ഡാലസ്: ട്വന്റി20 ലോകകപ്പിൽ കരുത്തുറ്റ പേസ് ബോളർമാരുടെ നിരയുമായെത്തിയിട്ടും തുടക്കക്കാരായ അമേരിക്കയോട് ആദ്യ മത്സരത്തിൽ പരാജയപ്പെട്ട പാക്കിസ്ഥാൻ ടീമിനെതിരെ കടുത്ത വിമർശനമാണ് ആരാധകർ ഉയർത്തുന്നത്. ക്രിക്കറ്റ് അധികം ജനപ്രിയമല്ലാത്ത യുഎസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് അവർ സ്വന്തമാക്കിയത്. ട്വന്റി20 ലോകകപ്പിനു തൊട്ടുമുൻപ് ബംഗ്ലാദേശിനെതിരെ ട്വന്റി20 പരമ്പര ജയിച്ചുകൊണ്ടാണ് യുഎസ് ആദ്യം ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്. എന്നാൽ മുൻ ചാമ്പ്യന്മാരെ അട്ടിമറിച്ചാണ് യുഎസ് ലോകകപ്പിലേക്കു വരവറിയിച്ചത്. ഇതോടെ മുൻ താരങ്ങൾ അടക്കം ബാബർ അസമിനും സംഘത്തിനുമെതിരെ വിമർശനവുമായി രംഗത്ത് വന്നു.

സൂപ്പർ ഓവറിൽ അമേരിക്കയോട് തോൽവി വഴങ്ങിയത് പാക് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാണക്കേടാണെന്ന് മുൻ താരം കമ്രാൻ അക്മൽ വിമർശിച്ചു. ഇതിലും വലിയ നാണക്കേട് ഇനി ഉണ്ടാവാനില്ല. അമേരിക്ക അത്യുജ്വലമായി കളിച്ചു. അവരുടെ പ്രകടനം കണ്ടാൽ തുടക്കക്കാരാണെന്ന് തോന്നുകയേയില്ല. അമേരിക്കയുടെ പ്രകടനം കണ്ടപ്പോൾ റാങ്കിംഗിൽ അവർ പാക്കിസ്ഥാനെക്കാൾ ഏറെ മുന്നിലാണെന്ന് തോന്നി. അത്രയും പക്വതയോടെയാണ് അവർ കളിച്ചതെന്നും അക്മൽ യുട്യൂബ് വിഡിയോയിൽ പറഞ്ഞു.

പാക്കിസ്ഥാന്റെ തോൽവി തീർത്തും നിരാശാജനകമാണെന്നും 1999ലെ ലോകകപ്പിൽ ബംഗ്ലാദേശിനോട് തോറ്റതിന് സമാനമാണ് ഇപ്പോഴത്തെ തോൽവിയെന്നും മുൻ താരം ഷൊയൈബ് അക്തർ പറഞ്ഞു. ഇന്നലത്തെ മത്സരത്തിൽ നിർഭാഗ്യവശാൽ പാക്കിസ്ഥാൻ ജയം അർഹിച്ചിരുന്നില്ല. കാരണം, അമേരിക്കയാണ് മികച്ച പ്രകടനം പുറത്തെടുത്തത്. അവർ ആധികാരിക പ്രകടനമാണ് പുറത്തെടുത്തത്. മുഹമ്മദ് ആമിറും ഷഹീൻ അഫ്രീദിയും മത്സരം തോൽക്കാതിരിക്കാൻ പരമാവധി പ്രകടനം പുറത്തെടുത്തു. പക്ഷെ പാക്കിസ്ഥാന് ജയം പിടിച്ചെടുക്കാനായില്ലെന്നും അക്തർ പറഞ്ഞു.

ഡാലസിലെ ഗ്രാൻഡ് പ്രെയ്‌റി സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാൻ ഏഴു വിക്കറ്റ് നഷ്ടത്തിൽ 159 റൺസാണു നേടിയത്. യുഎസിനായി നൊസ്തുഷ് കെൻജിഗെ മൂന്നും സൗരഭ് നേത്രാവൽക്കർ രണ്ടും വിക്കറ്റുകളും വീഴ്‌ത്തി. മറുപടി ബാറ്റിങ്ങിൽ യുഎസ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇന്നിങ്‌സിലെ അവസാന പന്തിൽ 159 റൺസിലെത്തി. ഇതോടെ മത്സരം സൂപ്പർ ഓവറിലേക്കു നീളുകയായിരുന്നു. ക്യാപ്റ്റൻ മോനക് പട്ടേൽ യുഎസിനായി അർധ സെഞ്ചറി തികച്ചു. 38 പന്തുകൾ നേരിട്ട പട്ടേൽ 50 റൺസാണു നേടിയത്. ആൻഡ്രീസ് ഗൗസ് (26 പന്തിൽ 35), ആരോൺ ജോൺസ് (26 പന്തിൽ 36) എന്നിവരും തിളങ്ങിയതോടെ യുഎസ് കളി സൂപ്പർ ഓവറിലേക്കു കൊണ്ടുപോയി.

സൂപ്പർ ഓവറിൽ ആതിഥേയരായ യുഎസാണ് ആദ്യം ബാറ്റു ചെയ്തത്. പേസർ മുഹമ്മദ് ആമിർ പന്തെറിയാനെത്തിയപ്പോൾ ആരോൺ ജോൺസും ഹർമീത് സിങ്ങും ബാറ്റിങ്ങിനിറങ്ങി. ആദ്യ പന്തു തന്നെ ബൗണ്ടറി കടത്തി ആരോൺ ജോൺസ് മികച്ച തുടക്കം സ്വന്തമാക്കി. രണ്ടാം പന്ത് മിഡ്‌വിക്കറ്റിലൂടെ ഫ്‌ളിക് ചെയ്ത് ജോൺസ് രണ്ട് റൺസ് ഓടിയെടുത്തു. മൂന്നാം പന്ത് സിംഗിൾ.

ആമിറിന്റെ അടുത്ത പന്ത് വൈഡായി. പക്ഷേ യുഎസ് താരങ്ങൾ ഒരു റൺ ഓടിയെടുത്തു. നാലാം പന്തിൽ വീണ്ടും ഒരു സിംഗിൾ. ആമിറിന്റെ അഞ്ചാം പന്തും വൈഡായെങ്കിലും യുഎസ് ഒരു ബൈ റൺസ് കൂടി നേടി. അടുത്ത പന്ത് നേരിട്ട ആരോൺ ജോൺസ് വീണ്ടും രണ്ടു റൺസ് ഓടിയെടുത്തു. അടുത്ത വൈഡിൽ യുഎസ് ബാറ്റർമാർ രണ്ട് ബൈറൺസ് കൂടി നേടി. അവസാന പന്തിൽ ഡബിൾ ഓടാനുള്ള നീക്കത്തിനിടെ ജോൺസ് റൺഔട്ടായി. മൂന്ന് വൈഡുകളാണ് ആമിർ സൂപ്പർ ഓവറിൽ എറിഞ്ഞത്. ഒരു ബൗണ്ടറി ഒഴിച്ചാൽ സിംഗിളുകളും ഡബിളുകളും ഓടി യുഎസ് ബാറ്റർമാർ 18 റൺസ് സ്വന്തമാക്കി.

മറുപടിയിൽ യുഎസിനായി പന്തെറിയേണ്ട ദൗത്യം സൗരഭ് നേത്രാവൽക്കറിനായിരുന്നു. ആദ്യ പന്ത് പാഴാക്കിയ പാക്ക് ബാറ്റർ ഇഫ്തിഖർ അഹമ്മദ് അടുത്ത പന്ത് ബൗണ്ടറി കടത്തി. അടുത്ത പന്ത് വൈഡായി. എന്നാൽ മൂന്നാം പന്തിൽ ഇഫ്തിഖറിനെ പുറത്താക്കി സൗരഭ് നേത്രാവൽക്കർ പാക്കിസ്ഥാനെ ഞെട്ടിച്ചു. പകരക്കാരനായി ഇറങ്ങിയ ഫീൽഡർ മിലിന്ദ് കുമാർ ലോങ് ഓഫിൽനിന്ന് ഏതാനും ചുവടുകൾ മുന്നോട്ടുവന്ന് തകർപ്പനൊരു ക്യാച്ച് കൈപ്പിടിയിലാക്കുകയായിരുന്നു. റീപ്ലേകൾ പരിശോധിച്ച ശേഷം തേർഡ് അംപയറാണ് ഔട്ട് നൽകിയത്.

പിന്നാലെ ശതാബ് ഖാൻ ബാറ്റിങ്ങിനെത്തി. അവസാന മൂന്ന് പന്തിൽ പാക്കിസ്ഥാന് ജയിക്കാൻ വേണ്ടത് 14 റൺസായിരുന്നു. നാലാം പന്ത് വൈഡായി. അടുത്ത പന്ത് ലെഗ് ബൈ ആയി ബൗണ്ടറിയിലേക്കു പോയി. അഞ്ചാം പന്തിൽ ശതാബ് രണ്ട് റൺസ് ഓടിയെടുത്തു. അവസാന പന്തിൽ പാക്കിസ്ഥാന് ജയിക്കാൻ ആവശ്യം ഏഴു റൺസ്. സിക്‌സടിച്ചാൽ മത്സരം മറ്റൊരു സൂപ്പർ ഓവറിലേക്കു നീങ്ങുമായിരുന്നു. എന്നാൽ ഒരു റൺ നേടാൻ മാത്രമാണു ശതാബ് ഖാനു സാധിച്ചത്.

ഇതോടെ യുഎസിന് സൂപ്പർ ഓവറിൽ അഞ്ച് റൺസ് വിജയം. ട്വന്റി20 ലോകകപ്പിലെ ആദ്യത്തെ അട്ടിമറി ഡാലസിൽ സംഭവിച്ചു. ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ കാനഡയെ ഏഴു വിക്കറ്റിനു തോൽപിച്ച യുഎസ് ഇന്ത്യയുൾപ്പെടുന്ന എ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ്. രണ്ടു പോയിന്റുള്ള ഇന്ത്യ രണ്ടാം സ്ഥാനത്തുണ്ട്. ജൂൺ ഒൻപതിന് ഇന്ത്യ പാക്കിസ്ഥാനെ നേരിടും.

കഴിഞ്ഞ ടി20 ലോകകപ്പിലും ആദ്യ റൗണ്ടിൽ സിംബാബ്വെയോട് പാക്കിസ്ഥാൻ ഒരു റണ്ണിന് തോറ്റിരുന്നു. എന്നാൽ പിന്നീട് ഉജ്ജ്വലമായി തിരിച്ചുവന്ന പാക്കിസ്ഥാൻ ഫൈനലിലെത്തി. 1999ലും ആദ്യ റൗണ്ടിൽ ബംഗ്ലാദേശിനോട് തോറ്റെങ്കിലും പാക്കിസ്ഥാൻ ഫൈനൽ കളിച്ചിരുന്നു. ഇത്തവണ സൂപ്പർ എട്ടിലെത്തണമെങ്കിൽ അടുത്ത മത്സരത്തിൽ ഇന്ത്യക്കെതിരെ പാക്കിസ്ഥാന് ജയം അനിവാര്യമാണ്. ന്യൂയോർക്കിലെ അപ്രവചനീയ ബൗൺസുള്ള പിച്ചിലാണ് ഇനി പാക് പ്രതീക്ഷ. ഇന്ത്യ-പാക് മത്സരത്തിൽ ടോസും നിർണായകമാകുമെന്നാണ് കരുതുന്നത്.