ത് ചേർത്തുമാണ് ഇവ പ്രചരിപ്പിക്കുന്നത്. അധിക്ഷേപ കമന്റുകളും പങ്കുവയ്ക്കുന്നവരും ചുരക്കമല്ല.