ന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പിലെ ആദ്യ മൽസരത്തിനായി അയർലൻഡിനെതിരെ ഇന്ത്യ ഇന്ന് ഇറങ്ങാനിരിക്കെ മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് മലയാളി താരം സഞ്ജു സാംസൺ. ബിസിസിഐ പങ്കുവച്ച ഒരു വീഡിയോ അഭിമുഖത്തിലാണ് സഞ്ജു തികഞ്ഞ ആത്മവിശ്വാസം താരം പ്രകടിപ്പിച്ചത്. തന്റെ കരിയറിൽ ഇതുവരെ ശേഖരിച്ച എല്ലാ അനുഭവങ്ങളും ഇന്ത്യയുടെ ട്വന്റി 20 ലോകകപ്പ് പോരാട്ടങ്ങളിൽ ഉപയോഗപ്പെടുത്താനാവുമെന്ന് അദ്ദേഹം കരുതുന്നു.

വളരെയേറെ തയ്യാറെടുപ്പുകളോടെയാണ് താൻ ട്വന്റി20 ലോകകപ്പ് കളിക്കാൻ യുഎസിലെത്തിയിരിക്കുന്നതെന്ന് സഞ്ജു സാംസൺ പറയുന്നു. അയർലൻഡിനെതിരായ മത്സരത്തിനു മുൻപ് ബിസിസിഐയുടെ വിഡിയോയിൽ സംസാരിക്കവെയാണ് സഞ്ജു വർഷങ്ങളായുള്ള അധ്വാനത്തിന്റെ കഥ പറഞ്ഞത്. 2024 ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനു വേണ്ടി അഞ്ച് അർധ സെഞ്ചറികളുൾപ്പെടെ 531 റൺസ് സഞ്ജു അടിച്ചെടുത്തിരുന്നു.

പത്ത് വർഷത്തെ പരാജയങ്ങളും കുറച്ച് വിജയങ്ങളും തനിക്ക് വലിയ അനുഭവങ്ങളായിരുന്നുവെന്ന് സഞ്ജു പറയുന്നു. ലോകകപ്പിന് മുന്നോടിയായി കഴിയുന്നത്ര മികച്ച രീതിയിൽ തയ്യാറെടുത്തിട്ടുണ്ടെന്നും അദ്ദേഹം കരുതുന്നു. 'യഥാർത്ഥത്തിൽ ലോകകപ്പിൽ ഇറങ്ങുന്ന സഞ്ജു സാംസണാണ് ഏറ്റവും സജ്ജമായ അല്ലെങ്കിൽ പരിചയസമ്പന്നനായ സഞ്ജു സാംസൺ. 10 വർഷത്തെ ഒത്തിരി പരാജയങ്ങൾ, അവിടെയും ഇവിടെയും ചില വിജയങ്ങൾ, ജീവിതവും ക്രിക്കറ്റും ഈ നിർണായക ടൂർണമെന്റിന് മുമ്പ് അറിയേണ്ടതെല്ലാം എന്നെ പഠിപ്പിച്ചു"-സഞ്ജു പറഞ്ഞു.

"പരമാവധി തയ്യാറെടുപ്പുകളും അനുഭവ പരിചയവുമായാണു ഞാൻ ലോകകപ്പിനെത്തിയിരിക്കുന്നത്. കുറേയേറെ തോൽവികൾ ഏറ്റു വാങ്ങിയ പത്തുവർഷക്കാലം. കുറച്ചു വിജയങ്ങളും സ്വന്തമാക്കി. ക്രിക്കറ്റ് ജീവിതം ഞാൻ അറിയേണ്ടതെല്ലാം എന്നെ പഠിപ്പിച്ചു. ലോകകപ്പ് ടീമിലേക്കുള്ള സിലക്ഷൻ തീർച്ചയായും വലിയ കാര്യമാണ്. എന്റെ കരിയറിൽ സംഭവിച്ചിട്ടുള്ളതിൽ ഏറ്റവും മികച്ച കാര്യമാണിത്."

"തോൽവിയാണെങ്കിലും പോസിറ്റീവായി അതിനെ നോക്കിക്കാണാനാണു ഞാൻ ആഗ്രഹിക്കുന്നത്. അപ്പോഴാണു കൂടുതൽ കാര്യങ്ങൾ പഠിക്കാൻ സാധിക്കുന്നത്. കരിയറിന്റെ തുടക്കത്തിൽ കൂടുതൽ വിജയങ്ങൾ നേടുമ്പോൾ ചില പാഠങ്ങൾ നിങ്ങൾ മനസ്സിലാക്കാതെ വിട്ടുപോകുകയാണു ചെയ്യുന്നത്. എനിക്ക് ഒരിക്കലും സ്വയം പ്രചോദിപ്പിക്കാൻ സാധിക്കില്ല. അങ്ങനെയൊരു സാഹചര്യത്തിലേക്കു കടന്നുചെല്ലുമ്പോഴും, രോഹിത് ശർമ, വിരാട് കോലി എന്നിവരെ കാണുമ്പോഴൊക്കെയാണ് അതു സംഭവിക്കുന്നത്."

"പ്രചോദനം ലഭിച്ചുകഴിഞ്ഞാൽ മുന്നോട്ടുപോക്ക് മാത്രമായിരിക്കണം ലക്ഷ്യം. കൂടുതൽ മത്സരങ്ങൾ ജയിക്കാൻ സഞ്ജു സാംസണ് ടീമിനെ എങ്ങനെയൊക്കെ സഹായിക്കാം എന്നതായിരിക്കണം ലക്ഷ്യം." സഞ്ജു കൂട്ടിച്ചേർത്തു. ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തിൽ ഓപ്പണറായി ഇറങ്ങിയ സഞ്ജു ഒരു റൺ മാത്രമെടുത്തു പുറത്തായിരുന്നു. സഞ്ജു സാംസണും ഋഷഭ് പന്തുമാണ് ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പർമാർ.