- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നായകന്റെ ഇന്നിങ്സുമായി രോഹിത്; അയർലൻഡിനെ കീഴടക്കി ഇന്ത്യ
ന്യൂയോർക്ക്: ട്വന്റി20 ലോകകപ്പിൽ അയർലൻഡിനെതിരെ എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം സ്വന്തമാക്കി ഇന്ത്യ. അയർലൻഡിനെ 16 ഓവറിൽ 96 റൺസിന് പുറത്താക്കിയ ഇന്ത്യ 12.2 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. ക്യാപ്റ്റൻ രോഹിത് ശർമയുടെ തകർപ്പൻ അർധ സെഞ്ചറിയാണ് ഇന്ത്യയുടെ ജയം അനായാസമാക്കിയത്. 37 പന്തുകൾ നേരിട്ട രോഹിത് 52 റൺസെടുത്താണു മടങ്ങിയത്. ട്വന്റി20 ക്രിക്കറ്റിൽ 4000 റൺസെന്ന നേട്ടവും അയർലൻഡിനെതിരായ മത്സരത്തിൽ രോഹിത് പിന്നിട്ടു.
വിരാട് കോലിക്ക് ലോകകപ്പിലെ ആദ്യ പോരാട്ടത്തിൽ തിളങ്ങാനായില്ല. അഞ്ചു പന്തുകൾ നേരിട്ട താരം ഒരു റൺ മാത്രമെടുത്താണു പുറത്തായത്. സൂര്യകുമാർ യാദവ് രണ്ടു റൺസെടുത്തും പുറത്തായി. അർധ സെഞ്ചറി പൂർത്തിയാക്കിയ രോഹിത് ശർമ റിട്ടയേർഡ് ഹർട്ടായാണു മടങ്ങിയത്. വൺഡൗണായി ഇറങ്ങിയ ഋഷഭ് പന്ത് 26 പന്തിൽ 36 റൺസെടുത്തു പുറത്താകാതെ നിന്നു.
പിച്ചിലെ അപ്രതീക്ഷിത ബൗൺസ് ബുദ്ധിമുട്ട് സൃഷ്ടിച്ച മത്സരത്തിൽ ക്യാപ്റ്റൻ രോഹിത് ശർമയുടെ അർധ സെഞ്ചുറിയാണ് ജയം എളുപ്പമാക്കിയത്. 37 പന്തുകൾ നേരിട്ട് 52 റൺസെടുത്ത രോഹിത് കൈക്ക് പന്തുകൊണ്ടതിനെ തുടർന്ന് റിട്ടയേർഡ് ഹർട്ടായി മടങ്ങുകയായിരുന്നു. മൂന്നു സിക്സും നാല് ഫോറുമടങ്ങുന്നതായിരുന്നു ക്യാപ്റ്റന്റെ ഇന്നിങ്സ്.
രോഹിത്തിനൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്ത വിരാട് കോലിക്ക് അഞ്ചു പന്തിൽ നിന്ന് ഒരു റൺ മാത്രമാണ് നേടാനായത്. പിന്നാലെ രണ്ടാം വിക്കറ്റിൽ ഒന്നിച്ച രോഹിത് - ഋഷഭ് പന്ത് സഖ്യം 54 റൺസ് ചേർത്ത് മത്സരം വരുതിയിലാക്കി. തുടർന്ന് 10-ാം ഓവറിനു ശേഷം രോഹിത് റിട്ടയേർഡ് ഹർട്ടായി മടങ്ങി. 26 പന്തിൽ നിന്ന് രണ്ടു സിക്സും മൂന്ന് ഫോറുമടക്കം 36 റൺസോടെ പുറത്താകാതെ നിന്ന പന്ത് 12-ാം ഓവറിലെ രണ്ടാം പന്ത് അതിർത്തി കടത്തി ഇന്ത്യയെ വിജയത്തിലെത്തിച്ചു. സൂര്യകുമാർ യാദവാണ് (2) പുറത്തായ മറ്റൊരു താരം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ അയർലൻഡ് 16 ഓവറിൽ 96 റൺസെടുത്തു പുറത്തായിരുന്നു. 14 പന്തിൽ 26 റൺസെടുത്ത ഗരെത് ഡെലാനിയാണ് അയർലൻഡ് നിരയിലെ ടോപ് സ്കോറർ. ലോർകൻ ടക്കർ (10), കേർട്ടിസ് കാംപർ (12), ജോഷ് ലിറ്റിൽ (14) എന്നിവരും രണ്ടക്കം കടന്നു. ഇന്ത്യയ്ക്കായി ഹാർദിക് പാണ്ഡ്യ മൂന്നു വിക്കറ്റുകൾ വീഴ്ത്തി. അർഷ്ദീപ് സിങ്, ജസ്പ്രീത് ബുമ്ര എന്നിവർ രണ്ടു വിക്കറ്റു വീതവും, മുഹമ്മദ് സിറാജും അക്ഷർ പട്ടേലും ഓരോ വിക്കറ്റും നേടി.
അയർലൻഡിന്റെ ഏഴു താരങ്ങൾ രണ്ടക്കം കാണാനാകാതെ മടങ്ങി. അയർലൻഡ് സ്കോർ ഏഴിൽ നിൽക്കെ ക്യാപ്റ്റൻ പോൾ സ്റ്റിർലിങ്ങിനെ പുറത്താക്കി അർഷ്ദീപ് സിങ്ങാണ് ഇന്ത്യയുടെ വിക്കറ്റു വേട്ടയ്ക്കു തുടക്കമിട്ടത്. മൂന്നാം ഓവറിലെ അവസാന പന്തിൽ ഓപ്പണർ ആൻഡി ബൽബേണിയെയും അർഷ്ദീപ് മടക്കി. പിന്നാലെയെത്തിയ ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിങ് എന്നിവർ വിക്കറ്റുകൾ പങ്കുവച്ചതോടെ അയർലൻഡ് സ്കോർ 96 ൽ ഒതുങ്ങി.