ഡാലസ്: ട്വന്റി 20 ലോകകപ്പിൽ അമേരിക്കയോടേറ്റ അപ്രതീക്ഷിത തോൽവിക്ക് പിന്നാലെ പാക്കിസ്ഥാനെതിരെ പന്തു ചുരണ്ടൽ ആരോപണവും. അമേരിക്കയ്ക്കെതിരായ മത്സരത്തിനിടെ പാക്കിസ്ഥാൻ താരങ്ങൾ നിരന്തരം പന്തിൽ ചുരണ്ടി സ്വാഭാവികത നഷ്ടപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് ദക്ഷിണാഫ്രിക്കൻ മുൻ താരമായിരുന്ന യു എസ് ടീം അംഗം യുവാൻ തെറോൺ ആരോപിച്ചു.

പുതിയ പന്തിൽ റിവേഴ്സ് സ്വിങ് ലഭിക്കാനാണ് ഇങ്ങനെ ചെയ്തതെന്നും തെറോൺ ആരോപിച്ചു. പാക് ഫാസ്റ്റ് ബൗളർ ഹാരിസ് റൗഫ് പന്തിന് മുകളിലൂടെ തള്ളവിരൽ കൊണ്ട് ചുരണ്ടി സ്വാഭാവികത മാറ്റാൻ ശ്രമിച്ചു. പാക്കിസ്ഥാൻ പന്തു ചുരണ്ടിയത് ഐസിസി കണ്ടില്ലെന്ന് നടിക്കുകയാണോ എന്നും തെറോൺ ചോദിച്ചു.

ലോകകപ്പിലെ അമേരിക്കക്കെതിരായ മത്സരത്തിൽ റൗഫ് പന്ത് ചുരണ്ടിയെന്നാണ് തെറോണിന്റെ പരാതി. ഐസിസിയെ ടാഗ് ചെയ്ത് സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് തെറോൺ ആരോപണം ഉന്നയിച്ചത്. അമേരിക്കക്കെതിരായ മത്സരത്തില നാലോവറിൽ 37 റൺസ് വഴങ്ങിയ റൗഫ് ഒരു വിക്കറ്റ് മാത്രമാണ് വീഴ്‌ത്തിയത്. മത്സരത്തിൽ ന്യൂബോൾ എറിയുന്നതിനിടെ ഹാരിസ് റൗഫ് നഖം ഉപയോഗിച്ച് പന്ത് ചുരണ്ടാൻ ശ്രമിച്ചുവെന്നും ഇതിലൂടെ കൂടുതൽ സ്വിങ് നേടാനായിരുന്നു റൗഫ് ശ്രമിച്ചതെന്നും തെറോൺ എക്‌സ് പോസ്റ്റിൽ പറഞ്ഞു.

എന്നാൽ അമേരിക്കൻ ടീം ഔദ്യോഗികമായി പരാതി നൽകിയിട്ടില്ലാത്തതിനാൽ തെറോണിന്റെ സോഷ്യൽ മീഡിയ പോസ്റ്റിന്റെ അടിസ്ഥാനത്തിൽ ഐസിസി അന്വേഷണമോ നടപടിയോ സ്വീകിരിച്ചിട്ടില്ല. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 159 റൺസടിച്ചപ്പോൾ 160 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അമേരിക്കയ്ക്ക് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുക്കാനെ കഴിഞ്ഞിരുന്നുള്ളു.

മത്സരം ടൈ ആയതോടെ സൂപ്പർ ഓവറിലേക്ക് നീണ്ട പോരാട്ടത്തിൽ ആദ്യം ബാറ്റ് ചെയ്ത യു എസ് 18 റൺസടിച്ചു. മുഹമ്മദ് ആമിർ എറിഞ്ഞ ഓവറിൽ വൈഡുകളും ലെഗ് ബൈയുമായി ഏഴ് റൺസാണ് പാക്കിസ്ഥാൻ വഴങ്ങിയത്. 19 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പാക്കിസ്ഥാന് ആദ്യ പന്തിൽ തന്നെ ഇഫ്തീഖർ അഹമ്മദ് ബൗണ്ടറി നേടി പ്രതീക്ഷ നൽകിയെങ്കിലും ഒരു വിക്കറ്റ് നഷ്ടത്തിൽ 13 റണ്‌സ് മാത്രമെ നേടാനായുള്ളു. ഇതോടെ അഞ്ച് റൺസിന്റെ ചരിത്രവിജയം അമേരിക്ക സ്വന്തമാക്കി.

വലംകയ്യൻ ബൗളറായ യുവാൻ തെറോൺ 2010-2012 കാലയളവിൽ ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി നാല് ഏകദിനവും ഒമ്പത് ടി 20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഐപിഎല്ലിൽ ഡെക്കാൺ ചാർജേഴ്സ്, കിങ്സ് ഇലവൻ പഞ്ചാബ് , രാജസ്ഥാൻ റോയൽസ് ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ലോകകപ്പിൽ സൂപ്പർ ഓവറിലാണ് അമേരിക്ക പാക്കിസ്ഥാനെ അട്ടിമറിച്ചത്.