ന്യൂയോർക്ക്: ഏകദിന ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിക്ക് എതിരെ തോൽവി വഴങ്ങി കിരീടം കൈവിട്ടത് ബോധ്യം വരാൻ തനിക്കു കുറച്ചു ദിവസങ്ങൾ വേണ്ടിവന്നതായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. തോൽവിയുടെ പിറ്റേന്ന് എല്ലാം ദുഃസ്വപ്നം മാത്രമല്ലേയെന്നു ഭാര്യ റിതിക സജ്ജേഷിനോടു ചോദിച്ചതായി രോഹിത് പ്രതികരിച്ചു. ഫൈനലിനു ശേഷം ക്യാമറകളിൽനിന്നു രക്ഷപെടാൻ ശ്രമിച്ചിരുന്നതായും രോഹിത് ഒരു രാജ്യാന്തര മാധ്യമത്തോടു പറഞ്ഞു.

കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ തോൽപിച്ച് ഓസ്‌ട്രേലിയ ആറാം കിരീടമുയർത്തിയിരുന്നു. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയെ തോൽപ്പിച്ചത് ഉൾപ്പെടെ തുടർച്ചയായ 10 വിജയങ്ങളുടെ പിൻബലത്തിലാണ് ടീം ഇന്ത്യ ഫൈനലിലെത്തിയത്. എന്നാൽ ഫൈനൽ മത്സരത്തിൽ ദയനീയ ബാറ്റിങ് പ്രകടനം കാരണം ഓസ്ട്രേലിയക്ക് 241 റൺസ് വിജയലക്ഷ്യം മാത്രമാണ് ഇന്ത്യക്ക് കുറിക്കാനായത്. ഓസ്‌ട്രേലിയ ആകട്ടെ ട്രാവിസ് ഹെഡിന്റെ സെഞ്ചുറിയുടെ പിൻബലത്തിൽ ജയിക്കുകയും ചെയ്തു.

"ലോകകപ്പ് ഫൈനലിനു ശേഷം അടുത്ത ദിവസം ഉറക്കം എഴുന്നേറ്റപ്പോൾ, തലേന്ന് എന്താണു സംഭവിച്ചതെന്ന് എനിക്ക് യാതൊരു ബോധ്യവും ഉണ്ടായിരുന്നില്ല. ഞാൻ ഇക്കാര്യം ഭാര്യയുമായി ചർച്ച ചെയ്തു. ഇന്നലെ നടന്നത് എന്തായാലും അതെല്ലാം ദുഃസ്വപ്നം മാത്രമല്ലേ എന്നായിരുന്നു ഭാര്യയോടു ചോദിച്ചത്. ഞങ്ങൾ ഫൈനലിൽ തോറ്റെന്നു തിരിച്ചറിയാൻ രണ്ടു, മൂന്നു ദിവസം വേണ്ടിവന്നു."

"ഫൈനലിനു മുൻപ്, മത്സരം തോൽക്കുന്ന കാര്യത്തെക്കുറിച്ചു ഞങ്ങൾ യാതൊരു തരത്തിലും ചിന്തിച്ചിരുന്നില്ല. മികച്ച രീതിയിൽ കളിച്ചിരുന്ന ഇന്ത്യ ലോകകപ്പ് ജയിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്തെങ്കിലും വേണമെന്നു നിങ്ങൾ വളരെയേറെ ആഗ്രഹിച്ചിട്ട്, അതു ലഭിച്ചില്ലെങ്കിൽ സങ്കടവും രോഷവുമെല്ലാം തോന്നും. ആ സമയത്ത് നിങ്ങളുടെ ജീവിതത്തിൽ എന്താണു നടക്കുന്നതെന്നു പോലും മനസ്സിലാകില്ല." രോഹിത് ശർമ പ്രതികരിച്ചു.

തോൽവിക്ക് ശേഷം ഭാര്യ റിതികയുമായുള്ള സംഭാഷണം രോഹിത് ശർമ്മ അനുസ്മരിച്ചു, അദ്ദേഹം പറഞ്ഞത് ഇങ്ങനെ

"ലോക കപ്പ് ഫൈനൽ കഴിഞ്ഞ് പിറ്റേന്ന് ഞാൻ ഉറക്കമുണർന്നപ്പോൾ, ഇന്നലെ രാത്രി എന്താണ് സംഭവിച്ചതെന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാൻ ഭാര്യയുമായി അതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു, ഞാൻ പറഞ്ഞു 'ഇന്നലെ രാത്രി സംഭവിച്ചതെല്ലാം ഒരു മോശം സ്വപ്നമായിരുന്നു, അല്ലേ? ഫൈനൽ നാളെയാണെന്ന് ഞാൻ കരുതുന്നു. .' ഞങ്ങൾ ഫൈനലിൽ തോറ്റെന്നും നാല് വർഷത്തിന് ശേഷം മാത്രമേ ഞങ്ങൾക്ക് മറ്റൊരു അവസരം ലഭിക്കൂവെന്നും മനസ്സിലാക്കാൻ എനിക്ക് രണ്ട് മൂന്ന് ദിവസമെടുത്തു," അഡിഡാസ് ഇന്ത്യയുമായുള്ള ആശയവിനിമയത്തിൽ രോഹിത് പറഞ്ഞു.

ട്വന്റി20 ലോകകപ്പിൽ രോഹിത് ശർമയ്ക്കു കീഴിൽ കളിക്കുന്ന ഇന്ത്യൻ ടീം ആദ്യ മത്സരത്തിൽ വിജയം നേടിയിരുന്നു. അയർലൻഡിനെതിരെ എട്ടു വിക്കറ്റ് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ജൂൺ ഒൻപതിന് പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.