ന്യൂയോർക്ക്: ട്വ്ന്റി 20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ അയർലൻഡിനെതിരെ ഇന്ത്യക്ക് 97 റൺസ് വിജയലക്ഷ്യം. ന്യൂയോർക്ക്, നാസൗ കൗണ്ടി ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ അയർലൻഡിനെ ഇന്ത്യൻ പേസർമാർ വരിഞ്ഞുമുറുക്കുകയായിരുന്നു. അയർലൻഡ് 16 ഓവറിൽ കൂടാരം കയറി. 26 റൺസെടുത്ത ഗാരെത് ഡെലാനിയെ കൂടാതെ ലോർകാൻ ടക്കർ (10), കർട്ടിസ് കാംപെർ (12), ജോഷ്വാ ലിറ്റിൽ (14) എന്നിവർക്ക് മാത്രമാണ് ഐറിഷ് നിരയിൽ രണ്ടക്കം കടക്കാനായത്.

മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ഹാർദിക് പാണ്ഡ്യയും രണ്ട് വിക്കറ്റ് വീതം നേടിയ അർഷ്ദീപ് സിങ്ങും ജസ്പ്രീത് ബുംറയുമാണ് ഐറിഷ് നിരയെ എറിഞ്ഞിട്ടത്. ഇന്ത്യൻ ബൗളർമാർക്കെതിരേ മത്സരത്തിന്റെ ഒരു ഘട്ടത്തിൽ പോലും പിടിച്ചുനിൽക്കാൻ അയർലൻഡിനായില്ല. ഏഴാമനായി ബാറ്റിങ്ങിനെത്തി 14 പന്തിൽ നിന്ന് 26 റൺസെടുത്ത ഗാരെത് ഡെലാനിയാണ് അയർലൻഡിന്റെ ടോപ് സ്‌കോറർ. മൂന്ന് സിക്സറുകൾ മാത്രം പിറന്ന ഐറിഷ് ഇന്നിങ്സിൽ രണ്ട് സിക്സറുകൾ നേടിയത് ഡെലാനിയായിരുന്നു.

ബാറ്റിങ് ദുഷ്‌കമായ പിച്ചിൽ അർഷ്ദീപ് എറിഞ്ഞ മൂന്നാം ഓവറിൽ തന്നെ അയർലൻഡിന് പോൾ സ്റ്റെർലിങ് (2), ആൻഡ്ര്യൂ ബാൽബിർനി (5) എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായി. ഏഴാം ഓവറിലെ അവസാന പന്തിൽ ലോർകൻ ടക്കറേയും (10) അയർലൻഡിന് നഷ്ടമായി. ഹാരി ടെക്ടർ (4), ക്വേർടിസ് കാംഫർ (12), ജോർജ് ഡോക്ക്റെൽ (3), ബാരി മക്കാർത്തി (0), മാർക് അഡെയ്‌ര് (3) എന്നിവർക്കൊന്നും പിടിച്ചുനിൽക്കാൻ സാധിച്ചില്ല.

ജോഷ്വ ലിറ്റിൽ (14), ബെഞ്ചമിൻ വൈറ്റ് (1) എന്നിവരെ കൂട്ടുപിടിച്ച് ഗരെത് ഡെലാനി (27) നടത്തിയ പ്രകടനമാണ് അയർലൻഡിന് അൽപമെങ്കിലും ആശ്വാസമായത്. ഡെലാനി തന്നെയാണ് ടോപ് സ്‌കോറർ. റണ്ണൗട്ടായിരുന്നില്ലെങ്കിൽ 100നപ്പുറമുള്ള സ്‌കോർ അയർലൻഡിന് നേടാമായിരുന്നു. അർഷ്ദീപ് നാല് ഓവറിൽ 35 റൺസ് വിട്ടുകൊടുത്തു. ബുമ്ര മൂന്ന് ഓവറിൽ ആറ് റൺസ് മാത്രമാണ് വഴങ്ങിയത്. ഹാർദിക് നാല് ഓവറിൽ 27 റൺസ് വഴങ്ങി.

ഇന്ത്യ: രോഹിത് ശർമ്മ (ക്യാപ്റ്റൻ), വിരാട് കോഹ്ലി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), സൂര്യകുമാർ യാദവ്, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്.

അയർലൻഡ്: പോൾ സ്റ്റിർലിങ് (ക്യാപ്റ്റൻ), ആൻഡ്രൂ ബാൽബിർണി, ലോർക്കൻ ടക്കർ (വിക്കറ്റ് കീപ്പർ), ഹാരി ടെക്ടർ, കർട്ടിസ് കാംഫർ, ജോർജ്ജ് ഡോക്രെൽ, ഗാരെത് ഡെലാനി, മാർക്ക് അഡയർ, ബാരി മക്കാർത്തി, ജോഷ്വ ലിറ്റിൽ, ബെഞ്ചമിൻ വൈറ്റ്.