ന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പിനായി അമേരിക്കയിലെത്തിയ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം വിവാദത്തിൽ. ആരാധകരിൽ നിന്ന് 25 ഡോളർ വീതം പ്രവേശന ഫീസ് മേടിച്ച് പാക് താരങ്ങൾക്ക് ഒപ്പം അത്താഴവിരുന്ന് നടത്തിയ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിനെതിരെ രൂക്ഷ വിമർശനം. പാക്കിസ്ഥാൻ താരങ്ങളെ നേരിൽ കാണാനും അവർക്ക് ആശംസയറിയിക്കാനും എന്ന പേരിലായിരുന്നും ഫീസ് ഈടാക്കി അത്താഴവിരുന്ന് സംഘടിപ്പിച്ചത്. പരിപാടിക്കെത്തുന്നവരിൽ നിന്ന് 25 അമേരിക്കൻ ഡോളർ വീതം ഫീസ് ഈടാക്കിയായിരുന്നു പ്രവേശനം.

പാക്കിസ്ഥാൻ ആരാധകർക്ക് താരങ്ങൾക്കൊപ്പം ഡിന്നർ കഴിക്കാനുള്ള അവസരമാണ് പിസിബി ഒരുക്കിയത്. അത്താഴവിരുന്നിൽ പങ്കെടുക്കാൻ ഒരാൾക്ക് 25 ഡോളറായിരുന്നു ഫീസ്. സംഭവം ചർച്ചയായതോടെ വൻ വിവാദമാണ് ഉയരുന്നത്. സൗജന്യമായോ, ചാരിറ്റിക്കു വേണ്ടിയോ അല്ലാതെ പണമുണ്ടാക്കാൻ പാക്ക് ക്രിക്കറ്റ് ബോർഡ് താരങ്ങളെ ഉപയോഗിച്ചെന്നാണു പരാതി.

പാക്കിസ്ഥാൻ മുൻ താരം റാഷിദ് ലത്തീഫ് പാക്ക് ബോർഡിനെതിരെയും താരങ്ങൾക്കെതിരെയും രൂക്ഷവിമർശനമാണ് ഉയർത്തിയത്. ഞെട്ടിക്കുന്ന കാര്യമാണു സംഭവിച്ചതെന്ന് റാഷിദ് ലത്തീഫ് പ്രതികരിച്ചു. "ഇവിടെ ഔദ്യോഗിക അത്താഴ വിരുന്നുകൾ നടത്താറുണ്ട്. പക്ഷേ ഇതൊരു സ്വകാര്യപരിപാടിയാണ്. ആർക്കാണ് ഇതു ചെയ്യാൻ സാധിക്കുക. ഞെട്ടിക്കുന്ന കാര്യമാണു നടന്നിരിക്കുന്നത്. താരങ്ങളെ താരങ്ങളായി തന്നെ സംരക്ഷിക്കുക." റാഷിദ് ലത്തീഫ് ഒരു ചർച്ചയിൽ വ്യക്തമാക്കി.

ഔദ്യോഗിക അത്താഴവിരുന്നായിട്ടല്ല പരിപാടി സംഘടിപ്പിച്ചതെന്നും ആരാധകരിൽ നിന്ന് 25 ഡോളർ വീതം പ്രവേശനഫീസ് ഇടാക്കി അത്താഴവിരുന്ന് സംഘടിപ്പിച്ചവരോട് ദൈവം പൊറുക്കട്ടെ എന്നും റഷീദ് ലത്തീഫ് എക്‌സ് പോസ്റ്റിൽ പറഞ്ഞു. മറ്റൊരു ടീമും ഇത്തരത്തിൽ ചെയ്യില്ലെന്നും എന്തെങ്കിലും പ്രശ്‌നം ഉണ്ടാവുകയായിരുന്നെങ്കിൽ ആരാകും ഇതിനൊക്കെ മറുപടി പറയുകയെന്നും റഷീദ് ലത്തീഫ് ചോദിച്ചു.

ചാരിറ്റി ഡിന്നറുകൾ നടത്തുന്നതു മനസ്സിലാക്കാം, പക്ഷേ ഫീസ് വച്ച് സ്വകാര്യ ഡിന്നറുകൾ സംഘടിപ്പിക്കുന്നത് അതിരുകടന്നതായിപ്പോയെന്നും റാഷിദ് ലത്തീഫ് പ്രതികരിച്ചു. "ഞങ്ങളുടെ കാലത്തും രണ്ടോ, മൂന്നോ അത്താഴ വിരുന്നുകളിലൊക്കെ പങ്കെടുത്തിട്ടുണ്ട്. പക്ഷേ അതൊക്കെ ഔദ്യോഗികമായിരുന്നു. ഇതു വളരെ വ്യത്യസ്തമായൊരു കാര്യമാണ്. ഇവിടെ ലോകകപ്പാണു നടക്കുന്നത്. അതുകൊണ്ട് താരങ്ങൾ സൂക്ഷിച്ച് കാര്യങ്ങൾ ചെയ്യണം. ഇത്തരം തെറ്റുകൾ ഇനി ആവർത്തിക്കരുത്." റാഷിദ് ലത്തീഫ് പറഞ്ഞു.

സന്നദ്ധ പ്രവർത്തനത്തിന് ഫണ്ട് കണ്ടെത്താനായി കളിക്കാർക്കൊപ്പം അത്താഴവിരുന്ന് സംഘടിപ്പിച്ചാൽ അത് മനസിലാവുമെന്നും എന്നാൽ സ്വകാര്യചടങ്ങായി നടത്തിയത് തനിക്ക് ഉൾക്കൊള്ളാനാവുന്നില്ലെന്നും ലത്തീഫ് വ്യക്തമാക്കി. നാളെ എത്ര പൈസ നൽകിയാൽ കൂടെ വരാനാകുമെന്ന് പാക് കളിക്കാരോട് ആരെങ്കിലും ചോദിച്ചാൽ എന്ത് മറുപടി നൽകും. തന്റെ കാലത്തും ഇത്തരത്തിൽ അത്താഴവിരുന്നുകൾ നടത്തിയിട്ടുണ്ടെങ്കിലും അതെല്ലാം ഔദ്യോഗിക ചടങ്ങുകളായിരുന്നുവെന്നും ഇത്തരം അബദ്ധങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ പാക്കിസ്ഥാൻ ശ്രദ്ധിക്കേണ്ടിയിരിക്കുന്നുവെന്നും ലത്തീഫ് വ്യക്തമാക്കി.