ഡാലസ്: ട്വന്റി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ യുഎസിനെതിരെ ആദ്യ പന്തിൽ പൂജ്യത്തിനു പുറത്തായി മടങ്ങുന്നതിനിടെ ആരാധകരോടു കയർത്ത് പാക്കിസ്ഥാൻ ബാറ്റർ അസം ഖാൻ. വ്യാഴാഴ്ച നടന്ന മത്സരത്തിൽ താരം ആദ്യ പന്തിൽ തന്നെ പുറത്തായിരുന്നു. നൊസ്തുഷ് കെൻജികെയുടെ പന്തിൽ അസം ഖാൻ എൽബിഡബ്ല്യു ആകുകയായിരുന്നു. ഡ്രസിങ് റൂമിലേക്കു മടങ്ങുന്നതിനിടെ ഗാലറിയിലെ ആരാധകരെ രൂക്ഷമായി നോക്കിയ അസം ഖാൻ ഉറക്കെ സംസാരിച്ചുകൊണ്ടാണു നടന്നത്. ആരാധകരിൽ ചിലർ അസം ഖാനോടു സംസാരിക്കുകയും ചെയ്യുന്നുണ്ട്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

പാക്കിസ്ഥാൻ ഇതിഹാസതാരം മൊയീൻ ഖാന്റെ മകനാണ് 25 വയസ്സുകാരനായ അസം ഖാൻ. ട്വന്റി20 ലോകകപ്പിനു മുൻപ് ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലും താരത്തിനു മികച്ച പ്രകടനം നടത്താൻ സാധിച്ചിരുന്നില്ല. താരത്തിന്റെ ഫിറ്റ്‌നസിന്റെ പേരിലും വ്യാപക വിമർശനം ഉയർന്നിരുന്നു. അസം ഖാൻ ശരീര ഭാരം പത്തു കിലോയെങ്കിലും കുറയ്ക്കണമെന്ന് പാക്കിസ്ഥാൻ മുൻ ക്യാപ്റ്റൻ സൽമാൻ ബട്ട് ആവശ്യപ്പെട്ടിരുന്നു.

13 അന്താരാഷ്ട്ര ടി20 മത്സരങ്ങൾ കളിച്ച അസം ഇതുവരെ നേടിയത് വെറും 88 റൺസ് മാത്രമായിരുന്നു. അയർലൻഡിനെതിരെ പുറത്താവാതെ നേടിയ 38 റൺസാണ് അസം ഖാന്റെ ഉയർന്ന സ്‌കോർ. 9.77 ശരാശരി. സ്ട്രൈക്ക് റേറ്റ് 135.38. എങ്ങനെയാണ് ഇത്രയും മോശം കണക്കുകളുള്ള ഒരു താരം പാക്കിസ്ഥാൻ ടീമിൽ തുടരുന്നതെന്ന് പാക് ആരാധകർ ചോദിച്ചിരുന്നു. ടി20 ലോകകപ്പിനുള്ള പാക് ടീമിൽ ഉൾപ്പെട്ടത് മോയീൻ ഖാന്റെ മകനായതുകൊണ്ട് മാത്രമാണെന്നാണ് ഒരു വാദം. നെപ്പോട്ടിസം, അത്ര തന്നെയെന്നായിരുന്നു ആരാധകർ വിമർശിച്ചത്.

സൂപ്പർ ഓവറിലേക്കു നീണ്ട നാടകീയ മത്സരത്തിൽ മുൻ ചാംപ്യന്മാരായ പാക്കിസ്ഥാനെ വീഴ്‌ത്തിയ നവാഗതരായ യുഎസ് ഈ ലോകകപ്പിലെ ആദ്യ അട്ടിമറി വിജയം സ്വന്തമാക്കിയിരുന്നു. സൂപ്പർ ഓവറിൽ ആദ്യം ബാറ്റു ചെയ്ത യുഎസ് 18 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിങ്ങിൽ പാക്കിസ്ഥാന് നേടാനായത് 13 റൺസ്. ഇന്ത്യൻ വംശജനായ പേസ് ബോളർ സൗരഭ് നേത്രാവൽക്കർ യുഎസിനായി സൂപ്പർ ഓവറിൽ തിളങ്ങിയപ്പോൾ 3 വൈഡ് അടക്കം 7 എക്‌സ്ട്രാ റൺ വഴങ്ങിയ ബോളർ മുഹമ്മദ് ആമിറിന്റെ ബോളിങ് പാക്കിസ്ഥാന് തിരിച്ചടിയായി.

നേരത്തേ ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാൻ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുത്തപ്പോൾ യുഎസിന്റെ മറുപടി 3 വിക്കറ്റ് നഷ്ടത്തിൽ 159 റൺസിൽ അവസാനിച്ചു. ജയിക്കാൻ 5 റൺസ് വേണ്ടിയിരുന്ന അവസാന പന്തിൽ ഫോർ നേടിയ യുഎസ് ബാറ്റർ നിതീഷ് കുമാറാണ് മത്സരം സൂപ്പർ ഓവറിലേക്കു നീട്ടിയത്. അർധ സെഞ്ചറി നേടിയ യുഎസിന്റെ ഇന്ത്യൻ വംശജനായ ക്യാപ്റ്റൻ മോനക് പട്ടേലാണ് (50) പ്ലെയർ ഓഫ് ദ് മാച്ച്. തുടർച്ചയായ രണ്ടാം ജയത്തോടെ എ ഗ്രൂപ്പിൽ പോയിന്റ് പട്ടികയിൽ യുഎസ് ഒന്നാംസ്ഥാനത്ത് എത്തി.