ഡല്ലാസ്: പാക്കിസ്ഥാൻ ടീമിന്റെ നായകസ്ഥാനം തിരിച്ചുപിടിച്ചെങ്കിലും ബാബർ അസമിനെ ട്വന്റി 20 ലോകകപ്പിൽ കാത്തിരിക്കുന്നത് ജീവൻ മരണ പോരാട്ടങ്ങൾ. ഇന്ത്യ ആതിഥേയത്വം വഹിച്ച ഏകദിന ലോകകപ്പിൽ പാക്കിസ്ഥാൻ സെമി കാണാതെ പുറത്തായതോടെ നായക സ്ഥാനം നഷ്ടമായ ബാബർ അസമിന് ട്വന്റി 20 ലോകകപ്പിന് തൊട്ടുമുമ്പാണ് ക്യാപ്റ്റൻ സ്ഥാനം തിരികെ ലഭിച്ചത്. എന്നാൽ ലോകകപ്പിലെ ആദ്യ പോരാട്ടത്തിന് ഇറങ്ങുംമുമ്പെ നായകനെതിരെ പാളയത്തിൽ പട ഒരുങ്ങിക്കഴിഞ്ഞു.

ഇഷ്ടക്കാരെ ടീമിലെടുക്കുന്നു എന്നത് മുതൽ ബാറ്റിങ്ങിലെ മെല്ലെപ്പോക്കിന് വരെ മറുപടി പറയേണ്ടതുണ്ട് ബാബറിന്. കഴിഞ്ഞ ഏകദിന ലോകകപ്പിൽ സെമിയിലെത്താതെ പുറത്തായിരുന്നു പാക്കിസ്ഥാൻ. ഗ്രൂപ്പിൽ അഫ്ഗാനിസ്ഥാനോടക്കം തോറ്റു. വലിയ വിമർശനങ്ങൾക്ക് പിന്നാലെ സ്ഥാനമൊഴിഞ്ഞു ബാബർ അസം. പേസർ ഷഹീൻ അഫ്രീദി ടിമീന്റെ വൈറ്റ് ബോൾ നായകനായി.

എന്നാൽ പ്രതീക്ഷയ്ക്കൊത്ത് ടീമിന് മുന്നേറാൻ സാധിക്കാതെ വന്നതോടെ ലോകകപ്പിന് മുന്നോടിയായി ഷഹീനിൽ നിന്ന അസമിലേക്ക് നായക സ്ഥാനം തിരികെയെത്തി. നായകനായെത്തിയ ബാബറിന് കീഴിൽ വൈസ് ക്യാപ്റ്റനാകാനില്ലെന്ന് ഷഹീൻ അഫ്രീദി നിലപാടെടുത്തു. ഇതോടെ ടീമിനുള്ളിൽ കാര്യങ്ങൾ അത്ര പന്തിയല്ലെന്ന് ആരാധകർക്കടക്കം മനസിലായി. ഏകദിന ലോകകപ്പിനിടെ ടീമിന്റെ തോൽവിയിൽ സഹതാരങ്ങളെ കുറ്റപ്പെടുത്തുന്ന ബാബറിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ബാബറിന്റെ വാക്കുകൾ ചോദ്യം ചെയ്യുന്ന ഷഹീനെയും വീഡിയോയയിൽ കാണാമിയിരുന്നു.

തിരിച്ചുവന്ന ബാബർ അസം തനിക്കിഷ്ടപ്പെട്ട താരങ്ങളെയാണ് ടീമിലേക്കെടുത്തതെന്ന് വ്യാപക വിമർശനമുണ്ട്. വിരമിച്ച താരങ്ങളെയടക്കം ടീമിലേക്ക് തിരികെയെത്തിച്ചു. അതിനിടെ ബാബർ അസം ടീമിൽ നടത്തുന്ന ഇടപെടലുകളെ വിമർശിച്ച് മുൻ താരം അഹ്‌മദ് ഷഹസാദ് രംഗത്തെത്തി. തന്റെ ഇഷ്ടക്കാരെ ടീമിലെത്തിക്കാനാണ് ബാബർ ശ്രമിക്കുന്നതെന്ന് ഷഹസാദ് ആരോപിച്ചു. ഏകദിന ലോകകപ്പിന് പിന്നാലെ നായക സ്ഥാനത്ത് നിന്നൊഴിവായ ബാബർ തൊട്ടടുത്ത ലോകകപ്പിന് മുമ്പ് വീണ്ടും നായകനായതിനേയും ഷഹസാദ് വിമർശിച്ചു.

ക്യാപ്റ്റൻസി വിവാദങ്ങൾക്കൊപ്പം ട്വന്റി 20യിലെ മെല്ലെപ്പോക്കും ബാബറിന് വിനയാണ്. സ്ട്രൈക്ക് റേറ്റ് സംബന്ധിച്ച ചോദ്യത്തിന് തുടക്കം മുതൽ ബൗണ്ടറികൾ കണ്ടെത്തുന്നതല്ല തന്റെ രീതിയെന്ന് ബാബർ പ്രതികരിച്ചിരുന്നു. സാഹചര്യങ്ങളോട് പൊരുത്തപ്പെടലാണ് ബാറ്ററെന്ന നിലയിൽ തന്റെ ഉത്തരവാദിത്തമെന്നും ബാബർ പറഞ്ഞിരുന്നു. നായകനെന്ന നിലയിലും ഓപ്പണിങ് ബാറ്ററെന്ന നിലയിലും ബാബർ അസമിന് ഏറെ നിർണായകമാണ് ഈ ലോകകപ്പ്.

ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ പാക്കിസ്ഥാൻ കനത്ത തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ കടുത്ത വിമർശനം ഉയർന്നിരുന്നു. വിക്കറ്റ് കീപ്പർ ബാറ്റർ അസം ഖാന്റെ മോശം പ്രകടനമായിരുന്നു വിമർശനത്തിന് ഇടയാക്കിയത്. മോശം ഫോം തുടരുന്ന താരങ്ങൾ ലോകകപ്പിലും ഇതേ പ്രകടനം ആവർത്തിക്കുമെന്നും ഇത് ടീമിന്റെ പ്രകടനത്തെ ബാധിക്കുമെന്നുമാണ് ആരാധകർ പറയുന്നത്.

മുൻ പാക്കിസ്ഥാൻ വിക്കറ്റ് കീപ്പർ മോയിൻ ഖാന്റെ മകനാണ് 25കാരൻ. ട്വന്റി 20 ലോകകപ്പിനുള്ള പാക്കിസ്ഥാൻ ടീമിൽ ഉൾപ്പെട്ട താരം കടുത്ത വിമർശനങ്ങളിലൂടെയാണ് കടന്നുപോകുന്നത്. 13 അന്താരാഷ്ട്ര ടി20 മത്സരങ്ങൾ കളിച്ച അസം ഇതുവരെ നേടിയത് വെറും 88 റൺസ് മാത്രമാണ്. 9.77 ശരാശരി. സ്‌ട്രൈക്ക് റേറ്റ് 135.38. മാത്രവുമാണ്.

എങ്ങനെയാണ് ഇത്രയും മോശം കണക്കുകളുള്ള ഒരു താരം പാക്കിസ്ഥാൻ ടീമിൽ തുടരുന്നതെന്നാണ് പാക് ആരാധകർ ചോദിക്കുന്നത്. ടി20 ലോകകപ്പിനുള്ള പാക് ടീമിൽ ഉൾപ്പെട്ടത് മോയീൻ ഖാന്റെ മകനായതുകൊണ്ട് മാത്രമാണെന്നാണ് ഒരു വാദം. നെപ്പോട്ടിസം, അത്ര തന്നെ. ആരാധകർ പരിഹസിക്കുന്നു.

മുഹമ്മദ് റിസ്വാനാണ് പാക്കിസ്ഥാൻ ടീമിലെ പ്രധാന വിക്കറ്റ് കീപ്പർ. റിസ്വാന് ലോകകപ്പിൽ കീപ്പറാവണമെന്നാണ് ആരാധകരും ആവശ്യപ്പെടുന്നത്. മോശം പ്രകടനം തുടർന്നിട്ടും മുൻ നായകന്റെ മകനായതിനാലാണ് താരം ടീമിലെത്തിയതെന്നുള്ള മുറുമുറുപ്പുകളും ശക്തമാണ്.

ആദ്യ മത്സരം ആതിഥേയരായ അമേരിക്കയ്ക്ക് എതിരെയാണ്. എന്നാൽ പാക്കിസ്ഥാൻ രണ്ടാമത് നേരിടുന്നതാകട്ടെ ചിരവൈരികളായ ഇന്ത്യയെയും. ഇന്ത്യക്കെതിരെ കടുത്ത പോരാട്ടത്തിന് ടീം അംഗങ്ങളുടെ പിന്തുണ ബാബർ അസമിന് കിട്ടുമോ എന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്. ടീമിനുള്ളിൽ ഭിന്നത രൂക്ഷമായാൽ പാക്കിസ്ഥാൻ ടീമിന്റെ മുന്നോട്ടുള്ള പ്രയാണം നിലച്ചേക്കും.

കീരീടവുമായാണ് മടങ്ങുന്നതെങ്കിൽ പ്രതിസന്ധികളെ അതിജീവിച്ച നാകനാവും ബാബർ അസം. നേരെ മറിച്ച് തിരിച്ചടിയാണെങ്കിൽ വീണ്ടുമൊരു രാജിയോ പുറത്താകലോ ആകാം ബാബറിനെ കാത്തിരിക്കുന്നത്.